കുട്ടികളുടെ പിതൃത്വം തെളിയിച്ചിട്ടും ചെലവിന്‌ നല്‍കാതെ പിതാവ്‌ : നിയമ സഹായം ഉറപ്പാക്കി വനിത കമ്മീഷന്‍

ചിറയിന്‍കീഴ്‌ : ഭര്‍ത്താവ്‌ ഉപേക്ഷിച്ച ചിറയിവന്‍കീഴ്‌ സ്വദേശിനിക്കും മൂന്നുമക്കള്‍ക്കും നിയമ സഹായം ഉറപ്പാക്കി സംസ്ഥാന വനിത കമ്മീഷന്‍. മൂന്നുമക്കളുടെയും പിതൃത്വം ഡിഎന്‍എ പരിശോധനയിലൂടെ തെളിയിച്ചിട്ടും കുടുംബത്തിനെ ഒപ്പം കൂട്ടാനോ ജീവനാംശം നല്‍കാനോ ഭര്‍ത്താവ്‌ തയ്യാറാകാതെ വന്നതോടെയാണ്‌ വനിത കമ്മീഷന്‍റെ ഇടപെടല്‍. 2021 ജൂലൈ 19 തിങ്കളാഴ്‌ച വനിതാ കമ്മീഷന്‍ നടത്തിയ അദാലത്തിലാണ്‌ തീരുമാനം. ഇനിയൊരു കുടുംബ ജീവിതത്തിന്‌ താല്‍പ്പര്യമില്ലെന്നും ജീവനാംശം ലഭിക്കണെമെന്നും അറിയച്ചതിനെ തുടര്‍ന്നാണ്‌ കമ്മീഷന്‍റെ ഇടപെടല്‍. ഇവര്‍ക്ക് കുടുംബ കോടതിയില്‍ നിയമ സഹായം ഒരുക്കും. ഇവരുടെ രണ്ടുമക്കള്‍ പ്രയപൂര്‍ത്തിയായവരാണ്‌.

ഏഴുവര്‍ഷം മുമ്പ്‌ പിണങ്ങി പോയതാണ്‌ ഇവരുടെ ഭര്‍ത്താവ്‌. കുടുംബത്തിന്‌ ചെലവിന്‌ നല്‍കണമെങ്കില്‍ കുട്ടികളുടെ പിതൃത്വം തെളിയിക്കണമെന്ന്‌ ഭര്‍ത്താവ്‌ ആവശ്യപ്പെട്ടതായി പരാതിയില്‍ പറയുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ കമ്മീഷനെ സമീപിച്ച സ്‌ത്രീയേയും അവരുടെ ഭര്‍ത്താവിനെയും മൂന്നുമക്കളെയും സൗജന്യമായി ഡിഎന്‍എ ടെസ്‌റ്റിന്‌ വിധേയമാക്കിയിരുന്നു. പരിശോധനയില്‍ കുട്ടികളുടെ ബയോളജിക്കല്‍ പിതാവ്‌ ഇയാള്‍ തന്നെയാണെന്ന് തെളിഞ്ഞതിനെ തുടര്‍ന്ന്‌ ഇരുവരെയും അദാലത്തില്‍ വിളിച്ചുവരുത്തുകയായിരുന്നു.

എന്നാല്‍ ചെലവിന്‌ നല്‍കാന്‍ ഇനിയും കൂട്ടാക്കാത്ത നിലപാടായിരുന്നു ഭര്‍ത്താവിന്‍റേത്. അതിനാല്‍ പരാതിക്കാരിക്ക്‌ ജീവനാംശം ലഭിക്കാന്‍ കുടുംബ കോടതിയെ സമീപിക്കുന്നതിനാവശ്യമായ സഹായം ചെയ്യുമെന്ന്‌ കമ്മീഷന്‍ വ്യക്തമാക്കി. കമ്മീഷന്‍ അംഗങ്ങളായ അഡ്വ. എംഎസ്‌ താര,ഇഎം രാധ എന്നിവര്‍ അദാലത്തില്‍ പങ്കെടുത്തു. ഇതുള്‍പ്പെട 24 പരാതികളാണ്‌ അദാലത്ത പരിഗണിച്ചത്‌. 9 പരാതികളില്‍ തീര്‍പ്പായി.

Share
അഭിപ്രായം എഴുതാം