ന്യൂഡല്‍ഹി: രാജ്യത്തു വൈദ്യുതി പ്രതിസന്ധിക്കിടയാക്കിയ കല്‍ക്കരിക്ഷാമം പരിഹരിക്കാന്‍ ദീര്‍ഘകാലപദ്ധതി ആവശ്യമാണെന്നു കല്‍ക്കരി വകുപ്പ് മുന്‍ സെക്രട്ടറി അനില്‍ സ്വരൂപ്. കല്‍ക്കരി ഉത്പാദനം വര്‍ധിപ്പിക്കാന്‍ കോള്‍ ഇന്ത്യ ലിമിറ്റഡിനെ സഹായിക്കുകയാണ് അടിയന്തരമായി ചെയ്യേണ്ടതെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു. കോള്‍ ഇന്ത്യ ലിമിറ്റഡിനു 2015-ല്‍ 40,000 കോടി രൂപയുടെ കല്‍ക്കരി ശേഖരമാണുണ്ടായിരുന്നതെങ്കില് ഇപ്പോള്‍ അത് 10,000 കോടിയുടേതു മാത്രമാണ്. നിലവിലെ പ്രതിസന്ധി പരിഹരിക്കാന്‍ കേന്ദ്ര ഊര്‍ജമന്ത്രി ആര്.കെ. സിങ്, കല്‍ക്കരി വകുപ്പുമന്ത്രി പ്രള്‍ഹാദ് ജോഷി, റെയില്‍വേ മന്ത്രി അശ്വിനി െവെഷ്ണവ് എന്നിവര്‍ സംയുക്തപരിശ്രമം നടത്തുന്നുണ്ടെങ്കിലും ഉത്പാദനം വര്‍ധിപ്പിക്കാനുള്ള ദീര്‍ഘകാലപദ്ധതിയാണ് ആവശ്യമെന്നു സ്വരൂപ് ചൂണ്ടിക്കാട്ടി. ഭൂമി ഏറ്റെടുക്കല്‍, പരിസ്ഥിതി-വനം അനുമതി, ഒഴിപ്പിക്കല്‍ എന്നിവയാണു കല്‍ക്കരി ഉത്പാദനം പരിമിതപ്പെടുത്തുന്ന ഘടകങ്ങള്‍. ആദ്യത്തെ രണ്ട് വിഷയങ്ങളില്‍ സംസ്ഥാനസര്‍ക്കാരുകളുമായി ചേര്‍ന്ന് 2014-16 കാലയളവില്‍ ഫലപ്രദമായ പരിഹാരത്തിനു ശ്രമിച്ചിരുന്നു. നിലവില്‍ കേന്ദ്ര-സംസ്ഥാനതര്ക്കങ്ങളാണു പ്രതിസന്ധി. സംസ്ഥാനങ്ങളുമായി ഇക്കാര്യത്തില്‍ ചര്‍ച്ച നടത്തണം. 2014ല്‍ നേരിട്ട കല്‍ക്കരി ക്ഷാമം പരിഹരിച്ചതു തുടര്‍ന്നുള്ള രണ്ടുവര്‍ഷം ഉത്പാദനം വര്‍ധിപ്പിച്ചാണ്. പിന്നീട് കോള്‍ ഇന്ത്യ ലിമിറ്റഡിനെ പിന്നോട്ടടിച്ചതെന്താണെന്നു കണ്ടെത്തുകയാണ് ഇപ്പോഴത്തെ പ്രശ്നത്തിനു പരിഹാരം. ചൂട് വര്ധിച്ചതിനേത്തുടര്ന്നു കഴിഞ്ഞമാസം െവെദ്യുതി ഉപയോഗത്തില്‍ 8.9% വര്‍ധനയുണ്ടായി. കഴിഞ്ഞ 26-ന് െവെദ്യുതി ഉപയോഗം സര്‍വകാല റെക്കോഡായ 201 ജിഗാവാട്ടിലെത്തി. മേയ്-ജൂണില്‍ ഇത് 215-220 ജിഗാവാട്ടാകുമെന്നാണു കേന്ദ്രസര്‍ക്കാര്‍ കണക്കാക്കുന്നത്.
