റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ദീപാവലി ആഘോഷം അതിരുവിട്ടു : ‘പുക’ നിറത്തിൽ ആകാശം

November 5, 2021 - 7:54 am

ന്യൂഡൽഹി: ദീപാവലി ദിനത്തിൽ അന്തരീക്ഷ മലിനീകരണം പരമാവധിയിലെത്തി ഡൽഹി. സിമന്റ് നിറത്തിലുള്ള ആകാശവും അന്തരീക്ഷവുമാണ് ഡൽഹിയിലുള്ളത്.

ദീപാവലി ആഘോഷങ്ങളുടെ ഭാഗമായി പടക്കങ്ങളും വെടിമരുന്നുകളും ഉപയോഗിച്ചതോടെയാണ് മലിനീകരണം കൂടിയത്. നിയമപരമായി നിലവില്‍ ദില്ലിയില്‍ പടക്കങ്ങള്‍ വില്‍പന നടത്തുകയോ ഉപയോഗിക്കുകയോ ചെയ്യരുത്. എന്നാല്‍ നിയമവിരുദ്ധമായി ഇവയെല്ലാം കാര്യമായിത്തന്നെ നടക്കുന്നുണ്ടെന്നാണ് വിവരം. ‘എന്‍ഡിടിവി’ അടക്കം പല മാധ്യമങ്ങളിലും ഇതിന്റെ ദൃശ്യങ്ങള്‍ സഹിതമുള്ള വാര്‍ത്തകള്‍ വരികയും ചെയ്തിരുന്നു.

ദീപാവലി ദിനത്തില്‍ ഉച്ചയ്ക്ക് ശേഷം തലസ്ഥാനത്തെ ‘എയര്‍ ക്വാളിറ്റി ഇന്‍ഡെക്‌സ്’ 339ലാണ് എത്തിനില്‍ക്കുന്നത്. പൂജ്യം മുതല്‍ 50 വരെയാണ് ഇന്‍ഡെക്‌സ് എങ്കില്‍ അന്തരീക്ഷം വളരെ നല്ലതായിരിക്കുന്നു എന്നതാണ് സൂചന. 51- 100 ആണെങ്കില്‍ തൃപ്തികരം എന്ന് പറയാം. 101-200 വലിയ പ്രശ്‌നമില്ല എന്ന രീതിയില്‍ വിലയിരുത്താം. 201- 300 ആണെങ്കില്‍ മോശം, 301- 400 ആയാല്‍ വളരെ മോശം, 401- 500 ആയാല്‍ അതിരൂക്ഷം എന്നിങ്ങനെയാണ് വിലയിരുത്തുന്നത്.

എന്നാൽ ഇതിൽ വളരെ മോശം എന്ന സ്ഥിതിയിലാണ് ഈ ദീപാവലി ദിനത്തിൽ തലസ്ഥാനമുള്ളത്. കഴിഞ്ഞ ഏതാനും ദിവസങ്ങളിലായി മെച്ചപ്പെട്ട അന്തരീക്ഷമായിരുന്നു ഇവിടെയുണ്ടായിരുന്നത് എന്നതും ശ്രദ്ധേയമാണ്. മഴക്കാലം നീണ്ടുനിന്നതും, ഇടവിട്ട് മഴ പെയ്തതുമെല്ലാം മലിനീകരണം കുറയ്ക്കാന്‍ സഹായിച്ചിരുന്നു.

ആഘോഷാവസരങ്ങളിൽ പടക്കങ്ങൾ ഉപയോഗിക്കുന്നത് അന്തരീക്ഷത്തെ പ്രതികൂലമായി ബാധിക്കുമെന്ന് കാട്ടി ഡൽഹി സർക്കാരും കാര്യമായ ബോധവത്കരണ പരിപാടികൾ നടത്തിയിരുന്നു. ദീപാവലിക്ക് മുന്നോടിയായി പ്രത്യേകം ക്യാംപയിനും സർക്കാർ സംഘടിപ്പിച്ചിരുന്നു. സെപ്തംബര്‍ 28നാണ് ദില്ലി മലിനീകരണ നിയന്ത്രണ സമിതി, പടക്കങ്ങളുടെ വില്‍പനയും ഉപയോഗവും നിരോധിച്ചുകൊണ്ടുള്ള ഉത്തരവിറക്കിയത്. 2022 ജനുവരി 1 വരെയാണ് നിരോധനം.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *