റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

തിരുവനന്തപുരം : ജന്റം, സ്വിഫ്‌റ്റ്‌ ബസുകളെ ബൈപാസ്‌ റൈഡറുകളാക്കി കെ.എസ്‌.ആർ.ടി.സിയിൽ പുതിയ പരിഷ്‌കാരം.എ.സി ജന്റം ബസുകളെ ബൈപാസ്‌ റൈഡറുകളാക്കികൊണ്ടുള്ള ഉത്തരവ്‌ ഇന്നലെ ഇറങ്ങി. തിരുവനന്തപുരം-കോഴിക്കോട്‌ റൂട്ടിലെ കെ.എസ്‌.ആർ.ടി.സിയുടെയും സ്വിഫ്‌റ്റിന്റെയും ബസുകളാണ്‌ ആദ്യ ഘട്ടത്തിൽ ബൈപാസ്‌ റൈഡറുകളായി മാറിയിരിക്കുന്നത്‌. ഈ ബസുകൾ ഇനി ഡീലക്‌സ്‌ ബസുകളായിട്ടാകും ഓടുക. പുതിയ ഉത്തരവ്‌ അനുസരിച്ച്‌, സർവീസ്‌ ആരംഭിക്കുന്ന ബസ്‌ സ്‌റ്റാൻഡിലും സർവീസ്‌ തീരുന്ന ബസ്‌ സ്‌റ്റാൻഡിലും ഒഴികെയുള്ള ഒട്ടുമിക്ക ബസ്‌ സ്‌റ്റാൻഡുകളിലും ഈ ബസുകൾ കയറില്ല. എം.സി. റോഡിലെയും എൻ.എച്ചിലെയും പ്രധാന ജങ്‌ഷനുകളിലായിരിക്കും ഇനി ബസ്‌ നിർത്തുക. സമയ-ഇന്ധന ലാഭമാണ്‌ ഈ പരിഷ്‌കാരത്തിലൂടെ മാനേജ്‌മെന്റ്‌ ലക്ഷ്യമിടുന്നത്‌.

അതേസമയം, പുതിയ നീക്കം യാത്രക്കാർക്കും കെ.എസ്‌.ആർ.ടി.സിക്കും തിരിച്ചടിയാകുമെന്നും ഒട്ടുമിക്ക സ്‌റ്റാൻഡുകളും ആളില്ലാ സ്‌റ്റാൻഡുകളായി മാറുമെന്നും ആക്ഷേപമുയർന്നിട്ടുണ്ട്‌. ദീർഘദൂര യാത്രക്കാർക്കുമാത്രമാകും പുതിയ പരിഷ്‌കാരത്തിന്റെ നേട്ടമെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു. രാത്രിയിലടക്കം ബസ്‌ സ്‌റ്റാൻഡിൽ കാത്തുനിൽക്കുന്ന വനിതകളും പ്രായമായവരുമടക്കമുള്ള യാത്രക്കാർക്കു പ്രശ്‌നം സൃഷ്‌ടിക്കുന്നതാകും പുതിയ നീക്കം. ബസ്‌ സ്‌റ്റാൻഡുകളിലെ വ്യാപാരികളെയും ഇതു ദുരിതത്തിലാക്കും. വൻതുക വാടക കൊടുത്ത്‌ ബസ്‌ സ്‌റ്റാൻഡുകളിൽ വ്യാപാരസ്‌ഥാപനങ്ങൾ നടത്തുന്നവർക്കു കച്ചവടം കുറയും. ദീർഘദൂര യാത്രക്കാരാണ്‌ ഇത്തരം വ്യാപാര സ്‌ഥാപനങ്ങളെ ആശ്രയിക്കുന്നത്‌. ദീർഘദൂര യാത്രക്കാർ സ്‌റ്റാൻഡിലെത്താതെ വന്നാൽ കച്ചവടം കുറയും.

അതത്‌ സ്‌ഥലത്തെ യൂണിറ്റ്‌ അധികാരികളും സ്‌ക്വാഡ്‌ യൂണിറ്റ്‌ ഉദ്യോഗസ്‌ഥരും ഇത്തരം സ്‌റ്റോപ്പുകളിൽ നിന്നു യാത്രക്കാരെ സഹായിക്കണമെന്നാണ്‌ നിർദേശം. ബസ്‌ സ്‌റ്റോപ്പുകളുടെയും റിഫ്രെഷ്‌മെന്റ്‌ സമയവും ബസുകളിൽ പ്രദർശിപ്പിക്കും. എൻ.എച്ച്‌. വഴിയുള്ള ബസുകൾ തിരുവനന്തപുരം വിട്ടാൽ ആറ്റിങ്ങൽ, കരുനാഗപ്പള്ളി, വൈറ്റില ഹബ്‌, അങ്കമാലി, തൃശൂർ, കോഴിക്കോട്‌ സ്‌റ്റാൻഡുകളിൽമാത്രമാകും കയറുക. ചില ഫീഡർ സ്‌റ്റേഷനുകളിലും കയറും. ബാക്കി സ്‌ഥലങ്ങളിൽ ബസ്‌ സ്‌റ്റോപ്പുകളിൽമാത്രമാകും നിർത്തുക.എം.സി. റോഡിൽ തിരുവനന്തപുരത്തുനിന്നു വിട്ടാൽ ചടയമംഗലം, തിരുവല്ല, മൂവാറ്റുപുഴ, പെരുമ്പാവൂർ, അങ്കമാലി, തൃശൂർ കോഴിക്കോട്‌ സ്‌റ്റാൻഡുകളിലാകും നിർത്തുക.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *