വടകര: പുതുവത്സരാഘോഷത്തിനിടെ വീട്ടില്‍ കയറി അക്രമം നടത്തിയെന്ന സ്‌ത്രീകളുടെ പരാതിയില്‍ ചോമ്പാല മുന്‍ എസ്‌ഐ ഉള്‍പ്പടെ ആറ് പോലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ കേസ്. ചോമ്പല്‍ പോലീസ് സ്‌റ്റേഷനിലെ മുന്‍ പ്രിന്‍സിപ്പല്‍ എസ്‌ഐ പിവി പ്രശോഭ് ,എസ്‌ഐ അബ്ദുള്‍ സലാം, എഎസ്‌ഐ മനോജ്‌കുമാര്‍, സിവില്‍ പോലീസ് ഓഫീസര്‍മാരായ ഷാജി, വിശ്വനാഥന്‍, രതീഷ് പടിക്കല്‍ എന്നിവരാണ് പ്രതികള്‍. വടകര ജുഡഷ്യല്‍ ഒന്നാംക്ലാസ് മജിസ്‌ട്രേറ്റ് കോടതിയാണ് നേരിട്ട് കേസെടുത്തത്.
അതേസമയം പ്രവര്‍ത്തകരെ കസ്‌റ്റഡിയിലെടുത്തതിനെ തുടര്‍ന്ന് മുന്‍ എസ്‌ഐ പ്രശോഭിനെതിരെ സിപിഎം പോലീസ് സ്‌റ്റേഷന്‍ മാര്‍ച്ച് നടത്തുകയും തുടര്‍ന്ന് എസ്‌ഐയെ പെരുവണ്ണാമൂഴി പോലീസ് സ്‌റ്റേഷനിലേക്ക് സ്ഥലം മാറ്റുകയും ചെയ്‌തിരുന്നു. ചോമ്പാല മുന്‍ എഇഒ ഓഫീസിന് സമീപമുളള വീട്ടില്‍ കേക്ക് മുറിച്ച് സ്‌ത്രീകളും കുട്ടികളും അടങ്ങുന്ന സംഘം പുതുവത്സരാഘോഷം നടത്തുന്നതിനിടെയായിരുന്നു സംഭവം. വീട്ടില്‍ അതിക്രമിച്ചുകയറി അക്രമം നടത്തിയെന്ന് കാണിച്ച് മാവുളളതില്‍ അതില, രാജി, എന്നിവര്‍ കൊടുത്ത പരാതി ഫയലില്‍ സ്വീകരിച്ചാണ് കോടതി ഇടപെടല്‍.
അതേസമയം പുതുവത്സരാഘോഷവുമായി ബന്ധപ്പെട്ട് പോലീസ് കസ്‌റ്റഡിയിലെടുക്കാന്‍ ശ്രമിച്ച ആളെ ബലം പ്രയോഗിച്ച രക്ഷപെടുത്തിയെന്ന പേരില്‍ സിപിഎം പ്രവര്‍ത്തകനായ ഹേമന്തിനെ പോലീസ് വീട്ടിലെത്തി കസ്‌റ്റഡിയിലെടുത്തിരുന്നു. കസ്റ്റഡിയിലെടുക്കുന്നതിനിടെ പോലീസ് ഹേമന്ദിന്‍റെ വീട്ടില്‍ സ്‌ത്രീകളോടും കുട്ടികളോടും അതിക്രമം കാട്ടിയെ ന്നാരോപിച്ച് സിപിഎം പോലീസ്‌റ്റേഷന്‍ മാര്‍ച്ച് നടത്തി.
പെരുവണ്ണാമൂഴിയില്‍ ക്രമസമാധാന പ്രശ്‌നങ്ങള്‍ കൂടിയ സാഹചര്യത്തില്‍ അധികമായി ഒരു എസ്‌ഐയെ കൂടി നിയമിച്ചതാണെന്നും സ്ഥലംമാറ്റത്തില്‍ അസ്വാഭാവികതയില്ലെന്നും റൂറല്‍ എസ്‌പി വ്യക്തമാക്കി. ഇതിന് പിന്നാലെയാണ് സ്‌ത്രീകള്‍ പരാതിയുമായി എത്തിയത്.



