തനിക്ക് പാസ്‌പോര്‍ട്ടുപോലുമില്ലെന്ന് ക്രൈംബ്രാഞ്ചിനോട് മോൻസൻ

കൊച്ചി: തന്റെ കൈയില്‍ നയാപൈസയില്ലെന്ന് പുരാവസ്തുതട്ടിപ്പ് കേസില്‍ അറസ്റ്റിലായ മോന്‍സന്‍ മാവുങ്കല്‍. ക്രൈം ബ്രാഞ്ചിന്റെ ചോദ്യം ചെയ്യലിലാണ് മോന്‍സന്റെ പ്രതികരണം.

കൈയിലുണ്ടായിരുന്ന പണമെല്ലാം ധൂര്‍ത്തടിച്ചെന്നാണ് മോന്‍സന്‍ ക്രൈംബ്രാഞ്ചിനോട് പറഞ്ഞത്. പരാതിക്കാരില്‍ നിന്ന് പത്ത് കോടി വാങ്ങിയിട്ടില്ലെന്നും മോന്‍സന്‍ പറഞ്ഞു.

‘തട്ടിപ്പ് പണമുപയോഗിച്ച് പലയിടത്തുനിന്ന് പുരാവസ്തുക്കള്‍ വാങ്ങി. തട്ടിപ്പ് പണംകൊണ്ട് പള്ളിപ്പെരുന്നാള്‍ നടത്തി, ഇതിനായി ഒന്നരക്കോടി ചെലവായി,’ മോന്‍സന്‍ പറഞ്ഞു.

തനിക്ക് പാസ്‌പോര്‍ട്ടില്ലെന്നും ഇന്ത്യയ്ക്ക് പുറത്തേക്ക് സഞ്ചരിച്ചിട്ടില്ലെന്നും മോന്‍സന്‍ പറയുന്നു.

വീട്ടുവാടകയായി മാസം 50000 രൂപയും കറന്റ് ബില്ല് ശരാശരി പ്രതിമാസം 30000 രൂപയും ചെലവാക്കി. സ്വകാര്യ സുരക്ഷയ്ക്കുള്‍പ്പെടെ ശരാശരി മാസച്ചെലവ് ഇരുപത്തിയഞ്ച് ലക്ഷം വരുമെന്നും മോന്‍സന്‍ ചോദ്യം ചെയ്യലില്‍ പറഞ്ഞു.

തട്ടിപ്പുപണം കൊണ്ട് കാറുകള്‍ വാങ്ങിക്കൂട്ടിയെന്നും പ്രതി മൊഴി നല്‍കി. പണം തന്നവര്‍ക്ക് പ്രതിഫലമായി കാറുകള്‍ നല്‍കിയിട്ടുണ്ട്.

പരാതിക്കാരായ യാക്കൂബിനും അനൂപിനും പോര്‍ഷെ, ബി.എം.ഡബ്യൂ കാറുകള്‍ നല്‍കിയെന്നാണ് മൊഴി. 100 രാജ്യങ്ങള്‍ സന്ദര്‍ശിച്ചു എന്നത് വെറുതെ പറഞ്ഞതാണെന്നും മോന്‍സന്‍ ക്രൈംബ്രാഞ്ചിന് മൊഴി നല്‍കി.

പുരാവസ്തു വില്‍പ്പനയുടെ ഭാഗമായി തനിക്ക് രണ്ട് ലക്ഷത്തി അറുപതിനായിരം കോടി രൂപ രാജകുടുംബത്തില്‍ നിന്നടക്കം എത്തിയെന്ന് വിശ്വസിപ്പിച്ച് വിവിധ ആളുകളില്‍ നിന്ന് കോടികള്‍ കടം വാങ്ങിയായിരുന്നു മോന്‍സന്റെ തട്ടിപ്പ്.

Share
അഭിപ്രായം എഴുതാം