റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

കൊച്ചി ബ്യൂട്ടിപാര്‍ലര്‍ കേസില്‍ രവി പൂജാരിയുടെ കുറ്റസമ്മതം

June 4, 2021 - 11:52 am

കൊച്ചി: സിനിമാനടി ലീന മരിയ പോളിന്റെയും പങ്കാളി ശേഖര്‍ ചന്ദ്രശേഖറിന്റെയും കൈവശമെത്തിയ ഹവാലപ്പണം തട്ടിയെടുക്കാന്‍ താന്‍ ആസൂത്രണം ചെയ്‌തതാണ്‌ കൊച്ചിയിലെ ബ്യൂട്ടിപാര്‍ലര്‍ വെടിവയ്‌പ്പെന്ന്‌ അധോലോകനായകന്‍ രവി പൂജാരിയുടെ കുറ്റസമ്മതം. 25 കോടി രൂപ ആവശ്യപ്പെട്ട്‌ പലകുറി താന്‍ നടിയെ ഭീഷണിപ്പെടുത്തിയെങ്കിലും അവര്‍ വഴങ്ങാതിരുന്നതാണ്‌ ഓപ്പറേഷന്‍ നടത്താന്‍ കാരണമെന്നും, കേരളത്തിലെ തന്റെ അനുയായികളെ ഉപയോഗിച്ചാണ്‌ ഓപ്പറേഷന്‍ നടത്തിയതെന്നും രവിപൂജാരി പറഞ്ഞു. ഭീകരവിരുദ്ധസ്‌ക്വാഡും ക്രൈംബ്രാഞ്ചും ചേര്‍ന്ന്‌ നടത്തിയ ചോദ്യം ചെയ്യലിലാണ്‌ രവി പൂജാരി കുറ്റസമ്മതം നടത്തിയതെന്ന്‌ പോലീസ്‌ വൃത്തങ്ങള്‍ പറഞ്ഞു.

തീവ്രവാദ വിരുദ്ധ സ്‌ക്വാഡ്‌ മേധാവി ഐജി അനൂപ്‌ കുരുവിളയുടെ നേതൃത്വത്തിലാണ്‌ ചോദ്യം ചെയ്യല്‍. തൃപ്പൂണിത്തുറയിലെ ക്രൈംബ്രാഞ്ച്‌ ജില്ലാ ആസ്ഥാനത്തെത്തിച്ച്‌ ചോദ്യം ചെയ്യല്‍ തുടരും. 2018 ഡിസംബര്‍ 15നാണ്‌ നടി ലീനാ മരിയയുടെ ബ്യൂട്ടിപാര്‍ലറിലേക്ക്‌ ബൈക്കിലെത്തിയ രണ്ടുപേര്‍ വെടിവച്ചത്‌. നാലുദിവസം കഴിഞ്ഞ്‌ മലയാളം ടിവി ചാനലില്‍ വിളിച്ച താനാണ്‌ ആക്രമണത്തിന്‌ പിന്നിലെന്ന്‌ രവിപൂജാരി അവകാശപ്പെടുകയായിരുന്നു.

വെടിവയ്‌പ്‌ നടത്തിയ ആലുവാ കോമ്പാറ സ്വദേശി ബിലാല്‍(35),കടവന്ത്ര കസ്‌തൂര്‍ബാ നഗര്‍ വിപിന്‍ വര്‍ഗീസ്‌ (30) എന്നിവര്‍ ക്രൈംബ്രാഞ്ചിന്റെ പിടിയിലായി. ലീന മരിയയേയും ടിവി ചാനലിലും വിളിച്ചത്‌ പൂജാരി തന്നെയാണെന്ന്‌ ശാസ്‌ത്രീയമായി സ്ഥിരീകരിക്കാന്‍ ശബ്ദസാമ്പിള്‍ ശേഖരിക്കും. 2018ല്‍ മുന്‍ പ്രതിപക്ഷ നേതാവ്‌ രമേശ്‌ ചെന്നിത്തലയെ ഡോണ്‍ എന്ന പേരില്‍ ഫോണ്‍ വിളിച്ചതും പൂജാരിയാണെന്ന്‌ സംശയമുണ്ട്‌.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *