റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

എറണാകുളം: നൂതന പദ്ധതികള്‍ക്ക് പ്രാമുഖ്യം നല്‍കിആലങ്ങാട് ബ്ലോക്ക് പഞ്ചായത്ത്

ഭരണം ഏറ്റെടുത്ത് ഒരു വര്‍ഷം പിന്നിടുമ്പോള്‍ നൂതനമായ പദ്ധതികള്‍ ആവിഷ്‌കരിക്കാനും നിലവിലെ പദ്ധതികള്‍ ജനോപകാരപ്രദമായി നടപ്പിലാക്കി വികസനം സാധ്യമാക്കുകയാണ് ആലങ്ങാട് ബ്ലോക്ക് പഞ്ചായത്ത്. ബ്ലോക്കിലെ വികസന പ്രവര്‍ത്തനങ്ങളും ഭാവി പദ്ധതികളും പ്രസിഡന്റ് രമ്യ തോമസ് 
വിശദീകരിക്കുന്നു. 

ഉത്പാദന മേഖല

ഉത്പാദന മേഖലയില്‍ ഉള്‍പ്പെടുന്ന പദ്ധതിയില്‍ ഉള്‍പ്പെടുത്തി ചെറുകിട വ്യവസായങ്ങള്‍ തുടങ്ങുന്നതിനായി ഒന്‍പത് ലക്ഷം രൂപ അനുവദിച്ചു. ഒരു വര്‍ഷത്തിനുള്ളില്‍ ബ്ലോക്കിന് കീഴിലെ നാല് പഞ്ചായത്തുകളിലും നെല്‍ കൃഷി, ജൈവ പച്ചക്കറികൃഷി എന്നിവയുടെ ഉത്പാദനം വന്‍ തോതില്‍ വര്‍ധിപ്പിക്കാന്‍ സാധിച്ചു.

പശ്ചാത്തല മേഖല

ഫണ്ടിന്റെ അപര്യാപ്തത മൂലം പശ്ചാത്തല മേഖലയില്‍ പുതിയ പദ്ധതികള്‍ ഉള്‍പ്പെടുത്താന്‍ സാധിച്ചിട്ടില്ല. നിലവിലുള്ള പദ്ധതികളുടെ തുടര്‍ച്ചയാണു നടന്നുകൊണ്ടിരിക്കുന്നത്. 

ആരോഗ്യ മേഖല

ഏറ്റവും കൂടുതല്‍ പ്രധാന്യം നല്‍കുന്ന മേഖലയാണ് ആരോഗ്യം. ബ്ലോക്കിനു കീഴില്‍വരുന്ന സാമൂഹിക ആരോഗ്യ കേന്ദ്രത്തിലും അഞ്ചു പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളിലുമായി മികച്ച സേവനം നല്‍കാനായി. മാനസികാരോഗ്യത്തിനായി മാത്രം 50 ലക്ഷം രൂപയുടെ മരുന്നാണു ലഭ്യമാക്കിയിട്ടുള്ളത്. കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി നല്ലൊരു തുക വകയിരുത്തി. നാല് പഞ്ചായത്തുകളിലേക്കായി ഓക്‌സിജന്‍ സിലിണ്ടറുകള്‍, പള്‍സ് ഓക്‌സിമീറ്ററുകള്‍ തുടങ്ങിയവ വിതരണം ചെയ്തു. വാക്‌സിന്‍ വിതരണവും മെച്ചപ്പെട്ട രീതിയില്‍ പുരോഗമിക്കുകയാണ്.

പ്രമേഹരോഗ സങ്കീര്‍ണതാ നിര്‍ണയ ക്യാമ്പ്;
ആരോഗ്യ മേഖലയിലെ പുതിയ കാല്‍വയ്പ്പ്

കേരളത്തിലാദ്യമായി പ്രമേഹരോഗ സങ്കീര്‍ണതാ നിര്‍ണയ ക്യാമ്പ് ആലങ്ങാട് ബ്ലോക്ക് പഞ്ചായത്തിലെ നാല് പഞ്ചായത്തുകളിലും നടപ്പിലാക്കി. ചെറുപ്പക്കാരില്‍ പോലും പ്രമേഹം വിവിധ അവയവങ്ങളെ ബാധിച്ചതായി കണ്ടെത്തുകയും തുടര്‍ചികിത്സ ഉറപ്പാക്കുകയും ചെയ്തു. പദ്ധതിയുടെ സ്വീകാര്യത കണക്കിലെടുത്ത് വരും വര്‍ഷങ്ങളിലും പ്രവര്‍ത്തനം തുടരാന്‍ തീരുമാനിച്ചു.

കാര്‍ഷികരംഗത്തെ വിപ്ലവകരമായ മാറ്റങ്ങള്‍

നെല്‍വയലുകള്‍ സംരക്ഷിക്കാനും കൃഷി പ്രോത്സാഹിപ്പിക്കുന്നതിനുമായി തരിശായി കിടക്കുന്ന ഭൂമികള്‍ ഏറ്റെടുത്ത് കൃഷിയിറക്കുന്ന പ്രവര്‍ത്തനങ്ങള്‍ക്കാണു കൂടുതല്‍ പ്രാധാന്യം നല്‍കുന്നത്. ഇത്തരം ഭൂമികളില്‍ ജലലഭ്യത ഉറപ്പാക്കുന്നതിനും താഴ്ന്ന കൃഷിയിടങ്ങളില്‍ വെള്ളം കെട്ടിനില്‍ക്കുന്നത് ഒഴിവാക്കാനുമുള്ള നിര്‍ദ്ദേശങ്ങള്‍ പഞ്ചായത്തുകള്‍ക്കു നല്‍കിയിട്ടുണ്ട്. ആവശ്യമായ പശ്ചാത്തല സൗകര്യങ്ങള്‍ ബ്ലോക്ക് പഞ്ചായത്തും കൃഷി വകുപ്പും സംയുക്തമായി ലഭ്യമാക്കിയിട്ടുണ്ട്. 30 വര്‍ഷമായി തരിശുഭൂമിയായി കിടന്ന എടയാറ്റുചാലിലെ 300 ഏക്കറില്‍ 250 ഏക്കറിലും കൃഷിയിറക്കാന്‍ സാധിച്ചു. ഓഞ്ഞി തോടാണ് ജലസേചനത്തിനായി ഉപയോഗിക്കുന്നത്.

പുതിയ ജലസംഭരണിയിലൂടെ
കുടിവെള്ളക്ഷാമത്തിന് പരിഹാരം

ഉപയോഗശൂന്യമായ ജലസംഭരണി പൊളിച്ചുനീക്കി, 46 ലക്ഷം രൂപ ചെലവില്‍ രണ്ടു ലക്ഷം ലിറ്റര്‍ സംഭരണശേഷിയുള്ള പുതിയ സംഭരണി നിര്‍മിച്ച്, അതിരൂക്ഷ ജലദൗര്‍ലഭ്യം നേരിടുന്ന ഉയര്‍ന്ന പ്രദേശങ്ങളിലേക്കു ജലമെത്തിക്കാനുള്ള നടപടികള്‍ പുരോഗമിക്കുകയാണ്. പൈപ്പ് ലൈനിലൂടെ കരുമാല്ലൂര്‍ പഞ്ചായത്തിലെ ചില പ്രദേശങ്ങളിലേക്കും കുടിവെള്ളം എത്തിക്കാനാകും.

കുടുംബശ്രീയുടെ ഇടപെടല്‍

കുടുംബശ്രീയുടെ മികച്ച പ്രവര്‍ത്തനമാണ് ബ്ലോക്കില്‍ നടന്നുവരുന്നത്. ഉത്പാദനമേഖലയില്‍ ആലങ്ങാട് പഞ്ചായത്താണു മുന്നിട്ടു നില്‍ക്കുന്നത്.  കുടുംബശ്രീയിലൂടെ സ്വയംതൊഴില്‍ സംരംഭങ്ങള്‍ക്കു മുന്‍തൂക്കം നല്‍കിയിട്ടുണ്ട്.

തുടര്‍ വിദ്യാദ്യാസത്തിന് നല്‍കുന്ന പ്രാധാന്യം

സാക്ഷരതാ മിഷന്‍ പ്രവര്‍ത്തനങ്ങള്‍ പ്രധാനമായും കൊങ്ങോര്‍പ്പിളളി ഗവ.ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ കേന്ദ്രമാക്കിയാണു നടപ്പിലാക്കുന്നത്. 4, 7, 10, 12 ക്ലാസുകളാണു നടക്കുന്നത്. ശനി, ഞായര്‍ ദിവസങ്ങളിലായി രണ്ടു പ്രേരക്മാരുടെ നേതൃത്വത്തില്‍ പ്രഗത്ഭരായ അധ്യാപകരാണു ക്ലാസുകള്‍ നയിക്കുന്നത്. പൂര്‍ത്തിയാക്കിയ ഭൂരിഭാഗംപേരും പഠനം തുടരുകയും ചിലര്‍ എല്‍.എല്‍.ബി പോലുള്ള ഉന്നത വിദ്യാഭ്യാസത്തില്‍ പ്രവേശിക്കുകയും ചെയ്തു.

കാച്ചപ്പിള്ളി ചാല്‍ കൃഷിയുടെ പുരോഗതി

കാച്ചപ്പിള്ളി ചാലില്‍ തരിശായി കിടന്ന 13 ഏക്കര്‍ ഭൂമിയില്‍ കൃഷി ഇറക്കാന്‍ സാധിച്ചു. പച്ചക്കറിക്കൃഷിയാണു നിലവില്‍ പുരോഗമിക്കുന്നത്. ആവശ്യമായ ഫണ്ട് ലഭ്യമായാല്‍ കൂടുതല്‍ പശ്ചാത്തല സൗകര്യങ്ങള്‍ ഒരുക്കി കൃഷി വിപുലപ്പെടുത്തും.

സ്റ്റാര്‍ട്ട്-അപ്പ് വില്ലേജ് തൊഴിലില്ലായ്മയ്ക്ക് പരിഹാരം

കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ സംയുക്തമായി നടപ്പിലാക്കുന്ന സ്റ്റാര്‍ട്ട് അപ്പ് വില്ലേജ് സംരംഭക പദ്ധതിയുടെ പ്രോജക്ട് തയ്യാറായി. വ്യവസായ മന്ത്രി പി.രാജീവിന്റെ നേതൃത്വത്തില്‍ ആലങ്ങാട് ബ്ലോക്ക് പഞ്ചായത്തില്‍ 1,500 ചെറുകിട സംരംഭങ്ങള്‍ ആരംഭിക്കാന്‍ പദ്ധതി സഹായകമാകും.  പ്രവര്‍ത്തനങ്ങള്‍ക്ക് കുടുംബശ്രീ നേതൃത്വം നല്‍കും. തൊഴില്‍ നഷ്ടപ്പെട്ട് തിരികെവന്ന പ്രവാസികള്‍, തൊഴില്‍രഹിതരായ സ്ത്രീകള്‍ തുടങ്ങി വിവിധ മേഖലകളിലുള്ളവര്‍ക്കു പദ്ധതി പ്രയോജനപ്പെടും.

സ്‌കൂളുകളിലെ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍

സ്‌കൂളുകളില്‍ വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ കോവിഡ് വ്യാപിക്കാതിരിക്കാനായി അധ്യാപകര്‍ക്കു കര്‍ശന മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കിയിട്ടുണ്ട്. ക്ലാസ് മുറികള്‍ വൃത്തിയായി സൂക്ഷിക്കാനും കൃത്യമായി അകലം പാലിക്കുന്നതിനും, മാസ്‌ക് ഉപയോഗം കര്‍ശനമായി പാലിക്കണമെന്നും നിര്‍ദ്ദേശിച്ചിട്ടുണ്ട്.

ഓഞ്ഞിത്തോട് പുഴയാക്കല്‍ പദ്ധതി

കടുങ്ങല്ലൂര്‍, ഓഞ്ഞിത്തോട് പുഴയാക്കല്‍ പദ്ധതിയിലൂടെ കയ്യേറ്റം തടയാനും വീതി വര്‍ധിപ്പിച്ച് വെള്ളത്തിന്റെ ഒഴുക്കു സുഗമമാക്കാനുമാകും. പുനരുദ്ധാരണ റിപ്പോര്‍ട്ട് ഇറിഗേഷന്‍ വകുപ്പ് തയാറാക്കുകയും, കോടതി വിധി പ്രകാരമുള്ള സര്‍വേ പൂര്‍ത്തിയാക്കുകയും ചെയ്തു. നിലവിലുള്ള സര്‍വേ പ്രകാരം പെരിയാറുമായി ബന്ധിപ്പിക്കാന്‍ സാധിക്കാത്തതിനാല്‍ താത്കാലികമായി നിര്‍ത്തിവച്ചിരിക്കുകയാണ്.

ഹരിത കേരളം പദ്ധതിയിലൂടെ

ഹരിത കേരളം പദ്ധതിയില്‍ ഉള്‍പ്പെടുത്തി ഒട്ടേറെ വൃക്ഷത്തൈകള്‍ വിതരണം ചെയ്യുന്നുണ്ട്. പെട്ടെന്ന് കായ്ഫലം തരുന്ന ഗുണമേന്മയുള്ള വൃക്ഷത്തൈകളാണു വിതരണം ചെയ്യുന്നത്. ജൈവം അജൈവം പദ്ധതിയില്‍ ഉള്‍പ്പെടുത്തി മാലിന്യ നിര്‍മാര്‍ജനത്തിനായി പദ്ധതികള്‍ ആസൂത്രണം ചെയ്യുകയാണ്. സ്ഥലപരിമിതി പ്രധാന വെല്ലുവിളിയാണെങ്കിലും പ്ലാസ്റ്റിക് മാലിന്യം പൊടിച്ച് നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കും ജൈവ മാലിന്യങ്ങള്‍ വളമായും മാറ്റുന്നതിനു പദ്ധതികള്‍ രൂപീകരിക്കുകയാണ്.

കോവിഡ് കാലത്ത് അങ്കണവാടികളിലെ പ്രവര്‍ത്തനം

അങ്കണവാടികളിലെ പൂരക പോഷകാഹാര വിതരണം, കോവിഡ് കാലത്ത് അധ്യാപകര്‍ കുട്ടികളുടെ വീടുകളില്‍ നേരിട്ട് എത്തിക്കുകയായിരുന്നു. കൂടാതെ അവരുടെ ബോഡി മാസ് ഇന്‍ഡക്‌സ് കൃത്യമായി രേഖപ്പെടുത്തുകയും ചെയ്തിരുന്നു. ബ്ലോക്ക് പഞ്ചായത്തിന്റെ പദ്ധതി പ്രകാരം പോഷകാഹാര വാരം ഏര്‍പ്പെടുത്തി. അങ്കണവാടികളിലേക്ക് ഫര്‍ണിച്ചറുകള്‍ വിതരണം ചെയ്തു.

പട്ടികജാതി-പട്ടികവര്‍ഗ വിഭാഗത്തിനായി 

ആരോഗ്യമേഖലയ്ക്കു ശേഷം കൂടുതല്‍ ഫണ്ട് ചെലവഴിക്കുന്നത് പട്ടികജാതി-പട്ടികവര്‍ഗ വകുപ്പിനാണ്. കുട്ടികള്‍ക്കായി വിവിധ സ്‌കോളര്‍ഷിപ്പുകള്‍ നല്‍കുന്നുണ്ട്. മാനദണ്ഡങ്ങള്‍ക്കനുസരിച്ച് പഠനമുറികള്‍ അനുവദിക്കുകയും ചികിത്സാ സഹായം, വിവാഹ ധനസഹായം തുടങ്ങിയവയും നടപ്പിലാക്കുന്നു. കുഞ്ഞുങ്ങള്‍ക്ക് 9 മാസം പ്രായം തികയുന്നതിനു മുമ്പായി ഇന്‍ഷുറന്‍സ് പരിരക്ഷയില്‍ അംഗത്വം നല്‍കുകയും ചെയ്യുന്നുണ്ട്.

222 സന്നദ്ധ പ്രവര്‍ത്തകരെ ഉള്‍പ്പെടുത്തി ദ്രുതകര്‍മസേന 

കോവിഡ്, പ്രളയ മുന്‍കരുതല്‍ എന്നിവയുടെ ഭാഗമായി 222 സന്നദ്ധ പ്രവര്‍ത്തകരെ ഉള്‍പ്പെടുത്തി ദ്രുതകര്‍മസേന രൂപീകരിച്ചു. കഴിഞ്ഞ മഴക്കാലത്തും, കോവിഡ് കാലത്തും സേനാംഗങ്ങളുടെ പ്രവര്‍ത്തനം പ്രശംസനീയമായിരുന്നു. കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ സമൂഹ മാധ്യമങ്ങള്‍ വഴി ബോധവത്കരണ വീഡിയോകളും പോസ്റ്ററുകളും ജനങ്ങളിലേക്ക് എത്തിക്കാന്‍ സാധിച്ചു. കോവിഡ് ബാധിതരുടെ എണ്ണം, മേഖല തുടങ്ങിയവ സമൂഹ മാധ്യമങ്ങളിലൂടെ ലഭ്യമാക്കിയിരുന്നു.

പശ്ചാത്തല മേഖലയ്ക്ക് ഉണര്‍വേകും

വരും വര്‍ഷങ്ങളില്‍ കൃഷി, കുടിവെള്ളം, മാലിന്യ നിര്‍മ്മാര്‍ജനം എന്നിവയ്ക്കാണ് ബ്ലോക്ക് പഞ്ചായത്ത് കൂടുതല്‍ ഊന്നല്‍ നല്‍കുന്നത്. പശ്ചാത്തല മേഖലയ്ക്കും കൂടുതല്‍ പ്രാധാന്യം നല്‍കും. ആട് പ്രജനന യൂണിറ്റ് എന്ന നൂതന പദ്ധതിയും നടപ്പിലാക്കാന്‍ ലക്ഷ്യമിടുന്നുണ്ട്. കൂടാതെ, ബ്ലോക്കിന്റെ സ്വപ്നപദ്ധതിയാണ് വരാപ്പുഴയില്‍ നല്ലൊരു ആശുപത്രി ആരംഭിക്കുക എന്നത്. സര്‍ക്കാര്‍ അനുമതി ലഭിച്ചാല്‍ സാമൂഹിക ആരോഗ്യകേന്ദ്രത്തിന്റെ പഴയ കെട്ടിടങ്ങളും ക്വാര്‍ട്ടേഴ്‌സുകളും പൊളിച്ചുനീക്കി പുതിയ കെട്ടിടം പണിയാനാകും. വരാപ്പുഴ മാര്‍ക്കറ്റിലെ മാലിന്യ സംസ്‌കരണത്തിന് ശാശ്വതമായ പരിഹാരം കണ്ടെത്തുക എന്നതും ആലങ്ങാട് ബ്ലോക്കിന്റെ പ്രധാന ലക്ഷ്യമാണ്

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *