റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

വിവിധ കാര്‍ഷിക ഉത്പന്നങ്ങള്‍ ഒരു കുടകീഴില്‍ ലഭ്യമാക്കി അരുവിക്കര ഗ്രാമ പഞ്ചായത്തില്‍ ഒരുക്കിയ ഞാറ്റുവേല ചന്ത ശ്രദ്ധേയമായി. അരുവിക്കര കൃഷിഭവന്റെ നേതൃത്വത്തില്‍ സംഘടിപ്പിച്ച ഞാറ്റുവേല ചന്തയും കര്‍ഷക സഭയും ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കളത്തറ മധു ഉദ്ഘാടനം ചെയ്തു. പഞ്ചായത്തില്‍ വിഷരഹിത ഭക്ഷ്യവസ്തുക്കളുടെ ഉത്പാദനവും വിപണനവും പ്രോത്സാഹിപ്പിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ വ്യാപകമാക്കുമെന്ന് പ്രസിഡന്റ് പറഞ്ഞു.

ഞാറ്റുവേല ചന്തയുടെ ഭാഗമായി കര്‍ഷകര്‍ ഉത്പാദിപ്പിച്ച പച്ചക്കറികള്‍, പഴവര്‍ഗങ്ങള്‍, മൂല്യവര്‍ധിത ഉത്പന്നങ്ങള്‍, അലങ്കാര ചെടികള്‍ എന്നിവ വില്‍പ്പനയ്ക്കായി എത്തിച്ചു. പഞ്ചായത്തിലെ കര്‍ഷകരില്‍ നിന്ന് സംഭരിച്ച തിലോപ്പിയ, ആസാം വാള തുടങ്ങിയ മത്സ്യങ്ങളും പയര്‍, മുരിങ്ങ, കാന്താരി മുളക്, തൊണ്ടന്‍ മുളക്, കത്തിരി, വഴുതന, തക്കാളി, വെണ്ട തുടങ്ങിയ പച്ചക്കറിയിനങ്ങളും പാളയംകോടന്‍, കപ്പ, ഏത്തന്‍ തുടങ്ങിയവയും വില്‍പ്പന നടത്തി. കര്‍ഷകര്‍ക്കായി പച്ചക്കറി തൈകള്‍, വിത്തുകള്‍, തെങ്ങിന്‍ തൈകള്‍, മറ്റു ഉത്പാദന വസ്തുക്കള്‍ എന്നിവയുടെ വിതരണവും ഉണ്ടായിരുന്നു. ജൈവ രീതിയില്‍ നിര്‍മ്മിച്ച ഉത്പന്നങ്ങളുടെ ഗുണമേന്മയും വിലക്കുറവും ഞാറ്റുവേല ചന്തയെ ഏറെ ജനപ്രിയമാക്കി.

അരുവിക്കര ഗ്രാമപഞ്ചായത്ത് അങ്കണത്തില്‍ നടന്ന പരിപാടിയില്‍ നെടുമങ്ങാട് ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ ഹരിലാല്‍ വി. ആര്‍, ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് മറിയകുട്ടി സി, മറ്റ് പഞ്ചായത്ത് അംഗങ്ങള്‍, അരുവിക്കര കൃഷി ഓഫീസര്‍ പ്രശാന്ത് ബി, ഉദ്യോഗസ്ഥര്‍, കാര്‍ഷിക വികസന സമിതി അംഗങ്ങള്‍, കുടുംബശ്രീ പ്രവര്‍ത്തകര്‍ തുടങ്ങിയവരും പങ്കെടുത്തു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *