തിരുവനന്തപുരം : കന്യാസ്‌ത്രീയെ പീഡിപ്പിച്ച കേസില്‍ ബിഷപ്പ് ഫ്രാങ്കോ മുളക്കലിനെ കുറ്റവിമുക്തനാക്കിയ കോടതി വിധിക്കെതിരെ ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കാന്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കാനാവശ്യപ്പെട്ട് സംസ്ഥാന പോലീസ് മേധാവി അനില്‍കാന്ത്, അഡ്വക്കേറ്റ് ജനറലിന് കത്തുനല്‍കി. സ്‌പെഷല്‍ പ്രോസിക്യൂട്ടറുടെ നിയമോപദേശവും കത്തിനൊപ്പമുണ്ട്.
കോട്ടയം സെഷന്‍സ് കോടതിയാണ് ഫ്രാങ്കോ മുളക്കല്‍ കേസില്‍ വിധി പ്രസ്‌താവിച്ചത്. ലത്തീന്‍ വിഭാഗക്കാരിയായ കന്യാസ്‌ത്രീയെ ജലന്തര്‍ ബിഷപ്പായ ഫ്രാങ്കോ മുളക്കല്‍ ബലാല്‍സംഗം ചെയ്‌തെന്നായിരുന്നു കേസിനാസ്‌പദമായ സംഭവം. .സെഷന്‍സ് കോടതിയുടെ വിധി 2013ലെ നിര്‍ഭയ കേസിനെ തുടര്‍ന്നുളള നിയമ ഭേതഗതിക്ക് എതിനാണെന്നാണ് സ്‌പെഷല്‍ പബ്ലിക്ക് പ്രോസിക്യൂട്ടറുടെ നിയമോപദേശം.
കേസിന്റെ വസ്‌തുതകള്‍ വിലയിരുത്തിയതിലും സാക്ഷിമൊഴികളും തെളിവുകളും തളളിയ നിയമ വ്യാഖ്യാനത്തിലും പിഴവുണ്ടെന്നാണ് സ്‌പെഷല്‍ പ്രോസിക്യൂട്ടര്‍ അന്വേഷണ സംഘത്തെ അറിയിച്ചത്. തെളിവ് നിയമം വ്യാഖ്യാനിച്ചിരിക്കുന്നതിലും സുപ്രീം കോടതി നിര്‍ദ്ദേശങ്ങള്‍ വിലയിരുത്തിയതിലുമാണ് പിഴവുകള്‍. അതിനാല്‍ കുറ്റകൃത്യത്തിന്റെ വസ്‌തുതയിലേക്ക് കടക്കാതെ വിധിന്യായത്തിലെ പിഴവുകള്‍ മാത്രം ചൂണ്ടിക്കാട്ടി അപ്പീല്‍ അപേക്ഷ തയാറാക്കാനാണ് പ്രോസിക്യൂഷന്‍ ഒരുങ്ങുന്നത്.


