ന്യൂ ഡല്‍ഹി : പഞ്ചാബിലും അധികാരം പിടിച്ചതോടെ അടുത്ത ലക്ഷ്യവുമായി ആംആദ്‌മി പാര്‍ട്ടി. ആംആദ്‌മിയുടെ അടുത്ത ലക്ഷ്യം ഗുജറാത്തെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍ മോദി എഫക്ട് ഏറ്റവും കൂടുതല്‍ അലയടിക്കുന്ന ഗുജറാത്തില്‍ ബിജെപിയെ അധികാരത്തിലേറ്റാന്‍ മറ്റൊരു ഘടകത്തിന്റെ ആവശ്യമില്ല. ഇപ്പോള്‍ പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത് ആംആദ്‌മിയുടെ അടുത്ത ലക്ഷ്യം ഹരിയാനയാണെന്നാണ്. ബിജെപി ഭരിക്കുന്ന ഹരിയാനയില്‍ മറ്റുപാര്‍ട്ടികളില്‍ നിന്നുളള മുന്‍ എം.എല്‍.എമാരെ ഉള്‍പ്പെടുത്തി പ്രവര്‍ത്തനം ശക്തമാക്കാനാണ് പാര്‍ട്ടിയുടെ തീരുമാനം.
ഹരിയാനയിലെ വിവിധ പാര്‍ട്ടികളില്‍ നിന്നുളള 15 മുന്‍ എം.എല്‍.എ മാരും സാമൂഹ്യ പ്രവര്‍ത്തകരും കഴിഞ്ഞ ദിവസം ആംആദ്‌മിയില്‍ ചേര്‍ന്നിരുന്നു. മുന്‍ ബിജെപി എംഎല്‍എ ഉമേഷ് അഗര്‍വാള്‍, മുന്‍ ബിജെപി മന്ത്രി ബല്‍ബീല്‍സിംഗ് സൈനി ,മുന്‍ കോണ്‍ഗ്രസ് നേതാവ് ജഗത് സിംഗ് എന്നിവരാണ് ആംആദ്‌മിയില്‍ അംഗത്വമെടുത്തത്. 2024ല്‍ ഹരിയാനയില്‍ നടക്കുന്ന നിയമ സഭാ തെരഞ്ഞെടുപ്പില്‍ വന്‍ ഭൂരിപക്ഷത്തില്‍ ആംആദ്‌മി അധികാരത്തിലെത്തുമെന്ന് പാര്‍ട്ടിനേതാക്കള്‍ അഭിപ്രായപ്പെട്ടു. ഈ വര്‍ഷം അവസാനം നടക്കുന്ന ഹിമാചല്‍ പ്രദേശ് തെരഞ്ഞെടുപ്പിലും ആംആദ്‌മി മത്സരിക്കുന്നുണ്ട്.



