തിരുവനന്തപുരം: പൊലീസ് മേധാവി അനിൽകാന്തിന് സർക്കാർ രണ്ടു വർഷത്തേക്ക് കാലാവധി നീട്ടിനൽകിയതിലൂടെ സംസ്ഥാനത്ത് പൊലീസ് മേധാവി പദവിയിലെത്തുന്ന ആദ്യ വനിതയെന്ന റെക്കാഡാണ്, ഡിജിപി സന്ധ്യയ്ക്ക് നഷ്ടപ്പെടുന്നത്. സീനിയർ ഡിജിപിമാരായ സുധേഷ് കുമാർ, ടോമിൻ തച്ചങ്കരി എന്നിവർക്കും ഇതോടെ അവസരം പോകും
2021 ജൂലായ് ഒന്നിനാണ് അനിൽകാന്ത് ഡിജിപിയായി ചുമതലയേറ്റത്. സർവീസ് കാലാവധി നീട്ടി നൽകിയതിലൂടെ 2023 ജൂൺ 30വരെ അനിൽകാന്തിന് തുടരാനാവും.ഇതോടെ, അനിൽകാന്തിനേക്കാൾ സീനിയറായ മൂന്ന്ഡിജിപിമാർക്കും പൊലീസ് മേധാവി കസേരയിലെത്താനാവില്ല.നിലവിൽ വിജിലൻസ് ഡയറക്ടറായ സുധേഷ് കുമാറിന് 2022ഒക്ടോബർ വരെയും ഫയർഫോഴ്സ് മേധാവി ബി.സന്ധ്യയ്ക്ക് 2023 മേയ് വരെയും മനുഷ്യാവകാശ കമ്മിഷൻ ഡയറക്ടർ ജനറൽ ഒഫ് ഇൻവെസ്റ്റിഗേഷൻ ടോമിൻ തച്ചങ്കരിക്ക് 2023 ജൂലായ് വരെയുമാണ് സർവീസ് കാലാവധി. കഴിഞ്ഞ പൊലീസ് മേധാവി പരിഗണനാ പട്ടികയിലുണ്ടായിരുന്ന എക്സൈസ് കമ്മിഷണർ എസ്.ആനന്ദകൃഷണനും ഇനി അവസരമില്ല.2023 മേയ് വരെയാണ് അദ്ദേഹത്തിന് സർവീസുള്ളത്.
കഴിഞ്ഞ അഞ്ചുമാസത്തെ പ്രവർത്തനം കൂടി വിലയിരുത്തിയാണ് അനിൽകാന്തിന് സേവനം നീട്ടിനൽകിയത്. വിരമിക്കുന്ന പൊലീസ് മേധാവിക്ക് സേവനം നീട്ടിനൽകുന്നത് സംസ്ഥാനത്ത് ആദ്യമാണ്.അഡി.ഡിജിപി യായിരിക്കെയാണ് ഡൽഹി സ്വദേശി അനിൽകാന്ത് പൊലീസ് മേധാവിയാകാനുള്ള യുപി.എസ്.സിയുടെ ചുരുക്കപ്പട്ടികയിൽപ്പെട്ടത്.സീനിയോറിറ്റിയിൽ രണ്ടാമനായ ടോമിൻ തച്ചങ്കരി അനധികൃത സ്വത്തുകേസിൽ കുടുങ്ങി പുറത്തായതോടെ സുധേഷ്‌കുമാറിനും സന്ധ്യയ്ക്കുമൊപ്പം അനിൽകാന്ത് മൂന്നാമനായി.പൊലീസ് മേധാവിയെ രണ്ടു വർഷത്തേക്ക് മാറ്റരുതെന്ന് സുപ്രീംകോടതി ഉത്തരവുണ്ടെങ്കിലും വിരമിക്കുന്നവർക്ക് ബാധകമല്ല.
അനിൽകാന്തിന് ശേഷം സീനിയോറിട്ടിയിൽ മുന്നിൽ കെ.പത്മകുമാറാണ്. 2025 ഏപ്രിൽ വരെ സർവീസുണ്ട്.ഷേഖ് ദർവേഷ് സാബിബിന് 2024ജൂലായ് വരെയും ഐ.ബിയിലുള്ള ഹരിനാഥ് മിശ്രയ്ക്ക് 2025 ജൂലായ് വരെയും രവാഡാ ചന്ദ്രശേഖറിന് 2026ജൂലായ് വരെയുമാണ് സർവീസ്.ഇന്റലിജൻസ് മേധാവിയായ ടികെ വിനോദ്കുമാറിന് 2025ആഗസ്റ്റ് വരെയും പൊലീസ് ആസ്ഥാനത്തെ എഡിജിപി മനോജ് എബ്രഹാമിന് 2031ജൂൺ വരെയും കാലാവധിയുണ്ട്