ന്യൂഡല്‍ഹി: കോവിഡ് പ്രതിരോധ വാക്സിന്റെ രണ്ടാമത്തെ ഡോസും മുന്‍കരുതല്‍ ഡോസും തമ്മിലുള്ള ഇടവേള 9 മാസമായിത്തന്നെ തുടരും.സര്‍ക്കാരിന്റെ സാങ്കേതിക വിദഗ്ധ സമിതി അംഗങ്ങള്‍ ഇക്കാര്യത്തില്‍ സമവായത്തിലെത്താത്തതിനാലാണ് ഇടവേള ഒമ്പതുമാസമായിത്തന്നെ നിജപ്പെടുത്തിയത്. സാങ്കേതികസമിതിയുടെ യോഗത്തില്‍ ഇക്കാര്യം ചര്‍ച്ചയായെന്നും എന്നാല്‍, ഇടവേള പുതുക്കി നിശ്ചയിക്കുന്നത് സംബന്ധിച്ച അന്തിമ തീരുമാനത്തിലെത്തിയിട്ടില്ലെന്നും ഔദ്യോഗികവൃത്തങ്ങള്‍ വെളിപ്പെടുത്തി. രണ്ടു ഡോസുകളും തമ്മിലുള്ള ഇടവേള പുതുക്കി നിശ്ചയിക്കുന്നതിന് ചില അംഗങ്ങള്‍ അനുകൂലമാണ്.എന്നാല്‍, 9 മാസത്തെ ഇടവേള വേണമെന്നാണ് മറു വിഭാഗം വാദിക്കുന്നത്. സാങ്കേതികസമിതിയുടെ അടുത്ത യോഗത്തില്‍ ഇതു സംബന്ധിച്ച് അന്തിമതീരുമാനമെടുക്കുമെന്നും പേര് വെളിപ്പെടുത്താത്ത് സമിതിയംഗം വ്യക്തമാക്കി.രണ്ടാം ഡോസും കരുതല്‍ ഡോസുമായുള്ള ഇടവേള ആറു മാസമായി കുറയ്ക്കണമെന്ന് നേരത്തേ സെറം ഇന്‍സ്റ്റിറ്റ്യൂട്ട് സി.ഇ.ഒ. അദാര്‍ പൂനാവാല ആവശ്യപ്പെട്ടിരുന്നു.
