കൊല്ലം: ജില്ലയുടെ വ്യവസായ സംരംഭകര്‍ക്ക് പ്രതീക്ഷയായി പരിശീലന കേന്ദ്രം നവീകരിക്കുന്നു. ആശ്രാമത്തെ ജില്ലാ വ്യവസായ കേന്ദ്രം കോമ്പൗണ്ടില്‍ പ്രവര്‍ത്തിക്കുന്ന വ്യവസായ സംരംഭകത്വ പരിശീലന കേന്ദ്രത്തിലാണ് പദ്ധതിക്ക് തുടക്കമായത്. ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തില്‍ ആധുനിക സൗകര്യങ്ങളോടെയാണ് കേന്ദ്രം വികസിപ്പിക്കുന്നത്. നവീകരിച്ചു കഴിഞ്ഞ പരിശീലന ഹാള്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സാം കെ. ഡാനിയല്‍ ഉദ്ഘാടനം ചെയ്തു. കോവിഡിന്റെ ഭാഗമായ സാമ്പത്തിക പ്രതിസന്ധികള്‍ തരണം ചെയ്യുന്നതിന് പരിശീലന കേന്ദ്രം സഹായകമാകും. വനിതാ സംരംഭകര്‍ക്ക് പ്രാമുഖ്യം നല്‍കുന്ന പദ്ധതികള്‍ വരികയാണ്. പത്തനാപുരം, കരീപ്ര എന്നിവിടങ്ങളിലെ വ്യവസായ എസ്റ്റേറ്റുകളിലെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ അന്തിമഘട്ടത്തിലാണെന്നും പ്രസിഡന്റ് അറിയിച്ചു.
35 ലക്ഷം രൂപ മുതല്‍മുടക്കില്‍ ഹൗസിംഗ് ബോര്‍ഡിനാണ് പദ്ധതിയുടെ നിര്‍മാണച്ചുമതല. സംരംഭകത്വ വികസനം വ്യവസായ വികസനം എന്നിവയുമായി ബന്ധപ്പെട്ട് വ്യവസായ വകുപ്പ് വഴിയും മറ്റു വകുപ്പുകള്‍ വഴിയും നടപ്പിലാക്കുന്ന പരിശീലന പരിപാടികള്‍, സെമിനാറുകള്‍ എന്നിവയുടെ നടത്തിപ്പിനാവശ്യമായ ആധുനിക സൗകര്യങ്ങള്‍ നവീകരിക്കുന്ന കേന്ദ്രത്തിന്റെ പ്രത്യേകതയാണ്.
ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ.സുമ ലാല്‍ അധ്യക്ഷയായി. സ്ഥിരം സമിതി അധ്യക്ഷരായ ഡോ.പി. കെ. ഗോപന്‍, അഡ്വ. അനില്‍ എസ്. കല്ലേലിഭാഗം, വസന്ത രമേശ്, സ്ഥിരം സമിതി അംഗം സുനിത രാജേഷ്, സെക്രട്ടറി കെ. പ്രസാദ്, ജില്ലാ വ്യവസായ കേന്ദ്രം ജനറല്‍ മാനേജര്‍ ബിജു കുര്യന്‍, മാനേജര്‍മാരായ കെ. എസ്. ശിവകുമാര്‍, ആര്‍. ദിനേശ് തുടങ്ങിയവര്‍ പങ്കെടുത്തു.