ന്യൂഡല്‍ഹി: കോവിഡ് മൂന്നാം തരംഗം പരമാവധി മൂന്നാഴ്ച കൂടിയേ തുടരാനിടയുള്ളൂവെന്ന് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ(എസ്.ബി.ഐ)യുടെ പഠന റിപ്പോര്‍ട്ട്. കേസുകള്‍ ഏറ്റവും കൂടുതലായിരുന്ന 15 ജില്ലകളില്‍ രോഗപ്പകര്‍ച്ച കുത്തനെ ഇടിയുന്നതാണ് പ്രതീക്ഷ നല്‍കുന്നതെന്നും ചൊവ്വാഴ്ച പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു.
റിപ്പോര്‍ട്ടിലെ മറ്റ് കണ്ടെത്തലുകള്‍:
*മുംബൈയില്‍ ഇക്കഴിഞ്ഞ ഏഴിനാണ് കോവിഡ് റെക്കോഡിലെത്തിയത്. അന്ന് റിപ്പോര്‍ട്ട് ചെയ്തത് 20,971 കേസുകള്‍.
*പൂനെയിലും ബംഗളുരുവിലും ഇപ്പോഴും കേസുകള്‍ വര്‍ധിക്കുന്നു.
*പത്ത് പ്രധാന നഗരങ്ങളടക്കം 15 ജില്ലകളില്‍ പുതിയ കേസുകള്‍ ഈ മാസം ശരാശരി 37.4 ശതമാനത്തിലേക്ക് എത്തി. ഡിസംബറില്‍ ഇത് 67.9 ആയിരുന്നു.
*ജില്ലകളില്‍ കോവിഡ് കേസുകള്‍ അതിദ്രുതം വര്‍ധിച്ചു. ഡിസംബറില്‍ 14.4 ശതമാനമായിരുന്നു കേസുകളെങ്കില്‍ ഈ മാസം 32.6 ശതമാനമായി.
*ആന്ധ്ര പ്രദേശ്, അരുണാചല്‍ പ്രദേശ്, ബിഹാര്‍, ജമ്മു കശ്മീര്‍, ഒഡീഷ, രാജസ്ഥാന്‍ എന്നിവിടങ്ങളിലെ റൂറല്‍ ജില്ലകളിലാണ് പുതിയ കേസുകള്‍ കൂടുതലും.
*ആന്ധ്രപ്രദേശ്, ഡല്‍ഹി, ഗുജറാത്ത്, കര്‍ണാടക, കേരളം, മധ്യപ്രദേശ്, തെലങ്കാന, ഉത്തരാഖണ്ഡ് സംസ്ഥാനങ്ങളില്‍ രണ്ടു ഡോഡ് വാക്സിനേഷന്‍ 70 ശതമാനത്തിലധികം പേര്‍ക്കും നല്‍കിക്കഴിഞ്ഞു. പഞ്ചാബ്, ഉത്തര്‍പ്രദേശ്, ഝാര്‍ഖണ്ഡ് എന്നിവ വാക്സിനേഷന്റെ കാര്യത്തില്‍ പിന്നിലാണ്.
*മൂന്നാം തരംഗം ഡല്‍ഹിയില്‍ ഏറ്റവും കടുത്തത് ഇക്കഴിഞ്ഞ 13-ന് ആണ്. അന്നുമാത്രം റിപ്പോര്‍ട്ട് ചെയ്തത് 28,000 കേസുകള്‍.



