റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

കാടിനെയറിയാൻ കാട്ടിലൂടെ യാത്ര; വേറിട്ട അനുഭവമൊരുക്കി ജംഗിൾ സഫാരി

October 11, 2021 - 11:55 am

തൃശൂർ: കാടിനെയറിയാൻ കാട്ടിലൂടെയൊരു യാത്ര. ഡി ടി പി സിയൊരുക്കിയ ജംഗിൾ സഫാരി വേറിട്ട അനുഭവമാകുന്നു. തുമ്പൂർമുഴി മുതൽ മലക്കപ്പാറ വരെയാണ് കാട്ടിലൂടെയുള്ള യാത്ര.

ചാലക്കുടിയിൽ നിന്നും ആദ്യം എത്തിച്ചേരുന്നത് തുമ്പൂർമുഴിയിലേക്കാണ്.

തുമ്പൂർ മുഴി ഡാം 

ചാലക്കുടി പുഴയിൽ ചാലക്കുടിക്കും അതിരപ്പിള്ളിയ്ക്കും ഇടയിൽ തുമ്പൂർമുഴി എന്ന ഗ്രാമത്തിൽ പണിതിരിക്കുന്ന തടയണയാണ് ഈ ഗ്രാമത്തിന്റെ പ്രധാന ആകർഷണകേന്ദ്രം. തടയണ കവിഞ്ഞൊഴുകുന്ന വെള്ളം മനോഹരമായ ഒരു വെള്ളച്ചാട്ടത്തിന്റെ പ്രതീതി ജനിപ്പിക്കുന്നു.

തുമ്പൂർമുഴിയെ ഏഴാറ്റുമുഖവുമായി ബന്ധിപ്പിക്കുന്ന തൂക്കുപാലം നിരവധി വിനോദസഞ്ചാരികളെ ആകർഷിക്കുന്നുണ്ട്. വിനോദസഞ്ചാരികൾക്ക് തുമ്പൂർമുഴിയിൽ നിന്ന് തൂക്കുപാലം വഴി ഏഴാറ്റുമുഖവും സന്ദർശിക്കാം.

തുമ്പൂർമുഴി തടയണയോട് ചേർന്ന് ഒരു പൂന്തോട്ടവും കുട്ടികൾക്കായി കളിസ്ഥലവും ഉണ്ട്. ശലഭങ്ങളുടെ ആവാസ വ്യവസ്ഥയ്ക്ക് യോജിച്ചതാണ് ഈ പ്രദേശം. അതിനാൽ തന്നെ ഇവിടെ ധാരാളം ശലഭങ്ങളെ കാണുവാൻ സാധിക്കും.

ഇവിടെ റിട്ടയർഡ് ആയ ജവാന്മാർ നടത്തുന്ന കാന്റീനും പ്രാദേശിക വിഭവങ്ങൾ ലഭിക്കുന്ന സോസൈറ്റിയുമുണ്ട്. ഇവിടുത്തെ വിഭവങ്ങൾ അതീവ രുചികരമാണ്.

തുമ്പൂർ മുഴിയിൽ നിന്നും രുചികരമായ പ്രാതൽ കഴിച്ചു അതിരപ്പിള്ളിയിലേക്ക്.

അതിരപ്പിള്ളി എത്തുന്നതിന് മുൻപ് പത്തയർ മുതൽ കണ്ണകുഴി പാലം വരെ 11ഏക്കർ നിരന്നു നിൽക്കുന്ന ഈന്തപന തോട്ടം. ഈന്തപനകൾക്കിടയിൽ കൂടി നിറഞ്ഞൊഴുകുന്ന ചാലക്കുടി പുഴ. തുമ്പൂർ മുഴിയിൽ നിന്നും 13 കിലോമീറ്റർ കഴിഞ്ഞാൽ അതിരപ്പിള്ളിയിലെത്താം.

അതിരപ്പിള്ളി വെള്ളച്ചാട്ടം

കാലവർഷം കനത്തതോടെ അതിരപ്പിള്ളി വെള്ളച്ചാട്ടത്തിന്റ സൗന്ദര്യം ആസ്വദിക്കാൻ സഞ്ചാരികളുടെ ഒഴുക്കാണ്. ആർത്തലച്ചു വരുന്ന വെള്ളച്ചാട്ടവും പച്ചപ്പിന്റെ ഭംഗി നുകര്‍ന്നു കൊണ്ടുള്ള യാത്രയും എതൊരു സഞ്ചാരിയുടെയും മനം കവരും. മഴക്കാല യാത്രകളിൽ കാടും കാട്ടാറും നൽകുന്ന അനുഭൂതിയൊന്നു വേറെ തന്നെയാണ്. നിറഞ്ഞു കവിഞ്ഞ ചാലക്കുടിപ്പുഴ രൗദ്രഭാവത്തിൽ കരിമ്പാറകൂട്ടങ്ങളെ തഴുകി താഴേക്ക് പതിക്കുമ്പോൾ അതിരപ്പിള്ളി വെള്ളച്ചാട്ടം അതിന്റെ പൂർണ സൗന്ദര്യത്തിൽ നിറഞ്ഞു നിൽക്കുന്നു. പ്രകൃതിയുടെ ലഹരി ആവോളം ആസ്വദിച്ച് മനം കുളിർപ്പിക്കാൻ പറ്റിയയിടം, കുളിരുന്ന കാഴ്ചയും ഓര്‍മയുമാണ് അതിരപ്പിള്ളി. എത്ര കണ്ടാലും കണ്ണുകള്‍ക്ക് മതിവരാത്ത ചാലക്കുടി പുഴയിലെ വെള്ളച്ചാട്ടം ഒരുപാട് സിനിമകളുടെ ലൊക്കേഷനായിട്ടുണ്ട്. ഇതിന്റെ ഗരിമ ഇപ്പോള്‍ ബോളിവുഡും കടന്ന് ഹോളിവുഡിലും എത്തിയിട്ടുണ്ട്.

നിബിഢ വനവും ജൈവസമ്പത്തിന്റെ കലവറ കൂടിയായ അതിരപ്പിള്ളി സഞ്ചാരികളുടെ സ്വർഗമെന്നു വിളിക്കാം. പ്രക‍ൃതിയുടെ എല്ലാ ചേരുവകളും ചേർന്ന ഭൂമിയാണിവിടം.

അടുത്തത് ചാർപ്പായിലേക്കാണ്. അവിടെ എത്തുന്നതിനു മുൻപ് പുള്ളിമാനുകൾ തുള്ളികളിക്കുന്ന കണ്ണംകുഴി കാണാം. 150ഓളം മലയാർ വിഭാഗത്തിൽപെട്ട ആദിവാസി കുടുംബങ്ങൾ ഇവിടെ താമസിക്കുന്നുണ്ട്.

ചാർപ്പ

അതിരപ്പിളിയിൽ നിന്നും 2.50 കിലോമീറ്റർ മാത്രം അകലെയാണ് ചാർപ്പ. വെള്ളച്ചാട്ടത്തിലെ തണുത്ത മഞ്ഞണിഞ്ഞ ജലവും പാറകൾ നിറഞ്ഞ ഭൂപ്രകൃതിയും കാടും ഏറെ ആകർഷകമാണ്. 

വാഴച്ചാൽ

ചാലക്കുടി പുഴയുടെ ഭാഗമാണ് വാഴച്ചാൽ വെള്ളച്ചാട്ടം. ഷോളയാർ വനങ്ങളുടെ ഭാഗമാണ് വാഴച്ചാൽ. കാടിന്റെ മനോഹാരിതയും വെള്ളച്ചാട്ടത്തിന്റെ വന്യതയും ചെറു ചാലുകളും പുഴകളും തീർത്ത മനോഹര തീരമാണിത്.

പെരിങ്ങൽകുത്ത് അണക്കെട്ട്

വാഴച്ചാലിൽ നിന്നും 15 കിലോമീറ്റർ കഴിഞ്ഞാൽ പെരിങ്ങൽ കുത്ത് അണക്കെട്ട്. ഇവിടെ ഒരു പോസ്റ്റ്‌ ഓഫീസും 4ആം ക്ലാസ്സ്‌ വരെയുള്ള പ്രൈമാറി ഗവ സ്‌കൂളും ഉണ്ട്. കാടും ഡാമും തണുപ്പുമില്ലാം ചേർന്നു മനോഹരമായ കാഴ്ചയൊരുക്കുന്നുണ്ട് ഇവിടം.

 ആനക്കയം താഴ്വാരത്തിന് താഴെയാണ് അണക്കെട്ട് സ്ഥാപിച്ചിരിക്കുന്നത്. അണക്കെട്ടിന് 366 മീറ്റർ നീളവും 36.9 മീറ്റർ ഉയരവും ഉണ്ട്. ജലസംഭരണശേഷി 3.2 കോടി ഘനമീറ്ററാണ്.1949 മേയ് 20-ന് കൊച്ചി രാജാവ് രാമവർമ്മയാണ് ഈ അണക്കെട്ടിന്റെ ശിലാസ്ഥാപനം നിർ‌വഹിച്ചത്.

പെരിങ്ങൽ കുത്ത് ഐ ബിയിൽ നിന്നാണ് ഉച്ചഭക്ഷണം. വാസുവേട്ടന്റെ കൈപ്പുണ്യം വിളിച്ചോതുന്ന ചിക്കനും മീനും സാമ്പാറും തോരനുമെല്ലാം ചേർന്ന ചെറു സദ്യ.

ആനക്കയം

പെരിങ്ങൽകുത്തിൽ നിന്നും കറന്റ് ഉൽപാദിപ്പിച്ച് ബാക്കി വരുന്ന വെള്ളം ഒഴുകി പോകുന്നതാണ് ആനക്കയം. വളരെ ഭംഗിയുള്ള സ്ഥലം. ആനകൾ പതിവായി ഇറങ്ങുന്ന സ്ഥലം കൂടിയാണിത്.

ഷോളയാർ ഡാം

ചാലക്കുടി പുഴയുടെ പോഷക നദിയായ ഷോളയാറിൽ ഷോളയാർ ജലവൈദ്യുത പദ്ധതിയുടെ ഭാഗമായി നിർമിച്ച അണക്കെട്ടാണ് 

ഷോളയാർ അണക്കെട്ട് അഥവാ ലോവർ ഷോളയാർ അണക്കെട്ട് (Lower Sholayar Dam). 66 മീറ്റർ ഉയരവും 430 മീറ്റർ നീളവുമുള്ള പ്രധാന അണക്കെട്ടിനൊപ്പം 28 മീറ്റർ ഉയരവും 259 മീറ്റർ നീളവുമുള്ള ഷോളയാർ ഫ്ലാങ്കിംഗ് ഡാമും 18.59 മീറ്റർ ഉയരവും 109 മീറ്റർ നീളവുമുള്ള ഷോളയാർ ഡാമും ഈ പദ്ധതിയുടെ ഭാഗമാണ്. 1965-ലാണ് ഈ ഡാമുകൾ നിർമാണം പൂർത്തിയാക്കിയത്. മലക്കപ്പാറയിലേക്ക് പോകുന്ന സംസ്ഥാനപാത 21ന് സമീപമാണ് ലോവർ ഷോളയാർ ഡാം സ്ഥിതിചെയ്യുന്നത്. എന്നാൽ, തമിഴ്നാട്ടിലെ അപ്പർ ഷോളയാർ ഡാം മലക്കപ്പാറയിൽ നിന്ന് വാൽപ്പാറയിലേക്കുള്ള വഴിയിൽ ഏകദേശം 5 കിലോമീറ്റർ ദൂരത്തിൽ സ്ഥിതിചെയ്യുന്നു.

ഷോളയാർ പവർ സ്റ്റേഷൻ കഴിഞ്ഞതിന് ശേഷം 10 ഓളം ഹെയർ പിൻ കഴിഞ്ഞതിന് ശേഷമാണ് മലക്കപാറയിൽ എത്തി ചേരുന്നത്. പോകുന്ന വഴിയിൽ ഷോളയാർ ഡാമിൽ നിന്നും വെള്ളം ഒഴുകി പോകുന്ന പെൻസ്റ്റോക്ക് പൈപ്പുകൾ കാണാം.

മലക്കപ്പാറ

തമിഴ് നാടുമായി അതിർത്തി പങ്കിടുന്ന പ്രദേശം. തമിഴും മലയാളവും കൂട്ടി കലർത്തി സംസാരിക്കുന്ന ആളുകൾ. നിറയെ തേയില തോട്ടങ്ങൾ. കോടമഞ്ഞിന്റെ തണുപ്പ്. വളരെ ഭംഗിയുള്ള സ്ഥലം.

സമുദ്രനിരപ്പിൽനിന്ന് ഏകദേശം 900 മീറ്റർ ഉയരത്തിലാണ് മലക്കപ്പാറ സ്ഥിതി ചെയ്യുന്നത്.

ചെറുതും വലുതുമായ വെള്ളചാട്ടങ്ങൾ, അപൂർവയിനം സസ്യങ്ങൾ, ശലഭങ്ങൾ എന്നിവയും ആന, കാട്ടുപോത്ത്, കരിങ്കുരങ്ങ്, മാനുകൾ, മ്ലാവ് ഇങ്ങനെ ഒരുപാട് മൃഗങ്ങളെയും പോകുന്ന വഴിയിൽ കാണാം.

കോവിഡിന്റെ അടച്ചു പൂട്ടലിൽ നിന്നും ഉണർവ് നൽകുന്ന അനുഭവമാണ് മലക്കപ്പാറ യാത്രയെന്നതിൽ ഒരു സംശയവുമില്ല.

1200 രൂപയ്ക്ക് ഭക്ഷണവും സുരക്ഷിതമായ യാത്രയും കാഴ്‌ച്ചാനുഭവവും ഡി ടി പി സി സമ്മാനിക്കുന്നുണ്ട്.

ശീതികരിച്ച വാഹനമാണ് യാത്രയ്ക്ക് ഒരുക്കിയിരിക്കുന്നത്. യാത്രയിൽ ഗൈഡിന്റ് സേവനം ലഭ്യമാണ്. എൻട്രൻസ് പാസ്സ്, കുടിവെള്ളം, ബാഗ്, കിറ്റുകൾ എന്നിവ ഉൾപ്പെട്ടതാണ് ചാർജ്. ഒരാൾക്ക് 1200/-രൂപയാണ് ഒരു ദിവസത്തെ ജംഗിൾ സഫാരി പാക്കേജിന് ഈടാക്കുന്നത്. രാവിലെ 8 മണിക്ക് ചാലക്കുടി പിഡബ്ലിയു റസ്റ്റ്‌ ഹൗസിൽ

നിന്ന് ആരംഭിക്കുന്ന യാത്ര രാത്രി 8:30ഓടെ തിരിച്ചെത്തുന്നു.  ബുക്കിങ് നമ്പർ-  0480 2769888, 9497069888.

ചാലക്കുടി എം എൽ എ സനീഷ് കുമാർ ജോസഫും ഡി ടി പി സി സെക്രട്ടറി ഡോ കവിതയുമാണ് ഈ യാത്രയ്ക്ക് ചുക്കാൻ പിടിക്കുന്നത്. കൂടാതെ ജനപ്രതിനിധികളും ഉദ്യോഗസ്ഥരും എല്ലാ സഹായ സഹകരണങ്ങളും ചെയ്തുവരുന്നു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *