ദസറ: ആഘോഷത്തിന് എത്തുന്ന ആനകൾക്കും കൊവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധം

ബെംഗളൂരു: മൈസൂരു ദസറ ആഘോഷത്തിന്  ആനകൾക്കും കൊവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കി. കൊവിഡ് പശ്ചാത്തലത്തിൽ കഴിഞ്ഞ വർഷവും ലളിതമായ ചടങ്ങുകൾ മാത്രമായാണ് ദസറ നടന്നത്. അതേരീതിയിൽ തന്നെയാകും ഇത്തവണത്തെയും ദസറ ആഘോഷം.

കഴിഞ്ഞവർഷവും ഗജപായന ചടങ്ങിന് ശേഷം ആനകളെ എത്തിച്ചപ്പോഴും കൊവിഡ് പരിശോധന നടത്തിയിരുന്നു. നേരത്തെ 15 ആനകളുണ്ടായിരുന്നിടത്ത്, കഴിഞ്ഞ വർഷത്തെ പോലെ അഞ്ച് ആനകളെ പങ്കെടുപ്പിച്ചായിരിക്കും ഇത്തവണയും ചടങ്ങുകൾ.  ആനക്യാമ്പുകളിലെത്തി പരിശോധിച്ച ശേഷമാണ് ആനകളെ മൈസുരുവിലേക്ക് എത്തിക്കുക. പരിശോധന ഫലങ്ങളുടെ അടിസ്ഥാനത്തിൽ നെഗറ്റീവ് സർട്ടിഫിക്കറ്റ് ലഭിച്ച ആനകളിൽ നിന്ന് പട്ടിക തയ്യാറാക്കിയ ദസറയിൽ പങ്കെടുക്കുന്ന ആനകളെ തെരഞ്ഞെടുക്കും.

പൊതുജനങ്ങളെ പങ്കെടുപ്പിക്കാതെ നടക്കുന്ന പരിപാടികളിൽ ആനകൾക്കൊപ്പം പാപ്പാൻമാർ, കാവടിയാട്ടത്തിന് എത്തുവന്നവർ, ദസറ സംഘാടകർ, മറ്റ് ഉദ്യോഗസ്ഥർ, അതിഥികൾ എന്നിവർക്കെല്ലാം കൊവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമാണ്. 

ഒക്ടോബറിലാണ് ഇത്തവണ പത്തു ദിവസം നീളുന്ന മൈസൂരു ദസറ നടക്കുക.

Share
അഭിപ്രായം എഴുതാം