റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

കണ്ടല സഹകരണ ബാങ്കിലും സഹകരണ ആശുപത്രിയിലും 75 പേരെ അനധികൃതമായി നിയമിച്ചതായി കണ്ടെത്തി

June 16, 2022 - 9:36 am

തിരുവനന്തപുരം: സഹകരണ വകുപ്പ് അന്വേഷണത്തിൽ 100 കോടി രൂപയുടെ ക്രമക്കേട് കണ്ടെത്തിയ തിരുവനന്തപുരം കണ്ടല സഹകരണ ബാങ്കിലും സഹകരണ ആശുപത്രിയിലും താൽക്കാലിക ജീവനക്കാരടക്കം 75 പേരെ അനധികൃതമായി നിയമിച്ചെന്ന് കണ്ടെത്തി. 25 കൊല്ലമായി പ്രസിഡൻറായി തുടരുന്ന ഭാസുരാംഗന്റെ മൂന്ന് അടുത്ത ബന്ധുക്കളെയും ജീവനക്കാരാക്കി. 15 വർഷത്തിനിടെ 22 കോടി രൂപ ജീവനക്കാർക്ക് അനർഹമായി ശമ്പളവും ആനുകൂല്യവും കൊടുക്കാൻ വിനിയോഗിച്ചതായി അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്.

സിപിഐ നേതാവായ ഭാസുരാംഗൻ പ്രസിഡന്റായ കണ്ടല സഹകരണ ബാങ്കിലും കണ്ടല സഹകരണ ആശുപത്രിയിലുമായി നിരവധി അനധികൃത നിയമനങ്ങളാണ് സഹകരണ വകുപ്പ് അന്വേഷണത്തിൽ കണ്ടെത്തിയത്. സഹകരണ ബാങ്കിൽ മാത്രം രണ്ട് സ്ഥിര നിയമനം അടക്കം 31 പേരെയാണ് നിയമവും ചട്ടവും ലംഘിച്ച് നിയമിച്ചത്. കണ്ടല സഹകരണ ആശുപത്രിയിൽ തസ്തികയ്ക്ക് അനുമതി കിട്ടുന്നതിന് മുമ്പ് തന്നെ നിയമനം നടന്നു കഴിഞ്ഞു. താൽക്കാലികക്കാർ അടക്കം 45 പേരെയാണ് കണ്ടല സഹകരണ ആശുപത്രിയിൽ അനധികൃതമായി നിയമിച്ചതെന്ന് അന്വേഷണത്തിൽ കണ്ടെത്തി. പിന്നെ പ്രൊമോഷനും സ്ഥിരപ്പെടുത്തലും പലതും മാനദണ്ഡമൊന്നും പാലിക്കാതെയാണെന്നും റിപ്പോർട്ട് പറയുന്നു. ഇതിനിടയിൽ പ്രസിഡണ്ട് ഭാസുരാംഗന്റെ ജ്യേഷഠന്റെ മകൻ അഖിലേഷും അഖിലേഷിൻറെ ജ്യേഷഠന്റെ ഭാര്യയും ഭാസുരാംഗന്റെ അളിയന്റെ ഭാര്യയും നിയമനം നേടി. സമീപകാലത്ത് സെക്രട്ടറിയായി വിരമിച്ച രണ്ട് പേരുടെയും മക്കൾക്കും ബാങ്കിൽ ജോലിയുണ്ട്. എന്നാൽ നിയമനത്തിനായി രജിസ്ട്രാർക്ക് അപേക്ഷിച്ചാൽ അനുമതി കിട്ടാത്തത് കൊണ്ടാണ് നിയമിക്കേണ്ടി വന്നതെന്ന വിചിത്ര വാദമാണ് ഭാസുരാംഗൻ മുന്നോട്ട് വെക്കുന്നത്.

വർഷങ്ങളായി ബാങ്ക് റീ ക്ലാസിഫൈ ചെയ്യാത്ത് കൊണ്ട് ഇപ്പോഴും ക്ലാസ് ഒന്നായാണ് പ്രവർത്തിക്കുന്നത്. യഥാർത്ഥത്തിൽ ബാങ്ക് ക്ലാസ് അഞ്ചിൽ ആവേണ്ടതാണ്. പക്ഷേ ക്ലാസ് ഒന്നിലുള്ള കൂടിയ ശമ്പളമാണ് ജീവനക്കാർക്ക് കൊടുത്തുവരുന്നത്. ഇങ്ങനെ കൊടുക്കുന്ന ശമ്പളവും ചട്ടം ലംഘിച്ച് നിയമിച്ചവർക്കും അടക്കം ഇതുവരെ 22 കോടി രൂപ അധികമായി ശമ്പളയിനത്തിൽ ബാങ്കിന് കൊടുക്കേണ്ടി വന്നെന്നാണ് അന്വേഷണത്തിൽ കണ്ടെത്തിയത്

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *