റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

മലപ്പുറം: കോവിഡ് ബാധിതരായി വീടുകളില്‍ ഇരിക്കുന്നവര്‍ അപകട സൂചനകള്‍ ശ്രദ്ധിക്കണം

February 9, 2022 - 5:15 pm

മലപ്പുറം: കോവിഡ് രോഗബാധിതരായി വീടുകളില്‍ ഇരിക്കുന്നവരില്‍ രോഗലക്ഷണങ്ങള്‍ ഇല്ലാത്തവരും ലഘുവായ രോഗലക്ഷണങ്ങളുള്ളവരും  ആരോഗ്യപ്രവര്‍ത്തകര്‍ നല്‍കുന്ന നിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കണമെന്നും അപകട സൂചനകളുണ്ടോയെന്ന് നിരീക്ഷിക്കണമെന്നും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്‍. രേണുക അറിയിച്ചു. മൂന്ന് ദിവസമായി കുറയാതെ നില്‍ക്കുന്ന പനി, ശ്വാസമെടുക്കാന്‍ ബുദ്ധിമുട്ട്, ശ്വാസോഛാസ നിരക്ക് ഒരു മിനിറ്റില്‍ 24 ല്‍ കൂടുതല്‍, ഓക്‌സിജന്റെ അളവ് ഒരു മണിക്കൂറില്‍ എടുത്ത മൂന്ന് റീഡിങുകളില്‍ 94 ല്‍ താഴെ, കടുത്ത ക്ഷീണം, കടുത്ത പേശീ വേദന, എഴുന്നേല്‍ക്കാന്‍ കഴിയാത്ത അവസ്ഥ, നെഞ്ചില്‍ നീണ്ടു നില്‍ക്കുന്ന വേദന അല്ലെങ്കില്‍ മര്‍ദ്ദം, ചുണ്ടിലോ മുഖത്തോ നീല നിറം കാണുക തുടങ്ങിയ ലക്ഷണങ്ങള്‍ കണ്ടാല്‍ ആരോഗ്യ പ്രവര്‍ത്തകരെയോ തൊട്ടടുത്തുള്ള ആരോഗ്യ കേന്ദ്രത്തിലോ ബ്ലോക്ക്തല കോവിഡ് കണ്‍ട്രോള്‍ സെല്ലിലോ ബന്ധപ്പെടണം. കോവിഡ് മൂന്നാം തരംഗത്തില്‍ ജില്ലയില്‍ പ്രതിദിന കേസുകളുടെ എണ്ണവും രോഗസ്ഥിരീകരണ നിരക്കും കുറഞ്ഞുവെങ്കിലും ജാഗ്രത ഒട്ടും കൈവിടാന്‍പാടില്ലായെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. ഒന്നാം തരംഗത്തിലും രണ്ടാം തരംഗത്തിലും റിപ്പോര്‍ട്ട് ചെയ്ത പ്രതിദിന കേസുകളുടെ എണ്ണത്തിനെക്കാള്‍ കൂടുതല്‍ കേസുകള്‍ മൂന്നാം തരംഗത്തില്‍ ഉണ്ടായെങ്കിലുംകൂടുതല്‍ പേര്‍ വാക്‌സിനെടുത്തതിനാല്‍ രോഗം ഗുരുതരമാകുന്നവരുടെ എണ്ണവും ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നവരുടെ എണ്ണവും കുറഞ്ഞിട്ടുണ്ട്.

ജില്ലയില്‍ ചൊവ്വാഴ്ച വരെ ഒന്നാം ഡോസ് വാക്‌സിന്‍ എടുത്തവര്‍ 34,02,328 പേരും രണ്ട് ഡോസും പൂര്‍ത്തിയാക്കിയവര്‍ 27,69,485 പേരും ആണ്. കോവിഡ് വാക്‌സിന്‍ സ്വീകരിച്ചതിന് ശേഷം കോവിഡ് രോഗം വന്നവര്‍ക്ക് രോഗം ഗുരുതരമാകുകയോ വലിയ ശാരീരിക അസ്വാസ്ഥ്യങ്ങള്‍ ഉണ്ടാകുകയോ ചെയ്തിട്ടില്ല. കോവിഡ് രോഗം വന്ന് ആകെ മരണപ്പെട്ടവരില്‍ 98 ശതമാനം പേരും വാക്‌സിന്‍ സ്വീകരിക്കാത്തവരായിരുന്നു. രണ്ടു ഡോസ് കോവിഡ് വാക്‌സിന്‍ സ്വീകരിക്കുന്നത് കോവിഡ് രോഗം വരുന്നതിനെ പ്രതിരോധിക്കുകയും വന്നാല്‍ തന്നെ രോഗം ഗുരുതരമാകുന്നതിനെ തടയുകയും ചെയ്യും എന്നതാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്.

ജില്ലയില്‍ ഇപ്പോള്‍ വിതരണം ചെയ്യുന്ന കോവാക്‌സിനും കോവിഷീല്‍ഡും ലോകാരോഗ്യ സംഘടന അംഗീകാരം നല്‍കിയതും വിദേശരാജ്യങ്ങളില്‍ പോകുവാന്‍ സ്വീകാര്യവുമാണ്. രണ്ടു വാക്‌സിനുകളും കോവിഡ് രോഗത്തെ ഒരു പോലെ പ്രതിരോധിക്കുകയും ചെയ്യും. കോവിഡ് പ്രതിരോധ വാക്‌സിന്‍ ഒന്നാം ഡോസ് സ്വീകരിച്ച ശേഷം രണ്ടാം ഡോസിന് സമയമായിട്ടുള്ളവരും 15 മുതല്‍ 18 വയസ് വരെയുള്ള കൗമാരക്കാരായ കുട്ടികളും മുന്‍കരുതല്‍ ഡോസിന് യോഗ്യരായിട്ടുള്ളവരും ഗര്‍ഭിണികളും യോഗ്യരായിട്ടുള്ള എല്ലാവരും കോവിഡ് വാക്‌സിന്‍ സ്വീകരിച്ച് സുരക്ഷിതരാകണമെന്നും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അഭ്യര്‍ഥിച്ചു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *