റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

തിരുവനന്തപുരം: മുഖ്യമന്ത്രിക്കെതിരെ വിമാനത്തിൽ വച്ച് നടന്ന പ്രതിഷേധത്തിൽ നടപടിയുമായി പോലീസ്. മൂന്ന് യൂത്ത് കോൺഗ്രസ് പ്രവർത്തകർക്കെതിരെ വധശ്രമ കേസെടുത്തു. യൂത്ത് കോൺഗ്രസ് മട്ടന്നൂർ ബ്ലോക്ക് പ്രസിഡണ്ട് ഫർസീൻ മജീദ്, ജില്ലാ സെക്രട്ടറി ആർ കെ നവീൻ അടക്കമുള്ളവർക്കെതിരെയാണ് കേസ്. ഇവർക്കെതിരെ വധശ്രമം, ഔദ്യോഗിക ഡ്യൂട്ടി തടസ്സപ്പെടുത്തൽ, എയർക്രാഫ്റ്റ് സുരക്ഷയെ ബാധിക്കുന്ന അതിക്രമം എന്നീ വകുപ്പുകളാണ് ചുമത്തിയത്.

വിമാനത്തിനുള്ളിൽ വെച്ച് ശാരീരികമായും, വാക്കുകൾ കൊണ്ടും ഒരാൾ ഉപദ്രവിക്കാൻ ശ്രമിച്ചുവെന്ന് വ്യക്തമായാൽ ഷെഡ്യൂൾ 6 പ്രകാരം ഒരു വർഷം കഠിന തടവോ, അഞ്ച് ലക്ഷം രൂപ പിഴയോ, അല്ലെങ്കിൽ രണ്ടും കൂടിയോ അനുഭവിക്കേണ്ടിവരും. ഇത്തരത്തിൽ വാക്കുകളാൽ മറ്റ് യാത്രക്കാരെ ഉപദ്രവിക്കുന്നവരെ മൂന്നുമാസം വിമാനയാത്രയിൽ നിന്ന് വിലക്കാം. മറ്റുള്ളവരെ ശാരീരികമായി ഉപദ്രവിക്കുന്നവരെ ആറുമാസവും വിലക്കാം. ഇന്ത്യൻ എയർക്രാഫ്റ്റ് റൂൾ പ്രകാരം വിമാനത്തിൽ ഒരാള്‍ മറ്റ് ആരെയും ഉപദ്രവിക്കുകയോ, ഭീഷണിപ്പെടുത്തുകയോ ചെയ്യുന്നതിന് വിലക്കുണ്ട്.

മുഖ്യമന്ത്രിയുടെ ഗൺമാൻ അനിലിന്റെ മൊഴിയുടെയും, ഇൻഡിഗോ ഗ്രൗണ്ട് മാനേജറുടെ കത്തിന്റെയും അടിസ്ഥാനത്തിലാണ് കേസെടുത്തത്. സംഭവത്തിലെ വീഡിയോ ദൃശ്യങ്ങളും പുറത്തുവന്നിരുന്നു. മുഖ്യമന്ത്രി രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് പ്രവർത്തകർ മുദ്രാവാക്യം വിളിക്കുകയും ഇവരെ തള്ളുന്നതും ആണ് വീഡിയോയിൽ ഉള്ളത്. എൽഡിഎഫ് കൺവീനർ ഇ പി ജയരാജൻ ആണ് പ്രവർത്തകരെ തള്ളിയത്. വിമാനത്തിൽ കയറുന്നതിനുമുമ്പ് പ്രവർത്തകരെ പോലീസ് ചോദ്യംചെയ്തിരുന്നു. മറ്റു പ്രശ്നങ്ങൾ ഉണ്ടാകില്ലെന്ന ബോധ്യമായതോടെയാണ് വിമാനത്തിൽ കയറാൻ ഇവർക്ക് അനുമതി നൽകിയത്. മുഖ്യമന്ത്രിക്കെതിരായ പ്രതിഷേധത്തിന് പിന്നാലെ സംസ്ഥാന വ്യാപകമായി വലിയ സംഘർഷങ്ങളാണ് റിപ്പോർട്ട് ചെയ്യുന്നത്. നിരവധി കോൺഗ്രസ് ഓഫീസുകൾക്ക് നേരെ ആക്രമണമുണ്ടായി. പലയിടത്തും കോൺഗ്രസ് – സിപിഎം പ്രവർത്തകർ ഏറ്റുമുട്ടി.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *