കൊച്ചി: കോൺഗ്രസ് നേതാവ് പി.ടി തോമസിന്റെ നിര്യാണത്തെ തുടർന്ന് ഒഴിവ് വന്ന തൃക്കാക്കര നിയമസഭാ മണ്ഡലത്തിലെ ഉപതിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചു. മെയ് 31ന് തിരഞ്ഞെടുപ്പ് നടക്കും. ജൂൺ മൂന്നിനാണ് വോട്ടെണ്ണൽ. 2022 ഏപ്രിൽ 29ന് വെള്ളിയാഴ്ച ചേർന്ന തിരഞ്ഞെടുപ്പ് കമ്മീഷന്റെ യോഗത്തിലാണ് തീയതി തീരുമാനിച്ചത്. കാലവർഷം ആരംഭിക്കുന്നതിന് മുൻപ് തിരഞ്ഞെടുപ്പ് നടക്കണമെന്നായിരുന്നു സംസ്ഥാനത്ത് നിന്നുള്ള ആവശ്യം.
യുഡിഎഫിനും എൽഡിഎഫിനും നിർണായകമാണ് തിരഞ്ഞെടുപ്പ്. ഇരു മുന്നണികളും സ്ഥാനാർഥി നിർണയ ചർച്ചകളുമായി മുന്നോട്ട് പോകുകയാണ്. യുഡിഎഫിന് വലിയ മേൽക്കൈയുള്ള മണ്ഡലമാണ് തൃക്കാക്കര. മണ്ഡലം രൂപീകരിച്ചതിന് ശേഷം ഒരിക്കൽപ്പോലും യുഡിഎഫിനെ കൈവിട്ടിട്ടില്ലെന്നതാണ് മണ്ഡലത്തിലെ രാഷ്ട്രീയ ചിത്രം. 2021ൽ എൽഡിഎഫ് തരംഗം സംസ്ഥാനത്ത് ആഞ്ഞടിച്ചപ്പോഴും തൃക്കാക്കര യുഡിഎഫിനൊപ്പം ഉറച്ച് നിന്നു.
കൊച്ചി നഗരസഭയിലെ 23 ഡിവിഷനുകളും ഒപ്പം തൃക്കാക്കര നഗരസഭയും അടങ്ങിയതാണ് മണ്ഡലം. തിരഞ്ഞെടുപ്പിന് മുന്നോടിയായുള്ള പ്രവർത്തനങ്ങളുമായി മുന്നണികൾ മുന്നോട്ട് പോകുകയാണ്. പി.ടി തോമസിന്റെ ഭാര്യ ഉമ തോമസ് സ്ഥാനാർഥിയായി രംഗത്തിറങ്ങാനുള്ള സാധ്യതയാണ് യുഡിഎഫ് ക്യാമ്പിലുള്ളത്. പ്രദേശിക നേതാക്കളുടെ പേരും പരിഗണനയിലുണ്ട്. ശക്തനായ സ്ഥാനാർഥിയെ രംഗത്തിറക്കുമെന്ന് ബിജെപിയും നേരത്തെ പറഞ്ഞിരുന്നു. ട്വന്റി 20യുടെ സാന്നിധ്യമുള്ള മണ്ഡലത്തിൽ അവരുടെ നിലപാടും നിർണായകമാകും.



