കൊച്ചി: ചോറ്റാനിക്കര ദേവീ ക്ഷേത്രത്തിന് 700 കോടിയുടെ പദ്ധതി നടപ്പിലാക്കാന്‍ സന്നദ്ധത അറിയിച്ച ഭക്തന്റെ പരാതിയെ തുടര്‍ന്ന് പ്രത്യേക യോഗം വിളിച്ച് കടകംപളളി സുരേന്ദ്രന്‍ . ബംഗ്ളൂരുവിലെ വ്യവസായിയായ ഗണശ്രാവണന്‍ ആണ് ക്ഷേത്രത്തിന് വന്‍തുക നല്‍കാവന്‍ സന്നദ്ധത അറിയിച്ച് ഒരു വര്‍ഷം മുമ്പ് രംഗത്തുവന്നത്. എന്നാല്‍ നടപടിക്രമങ്ങള്‍ വൈകുന്ന സാഹചര്യത്താലാണ് മന്ത്രി നേരിട്ടിടപെട്ടത്.
ഇത്രവലിയ പദ്ധതിക്ക് കോടതിയുടെ അനുമതി ലഭിക്കേണ്ടത് ആവശ്യമാണ് . ഇതിനായി ഹൈക്കോടതിയില്‍ അപേക്ഷ കൊടുക്കാന്‍ ക്ഷേത്രത്തില്‍ കൂടിയ യോഗത്തില്‍ തീരുമാനമായി. കോടതിയുടെ അംഗീകാരം കിട്ടുന്ന മുറക്ക് പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമാവും. മന്ത്രിയുടെഅദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ ജില്ലാ കളക്ടര്‍ എസ് സുഹാസ് ,ചീഫ് കമ്മീഷണര്‍ വേണുഗോപാല്‍ ദേവസ്വം ബോര്‍ഡ് അംഗങ്ങള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
കേരളത്തിലെ ഏറ്റവും വലിയ ക്ഷേത്ര നഗരിയാണ് പദ്ധതിയിലൂടെ വിഭാവനം ചെയ്യുന്നത്. ചോറ്റാനിക്കരയെ അന്താരാഷ്ട തീര്‍ത്ഥാടന കേന്ദ്രമാക്കി മാറ്റുകയാണ് ലക്ഷ്യം. 300 കോടി രൂപ ചെലവിട്ട് ക്ഷേത്രത്തില്‍ സ്വര്‍ണ്ണം പതിപ്പിക്കും. 500 കിടക്കകളുളള ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ സൗജന്യ ചികിത്സ ലഭ്യമാക്കുന്ന ആശുപത്രി, റിംഗ് റോഡുകളുടെ നവീകരണം, രണ്ട് പാലം, ഡ്രെയിനേജ്, കരകൗശല വസ്തുക്കള്‍ക്കായി ഇന്‍ഡസ്ട്രിയല്‍ പാര്‍ക്ക്, വാണിജ്യ സമുച്ചയങ്ങള്‍ എന്നിവയും പദ്ധതി രൂപരേഖയിലുണ്ട്.
കര്‍ണ്ണാടകയിലെ രത്‌ന വ്യാപാരിയായ ശ്രാവണന്‍ നാലുവര്‍ഷം മുമ്പ് ബിസിനസില്‍ ഉണ്ടായ തകര്‍ച്ചയെ തുടര്‍ന്നാണ് ചോറ്റാനിക്കരയില്‍ ദര്‍ശനത്തിനെത്തിയത്. തുടര്‍ന്ന് ബിസിനസില്‍ ഉയര്‍ച്ചയുണ്ടായപ്പോള്‍ ലാഭത്തിന്റെ ഒരുഭാഗം ചോറ്റാനിക്കര ക്ഷേത്ര നവീകരണത്തിനായി മാറ്റി വയ്ക്കുകയായിരുന്നു. ക്ഷേത്രത്തിന്റെ ആദ്യഘട്ട പ്രവര്‍ത്തനങ്ങളെപ്പറ്റി കഴിഞ്ഞ നവംബറില്‍ ശ്രാവണന്‍ നേരിട്ടെത്തി പ്രഖ്യാപനം നടത്തിയിരുന്നു.



