ന്യൂഡല്‍ഹി: ഹത്രാസില്‍ ദളിത് പെണ്‍കുട്ടി പീഡനത്തിനിരയായി കൊല്ലപ്പെട്ട സംഭവത്തില്‍ റിപ്പോര്‍ട്ടു ചെയ്യാന്‍ പോകുന്നതിനിടെ യുപിയില്‍ അറസ്റ്റിലായ മലയാളി മാധ്യമ പ്രവര്ത്തകന് സിദ്ദിക് കാപ്പനെതിരെയും മറ്റ് ഏഴുപേര്‍ക്കെതിരെയും പ്രത്യേക അന്വേഷണ സംഘം കുറ്റപത്രം സമര്‍പ്പിച്ചു.
മഥുര കോടതിയില്‍ സമര്‍പ്പിച്ച 5000ത്തിലേറെ പേജുളള കുറ്റ പത്രത്തില്‍ കാമ്പസ് ഫ്രണ്ട് ദേശീയ ജനറല്‍ സെക്രട്ടറി മലയാളിയായ കെഎ റൗഫ് ഷെരീഫ്, കാമ്പസ് ഫ്രണ്ട്,പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരായ അതീഖൂര് റഹ്മാന് മസൂദ് അഹമ്മദ്, അസദ് ബദറുദ്ദീന്‍, ഫിറോസ് ,ഡാനിഷ് സമദ് എന്നിവര്‍ക്കെതിരെയാണ് കുറ്റപത്രം. ഹത്രാസില്‍ കലാപമുണ്ടാക്കാനുളള ഗൂഡാലോചനയുടെ മുഖ്യ സൂത്രധാരകന്‍ സിദ്ദിക്ക് ആണെന്നും ആസൂത്രണത്തോടൊപ്പം പണം എത്തിക്കുകയും ചെയ്തത് റൗഫ് ഷെരീഫാണെന്നും കുറ്റ പത്രത്തില്‍ പറയുന്നുവെന്നാണ് വിവരം.



