വാതില്‍പ്പടി’ സേവനത്തിന് അളഗപ്പനഗര്‍ പഞ്ചായത്തില്‍ തുടക്കം

സംസ്ഥാന സര്‍ക്കാരിന്റെ അഭിമാനപദ്ധതിയായ ‘വാതില്‍പ്പടി’ സേവനത്തിന് അളഗപ്പനഗര്‍ പഞ്ചായത്തില്‍ തുടക്കമായി. അളഗപ്പനഗര്‍ പഞ്ചായത്തിലെ 
ഒന്നാം വാര്‍ഡില്‍ വാലിപ്പറമ്പില്‍ രാമകൃഷ്ണന്റെ കെ വൈ സി രജിസ്‌ട്രേഷന്‍ നടത്തിയായിരുന്നു പദ്ധതിക്ക് തുടക്കം കുറിച്ചത്. ഒരു വര്‍ഷമായി കിടപ്പു രോഗിയാണ് രാമകൃഷ്ണന്‍. നിര്‍ദ്ദിഷ്ട ഫോട്ടോ ഐഡി (പാന്‍ കാര്‍ഡ്, ആധാര്‍ കാര്‍ഡ്), വിലാസം, ഫോണ്‍ നമ്പര്‍ എന്നിങ്ങനെയുള്ള രേഖകളിലൂടെയും ഇന്‍-പേഴ്‌സണ്‍ വെരിഫിക്കേഷനിലൂടെയും ഏകീകൃതമായ വിശദാംശങ്ങള്‍ ശേഖരിക്കലാണ് കെ വൈ സി. പ്രായാധിക്യം, ഗുരുതരരോഗം, അതിദാരിദ്ര്യം തുടങ്ങിയ വിവിധ കാരണങ്ങളാല്‍ അവശത അനുഭവിക്കുന്നവര്‍ക്കും അറിവില്ലായ്മയാലും മറ്റു പ്രശ്‌നങ്ങളാലും അടിസ്ഥാന സര്‍ക്കാര്‍ സേവനങ്ങള്‍ യഥാസമയം ലഭ്യമാകാതിരിക്കുകയും ചെയ്യുന്ന ജനവിഭാഗങ്ങള്‍ക്കും വീട്ടുപടിക്കല്‍ സര്‍ക്കാര്‍ സേവനങ്ങളും ജീവന്‍ രക്ഷാ മരുന്നുകളും എത്തിക്കാന്‍ ലക്ഷ്യമിടുന്ന പദ്ധതിയാണ് വാതില്‍പ്പടി സേവനം. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്കാണ് പദ്ധതിയുടെ നിര്‍വ്വഹണ മേല്‍നോട്ട ചുമതല.

വാതില്‍പ്പടി സേവനം അളഗപ്പനഗര്‍ പഞ്ചായത്ത്തല ഉദ്ഘാടനം പ്രസിഡന്റ് പ്രിന്‍സന്‍ തയ്യാലയ്ക്കല്‍ നിര്‍വഹിച്ചു. വൈസ് പ്രസിഡന്റും ഒന്നാം വാര്‍ഡ് ആമ്പല്ലൂര്‍ മെമ്പറുമായ രാജേശ്വരി, മെമ്പര്‍മാരായ പ്രിന്‍സ്, പ്രീജു, പഞ്ചായത്ത് സെക്രട്ടറി ഹബീബ് വി എച്ച്, അക്ഷയ ഓഫീസര്‍ സോണി എന്നിവര്‍ പങ്കെടുത്തു.

Share
അഭിപ്രായം എഴുതാം