തിരുവനന്തപുരം: അടുത്ത നിയമസഭാ തെരഞ്ഞെടുപ്പു മുതല്‍ കുറ്റകൃത്യങ്ങളിലും കേസുകളിലും പെട്ടവരെ സ്ഥാനാര്‍ത്ഥിയാക്കിയാല്‍ അവരെ മത്സരിപ്പിക്കുന്ന രാഷ്ട്രീയ പാര്‍ട്ടികള്‍ സമാധാനം പറയേണ്ടി വരും. എന്തുകൊണ്ട് കേസുകളില്ലാത്ത ആളെ കണ്ടുപിടിക്കാന്‍ കഴിഞ്ഞില്ല എന്ന് വിശദീകരിക്കണം രാഷ്ട്രീയ കക്ഷികള്‍ നല്‍കണം. സാധാരണ ഗതിയില്‍ സ്ഥാര്‍ത്ഥി നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കുമ്പോള്‍ തന്‍റെ പേരിലുളള കേസുകളുടേയും കുറ്റകൃത്യങ്ങളുടേയും വിവരങ്ങള്‍ സമര്‍പ്പിക്കണമെന്നാണ് നിബന്ധന.
എന്നാല്‍ ഈ ഉത്തരവാദിത്തം രാഷ്ട്രീയ കക്ഷികള്‍ക്കുകൂടി ബാധകമാക്കു ന്നതാണ് പുതിയ തീരുമാനം. മിക്ക സ്ഥാനാര്‍ത്ഥികള്‍ക്കുമെതിരെ സാധാരണ ഗതിയില്‍ സമരങ്ങളുമായി ബന്ധപ്പെട്ടുളള ക്രിമിനല്‍ കേസുകളാവും ഉണ്ടാവുക. എന്നാല്‍ അല്ലാത്ത ചിലരും സ്ഥാനാര്‍ത്ഥികളായി വരാറുളള സാഹചര്യങ്ങളുണ്ട്. ആ സാഹചര്യം കൂടി ഒഴിവാക്കുകയെന്ന ലക്ഷ്യത്തിലാണ് ഈ പുതിയ നീക്കം.
കഴിഞ്ഞ തവണത്തെപ്പോലെ സ്ഥാനാര്‍ത്ഥികള്‍ തങ്ങള്‍ പ്രതിയായിട്ടുളള കേസുകളും കുറ്റകൃത്യങ്ങളും കൃത്യമായി സമര്‍പ്പിക്കുന്നതിന് പുറമേ ഇക്കാര്യങ്ങള്‍ മൂന്നുതവണ മാധ്യമങ്ങളിലൂടെ പരസ്യപ്പെടുത്തുകയും വേണം. നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കുന്നതിനോടൊപ്പം തന്നെ രാഷ്ട്രീയ പാര്‍ട്ടികളുടെ വിശദീകരണവും സമര്‍പ്പിക്കേണ്ടി വരും.



