തിരുവനന്തപുരം: കോണ്‍ഗ്രസിന്റെ തലമുതിർന്ന നേതാവും പ്രവർത്തക സമിതിയംഗവുമായ എ.കെ. ആന്റണിയുടെ വീടും ശ്രദ്ധാകേന്ദ്രം. വിശ്രമ ജീവിതം നയിക്കുന്ന എ.കെ. ആന്റണി, തിരുവനന്തപുരത്തെ വീട്ടിലാണ് താമസിക്കുന്നത്. കഴിഞ്ഞ രണ്ടു ദിവസങ്ങളായി മുഖ്യമന്ത്രിയെ നിശ്ചയിക്കാനുള്ള ഹൈക്കമാൻഡ് ചർച്ചകളുടെ ഒരു രഹസ്യ കേന്ദ്രം കൂടിയാണ് ഈ വീട്.
എ.കെ. ആന്റണിയുടെ നിർദേശങ്ങളും ഉപദേശങ്ങളും ചർച്ചയിൽ നിർണായകം
കോണ്‍ഗ്രസ് മുൻ അധ്യക്ഷൻ രാഹുൽ ഗാന്ധിയും കോണ്‍ഗ്രസ് പ്രസിഡന്റ് മല്ലികാർജുൻ ഖാർഗെയും കേരളത്തിലെ കോണ്‍ഗ്രസ് പ്രവർത്തകരുടെയും ജനങ്ങളുടെയും ഹിതമറിയാൻ എ.കെ. ആന്റണിയെ വിളിച്ചിരുന്നു. അദ്ദേഹത്തിന്റെ നിർദേശങ്ങളും ഉപദേശങ്ങളും മുഖ്യമന്ത്രി ചർച്ചയിൽ നിർണായകമായി. ഘടകകക്ഷികളെ വിശ്വാസത്തിൽ എടുത്തു മാത്രമേ മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാവൂ എന്ന മറുപടിയാകും ആന്റണി നൽകിയതെന്ന വിവരമാണ് പുറത്തു വരുന്നത്.
കൊടിക്കുന്നിൽ സുരേഷ് എംപിയും ഇന്നലെ എ.കെ. ആന്റണിയുടെ വീട്ടിൽ എത്തിയിരുന്നു.
താൻ ആരുടെയും പേരു നിർദേശിച്ചിട്ടില്ലെന്ന് ആന്റണി പ്രതികരിച്ചു. ഉദ്വേഗജനകമായ പ്രഖ്യാപനം പ്രതീക്ഷിച്ച് ഇന്നലെ വൈകുന്നേരം ആയിരക്കണക്കിനു പേർ കാത്തു നിൽക്കേ മറ്റൊരു കോണ്‍ഗ്രസ് പ്രവർത്തക സമിതിയംഗം കൊടിക്കുന്നിൽ സുരേഷ് എംപിയും എ.കെ. ആന്റണിയുടെ വഴുതക്കാടുള്ള വീട്ടിൽ എത്തിയിരുന്നു.