നിശ്ചയദാര്‍ഢ്യമുള്ള ജനതയില്‍ രാജ്യഭാവി ശോഭനം: രാംനാഥ് കോവിന്ദ്

ന്യൂഡല്‍ഹി: നിശ്ചയദാര്‍ഢ്യമുള്ള ജനതയുടെ കരങ്ങളില്‍ രാജ്യത്തിന്റെ ഭാവി സുരക്ഷിതവും ശോഭനവുമാണെന്ന് സ്ഥാനമൊഴിയുന്ന രാഷ്ട്രപതി രാംനാഥ് കോവിന്ദ്. കഴിഞ്ഞ അഞ്ചുവര്‍ഷവും കടമകള്‍ നിര്‍വഹിക്കാന്‍ സമൂഹത്തിന്റെ സമസ്ത കോണുകളില്‍ നിന്നും പൂര്‍ണ സഹകരണവും പിന്തുണയും ആശിര്‍വാദവും ലഭിച്ചതായും പ്രഥമപൗരന്റെ കസേരയിലെ അവസാനദിനത്തില്‍ നടത്തിയ വിടവാങ്ങല്‍ പ്രസംഗത്തില്‍ അദ്ദേഹം പറഞ്ഞു.

ജനങ്ങള്‍ക്കും ജനപ്രതിനിധികള്‍ക്കും നന്ദി പ്രകാശിപ്പിച്ചുകൊണ്ടാണു രാഷ്ട്രപതി വികാരനിര്‍ഭരമായ വിടവാങ്ങല്‍ പ്രസംഗം ആരംഭിച്ചത്. രാജ്യത്ത് അങ്ങോളമിങ്ങോളം നടത്തിയ സന്ദര്‍ശനങ്ങള്‍ക്കിടെ സാധാരണക്കാര്‍ ഉള്‍പ്പെടെയുള്ളവരുമായി നടത്തിയ ഇടപഴകല്‍ പ്രചോദനാത്മകവും ഊര്‍ജം പ്രസരിപ്പിക്കുന്നതുമായിരുന്നു.

എല്ലാവരില്‍നിന്നും പൂര്‍ണ സഹകരണമാണു ലഭിച്ചത്. ഓരോ പൗരനും രാജ്യത്തെ ഉയരങ്ങളിലേക്കു നയിക്കാന്‍ ബദ്ധശ്രദ്ധനാണെന്നു സന്ദര്‍ശനങ്ങളില്‍ ബോധ്യമായി. അതുകൊണ്ടുതന്നെ രാജ്യത്തിന്റെ ഭാവി ശോഭനമാണെന്ന് ഉറപ്പുണ്ട്. സേനാവിഭാഗങ്ങളുമായി നടത്തിയ ഓരോ കൂടിക്കാഴ്ചയും ദേശസ്നേഹം ഊട്ടിയുറപ്പിക്കുന്നതും പ്രചോദിപ്പിക്കുന്നതുമായിരുന്നെന്നും അദ്ദേഹം വ്യക്തമാക്കി.

Share
അഭിപ്രായം എഴുതാം