കൊച്ചി: മോഡലിംഗിന്റെ പേരിൽ യുവതികളെ ദുബായിലെത്തിച്ച് ക്രൂരപീഡനത്തിനിരയാക്കിയെന്ന് പരാതി. പീഡനത്തിന് ഒത്താശ ചെയ്ത രണ്ട് യുവതികളെ മരട് പോലീസ് അറസ്റ്റ് ചെയ്തു. സിന്ധു, അലീന എന്നിവരാണ് അറസ്റ്റിലായത്.
യുവതികളെ മോഡലിംഗിന്റെ പേരിൽ വിദേശത്ത് എത്തിക്കുന്നു.
നിരവധി കേസുകളിൽ പ്രതിയാണ് അറസ്റ്റിലായ അലീന. കൊച്ചിയിൽ നിന്നും സംസ്ഥാനത്തിന്റെ മറ്റ് ഭാഗങ്ങളിൽ നിന്നും യുവതികളെ മോഡലിംഗിന്റെ പേരിൽ ദുബായിലേക്കും മറ്റ് ജിസിസി രാജ്യങ്ങളിലേക്കും എത്തിക്കുന്നതിന്റെ പ്രധാന ബുദ്ധികേന്ദ്രം അലീനയും സിന്ധുവുമാണ്. വിദേശത്ത് ഹോട്ടലിൽ എത്തിച്ച് ലഹരി മരുന്ന് നൽകി യുവതികളെ അബോധാവസ്ഥയിലാക്കി ഒന്നിലധികം ആളുകൾ പീഡനത്തിനിരയാക്കും. ഈ ദൃശ്യങ്ങൾ പകർത്തും. തുടർന്ന് പീഡന ദൃശ്യങ്ങൾ കാണിച്ച് വീണ്ടും ഇവരെ പീഡിപ്പിക്കും. ഭീഷണിക്ക് വഴങ്ങാത്ത യുവതികളുടെ ബന്ധുക്കൾക്ക് പീഡനദൃശ്യങ്ങൾ അയച്ചു നൽകും.
മുംബെയിൽ അറസ്റ്റിലായ ഇവരെ ഇന്ന് കൊച്ചിയിലെത്തിക്കും.
അഞ്ച്പേർ പീഡനത്തിനിരയായെന്നും ഇതിൽ മൂന്നുപേർ പരാതി നൽകിയെന്നും പോലീസ് പറയുന്നു. മൂന്നുപേരുടെ രഹസ്യമൊഴിയെടുത്തതിന്റെ അടിസ്ഥാനത്തിലാണ് അലീന, സിന്ധു എന്നിവരിലേക്ക് അന്വേഷണം എത്തിയത്. സിന്ധുവിനെ മുംബൈയിലെത്തിയാണ് മരട് പോലീസ് അറസ്റ്റ് ചെയ്തത്. ഇവരെ ഇന്ന് കൊച്ചിയിലെത്തിക്കും.
ഗുണ്ടാസംഘങ്ങളുമായി ബന്ധം
സംഭവത്തിൽ നിരവധിയാളുകൾ ഉൾപ്പെട്ടിട്ടുണ്ടെന്നും ഇവരെയും ഉടൻ അറസ്റ്റ് ചെയ്യുമെന്നും പോലീസ് അറിയിച്ചു. നേരത്തെ, ബാറിൽ അടിയുണ്ടാക്കിയതിന് അലീന അറസ്റ്റിലായിരുന്നു. ഗുണ്ടാസംഘങ്ങളുമായി ഇവർക്ക് ബന്ധമുണ്ടെന്നും പോലീസ് അറിയിച്ചു. തൃശൂർ, കോഴിക്കോട് എന്നിവിടങ്ങളിൽ നിന്നുള്ള യുവതികളും പീഡനത്തിനിരയായിട്ടുണ്ടന്ന് പോലീസ് അറിയിച്ചു.