തിരുവനന്തപുരം: പൂന്തുറയിൽ ബോട്ടപകടത്തിൽ കാണാതായ രണ്ട് മത്സ്യത്തൊഴിലാളികളുടെ മൃതദേഹങ്ങൾ കണ്ടെത്തി. കോസ്റ്റ് ഗാർഡ് നടത്തിയ തെരച്ചിലിൽ പൂന്തുറ സ്വദേശികളായ ജോസഫ് (47), സേവ്യർ (55) എന്നിവരുടെ മൃതദേഹമാണ് 27/05/21 വ്യാഴാഴ്ച കണ്ടെത്തിയത്. ജോസഫിന്റെ മൃതദേഹം പൂവാറിൽ നിന്നും സോവ്യറിന്റെ മൃതദേഹം അടിമലത്തുറയിൽ നിന്നുമാണ് കണ്ടെത്തിയത്.
25/05/21 ചൊവ്വാഴ്ചയാണ് പൂന്തുറയിലെ മത്സ്യത്തൊഴിലാളികളുടെ ബോട്ടുകൾ അപകടത്തിൽപെട്ടത്. കടൽക്ഷോഭത്തെ തുടർന്ന് ബോട്ടുകൾ ഹാർബറുകളിലേക്ക് പ്രവേശിക്കാൻ ശ്രമിക്കുന്നതിനിടെ അപകടമുണ്ടാവുകയായിരുന്നു. 14 പേരെ കോസ്റ്റ്ഗാർഡും തൊഴിലാളികളും ചേർന്ന് രക്ഷപെടുത്തിയിരുന്നു. കാണാതായവരിൽ പൂന്തുറ സ്വദേശി ഡേവിഡ്‌സൺ എന്നയാളുടെ മൃതദേഹം കഴിഞ്ഞ ദിവസം കണ്ടെത്തിയിരുന്നു.

