റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ആറ്റിങ്ങല്‍ : പിങ്ക്‌ വാഹനത്തില്‍ സൂക്ഷിച്ചിരുന്ന മൊബൈല്‍ മോഷ്ടിച്ചെന്നാരോപിച്ച്‌ നാട്ടുകാരുടെ മുമ്പില്‍ വച്ച് യുവാവിനെയും എട്ടുവയസുളള മകളെയും പോലീസുകാരി ആക്ഷേപിക്കുന്നതും ഇതേ മൊബൈല്‍ വാഹനത്തിനുള്ളില്‍ നിന്നുതന്നെ കണ്ടെത്തിയതുമായ സംഭവത്തിന്റെ വീഡിയോ വൈറലായതോടെ ബാലാവകാശ കമ്മീഷന്‍ കുട്ടിയുടെ വീട്ടിലെത്തി മൊഴിയെടുത്തു. യുവാവ്‌ നല്‍കിയ പരാതിയില്‍ ആറ്റിങ്ങല്‍ സിഐയും മൊഴി രേഖപ്പെടുത്തി.

2021 ഓഗസറ്റ്‌ 27 വെളളിയാഴ്‌ച വൈകിട്ട്‌ 3 മണിയോടെ ആറ്റിങ്ങല്‍ ദേശീയ പാതയിലെ മൂന്നുമുക്കിലാണ്‌ നാടകീയ സംഭവങ്ങള്‍ അരങ്ങേറിയത്‌. തോന്നക്കല്‍ മാങ്കൂട്ടമൂല കോട്ടറ വീട്ടില്‍ വാടകയ്‌ക്ക് താമസിക്കുന്ന ജയചന്ദ്രനും എട്ടുവയസുളള മകള്‍ ദേവ പ്രിയയും ഐഎസ്‌ ആര്‍ഒ യിലേക്ക്‌ കൊണ്ടുപോകുന്ന സിന്‍ടാക്‌സിന്‍ ചേമ്പറുകളുടെ നീക്കം കാണാനാണ്‌ മൂന്നുമുക്കിലെത്തിയത്‌. ഈ സമയം അവരുടെ അടുത്തെത്തിയ നൂറോളം ആളുകളുടെ മുന്നില്‍ വച്ചാണ്‌ പോലീസുകാരി ജയചന്ദ്രനെ കളളനാക്കി ചിത്രീകരിച്ചത്‌. നാട്ടുകാര്‍ ആദ്യം ഇത്‌ വിശ്വസിച്ചു. സംഭവം കണ്ട്‌ ഭയന്ന കുട്ടി വാവിട്ടുകരയാന്‍ തുടങ്ങി. ജയചന്ദ്രനെയും കുട്ടിയെയും സ്‌റ്റേഷനില്‍ കൊണ്ടുപോകുമെന്ന നില വന്നപ്പോള്‍ ഈ രംഗങ്ങളെല്ലാം തുടക്കം മുതല്‍ മൊബൈലില്‍ പകര്‍ത്തുകയായിരുന്ന യുവാവ്‌ രംഗത്തെത്തി.പോലീസിന്റെ പ്രവര്‍ത്തി മനുഷ്യത്വ രഹിതമാണന്ന്‌ പറഞ്ഞ യുവാവിനോടും അവര്‍ കയര്‍ത്തു. മറ്റാരുടെയെങ്കിലും മൊബൈലില്‍ നിന്ന്‌ കാണാതായ ഫോണിലേക്ക്‌ വിളിക്കാന്‍ യുവാവ്‌ ആവശ്യപ്പെട്ടു. മറ്റൊരു പോലീസുകാരി കാണാതായ മൊബൈല്‍ നമ്പരിലേക്കു വിളിച്ചപ്പോള്‍ പോലീസ്‌ വാഹനത്തിനുളളില്‍ തന്നെ മൊബൈല്‍ കണ്ടെത്തുകയും ചെയ്‌തു. എന്നാല്‍ താന്‍ ആക്ഷേപിച്ചവരോട്‌ മാപ്പുപോലും പറയാന്‍ തയ്യാറാവാതെ പോലീസുകാരി പോവുകയായിരുന്നു. വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചതോടെയാണ്‌ സംഭവം വിവാദമായത്‌. സംഭവത്തിനുശേഷം മകള്‍ ഭയന്നിരിക്കുകയാണെന്നും രാത്രി മുഴുവന്‍ ഉറങ്ങാതെ കഴിയുകയായിരുന്നുവെന്നും കുട്ടിയെ കളളിയെന്ന് വിളിച്ചു അധിക്ഷേപിച്ചുവെന്നും ജയചന്ദ്രന്‍ പോലീസിന്‌ നല്‍കിയ മൊഴിയില്‍ പറയുന്നു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *