ബ്യൂണസ് ഐറിസ്: അര്‍ജന്റീനയുടെ സൂപ്പര്‍ താരം ലയണല്‍ മെസ്സി രാജ്യാന്തര ഫുട്ബോളില്‍നിന്നു വിരമിക്കുന്നു. ഖത്തര്‍ ലോകകപ്പിനു ശേഷം ഭാവിയെക്കുറിച്ചു ഗൗരവമായി ആലോചിക്കുമെന്നാണു മെസി നല്‍കുന്ന സൂചന. വെനസ്വേലയ്ക്കെതിരേ നടന്ന ലാറ്റിന്‍ അമേരിക്കന്‍ മേഖലാ യോഗ്യതാ റൗണ്ട് മത്സരത്തിനു ശേഷമാണു സൂപ്പര്‍ താരം മനസ് തുറന്നത്. ഇക്വഡോറിനെതിരേ ചൊവ്വാഴ്ച നടക്കുന്ന മത്സരത്തിനുള്ള തയാറെടുപ്പിലാണു തങ്ങളെന്നും കൂടുതല്‍ വിവരങ്ങള്‍ പിന്നീട് പുറത്തുവിടുമെന്നും മെസ്സി പറഞ്ഞു. ജൂണ്‍ മുതല്‍ ലോകകപ്പിനുള്ള തയാറെടുപ്പുകള്‍ തുടങ്ങും. ലോകകപ്പ് നേടുകയാണു പ്രഥമ ലക്ഷ്യം. അതിനു ശേഷം ഭാവിയെക്കുറിച്ചു തീരുമാനിക്കുമെന്നും 34 വയസുകാരനായ മെസി പറഞ്ഞു. കോപ്പാ അമേരിക്കയില്‍ മുത്തമിടാന്‍ കഴിഞ്ഞതോടെ താന്‍ ഏറെ സന്തുഷ്ടനായി. മെസിയുടെ അര്‍ജന്റീനയ്ക്കു വേണ്ടിയുള്ള ആദ്യ കിരീടമായിരുന്നു അത്. 2016 ലെ കോപാ അമേരിക്ക ഫൈനലില്‍ ചിലിയോടു തോറ്റതോടെ മെസി രാജ്യാന്തര ഫുട്ബോളില്‍നിന്ന് അപ്രതീക്ഷിതമായി വിരമിച്ചിരുന്നു.
ഏറെ ചര്‍ച്ചകള്‍ക്കു ശേഷമാണു താരം തീരുമാനം മാറ്റിയത്. ഏറെനാള്‍ തട്ടകമാക്കിയിരുന്ന സ്പാനിഷ് ബാഴ്സലോണയില്‍ നിന്നു ഫ്രാന്‍സിലെ പാരീസ് സെയിന്റ് ജെര്‍മെയ്നിലേക്കു കൂടുമാറിയതോടെ മെസ്സി മാജിക്കിനു മങ്ങലേറ്റു. ഏഴു വട്ടം ബാലണ്‍ ഡി ഓര്‍ ജേതാവായ മെസിക്ക് ഇവിടെ എല്ലാ മത്സരങ്ങളിലുമായി ഏഴ് ഗോളുകളാണ് അടിച്ചിടാന്‍ കഴിഞ്ഞത്. 11 അസിസ്റ്റുകളാണു സൂപ്പര്‍ താരത്തിന് ആശ്വസിക്കാനുള്ളത്. റയാല്‍ മാഡ്രിഡിനെതിരേ നടന്ന ചാമ്പ്യന്‍സ് ലീഗ് പ്രീ ക്വാര്‍ട്ടറില്‍ പി.എസ്.ജി. തോറ്റതും മെസ്സിക്കു തിരിച്ചടിയായി. ഒന്നാംപാദത്തില്‍ മെസ്സി പെനാല്‍റ്റി പാഴാക്കിയിരുന്നു. വെനസ്വേലയ്ക്കെതിരായ മത്സരം മെസിയുടെ നാട്ടിലെ അവസാന അങ്കമായിരിക്കുമെന്ന് അര്‍ജന്റീന കോച്ച് ലയണല്‍ സ്‌കാലോണി സൂചിപ്പിച്ചിരുന്നു. മെസ്സി അര്‍ജന്റീനയ്ക്കു വേണ്ടി 158 കളികളിലായി 81 ഗോളുകളടിച്ചു.ബൊക്കാ ജൂനിയേഴ്സിന്റെ ബോംബോനര സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തിനു ശേഷം മെസി കാണികളെ അഭിവാദ്യം ചെയ്ത രീതിയും സ്‌കാലോണിയുടെ സൂചന സത്യമാകുമെന്ന തരത്തിലാണ്.

