റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

കൊല്‍ക്കത്ത: ഐ ലീഗ് ഫുട്ബോളില്‍ അപരാജിത കുതിപ്പു തുടരുന്ന ഗോകുലം കേരള എഫ്.സിക്ക് അവസാന മിനിറ്റ് സമനില. രാജസ്ഥാന്‍ യുണൈറ്റഡിനെതിരേയാണ് പരാജയമുനമ്പില്‍നിന്നു ഗോകുലം സമനില പിടിച്ചുവാങ്ങിയത്. 90-ാം മിനിറ്റിലായിരുന്നു കേരളാ ടീമിനെ രക്ഷിച്ച ഗോളെത്തിയത്. സൂപ്പര്‍ സബ്ബായി കളത്തിലിറങ്ങിയ ഗാന്‍ഗം റൊണാള്‍ഡ് സിങ് ഗോകുലത്തിന്റെ രക്ഷകനായി. ഏഴു കളിയില്‍ നാലു ജയവും മൂന്നു സമനിലയുമായി 15 പോയിന്റുള്ള ഗോകുലം പോയിന്റ് പട്ടികയില്‍ രണ്ടാം സ്ഥാനം നിലനിര്‍ത്തി. ഇത്രയും കളിയില്‍ 16 പോയിന്റുള്ള മുഹമ്മദന്‍സ് ഒന്നാമതും എട്ടുകളിയില്‍ 14 പോയിന്റുമായി ശ്രീനിധി ഡെക്കാന്‍ മൂന്നാമതുമാണ്. ചൊവ്വാഴ്ച നടന്ന മറ്റൊരു മത്സരത്തില്‍ റിയല്‍ കശ്മീരും സുദേവയും രണ്ടുഗോള്‍വീതം അടിച്ചു സമനില പാലിച്ചു. വിജയം മോഹിച്ചു കല്യാണി സ്റ്റേഡിയത്തില്‍ കളത്തിലിറങ്ങിയ ഗോകുലത്തെ ഞെട്ടിച്ച് രാജസ്ഥാനാണ് ആദ്യം ഗോളടിച്ചത്. 27-ാം മിനിറ്റില്‍ ലഭിച്ച പെനാല്‍റ്റി ലക്ഷ്യത്തിലെത്തിച്ച് ഉസ്ബെക്ക് താരം സാര്‍ദര്‍ യാഖോനോവാണ് അവരെ മുന്നില്‍ക്കടത്തിയത്. രണ്ടാം പകുതിയുടെ 66-ാം മിനിറ്റില്‍ പരുക്കന്‍ അടവിനു ഒമര്‍ റാമോസ് ചുവപ്പുകാര്‍ഡ് കണ്ടു പുറത്തായതോടെ രാജസ്ഥാന്‍ പത്തുപേരായി ചുരുങ്ങി. 85-ാം മിനിറ്റില്‍ ബൗബയെ പിന്‍വലിച്ച് റൊണാള്‍ഡിനെയിറക്കാനുള്ള നീക്കം നിര്‍ണായകമായി. 90-ാം മിനിറ്റില്‍ ലൂക്കയില്‍നിന്ന് പാസ് സ്വീകരിച്ച് പെനാല്‍റ്റി ബോക്സിന്റെ മധ്യത്തില്‍നിന്നു റൊണാള്‍ഡിന്റെ വലംകാല്‍ പ്രഹരം വലകുലുക്കി.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *