റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ഖാദിബോര്‍ഡ്‌ കെട്ടിടനിര്‍മ്മാണത്തിന്‌ ഫണ്ട്‌ പിരിക്കാന്‍ സെക്രട്ടറിയെ ആരും ചുമതലപ്പെടുത്തിയിട്ടില്ലെന്ന് ശോഭനാ ജോര്‍ജ്‌

December 10, 2020 - 7:50 pm

കണ്ണൂര്‍: പാപ്പിനിശേരിയില്‍ സ്വകാര്യ പങ്കാളിത്തത്തോടെ ഖാദി ബോര്‍ഡ്‌ നിര്‍മ്മിക്കുന്ന വ്യാപാര സമുച്ചയത്തിന്‌ 50 കോടി രൂപയുടെ സഹായം തേടി ബോര്‍ഡ്‌ സെക്രട്ടറി കെഎം രതീഷ്‌ സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി എംവി ജയരാജന്‌ കത്തയച്ചത്‌ വിവാദമായി.

ഫണ്ട്‌ ശേഖരിക്കാന്‍ രതീഷിനെ ആരും ചുമതലപ്പെടുത്തിയട്ടില്ലെന്ന്‌ ഖാദി ബോര്‍ഡ്‌ വൈസ്‌ ചെയര്‍പേഴ്‌സണ്‍ ശോഭന ജോര്‍ജ്‌ പറഞ്ഞു. സര്‍ക്കാര്‍ ചട്ടങ്ങള്‍ അട്ടിമറിച്ചും ഖാദിബോര്‍ഡില്‍ തീരുമാനിക്കാതെയും പദ്ധതിക്കായി സാങ്കേതിക അനുമതി വാങ്ങാതെയുമാണ്‌ കെട്ടിടത്തിന്‌ തറക്കല്ലിട്ടതെന്നും ആരോപണമുയര്‍ന്നിരുന്നു. വിവാദമായതോടെ ഭരണാനുമതിക്കായി ബോര്‍ഡ്‌ സെക്രട്ടറി സര്‍ക്കുലര്‍ ഇറക്കി. മാസങ്ങള്‍ക്കുമുമ്പേയുളള തീയതിയിട്ട്‌ ഫയല്‍ ഉണ്ടാക്കി പദ്ധതി ക്രമപ്പെടുത്താനുളള നീക്കം നടത്തിയെന്ന ആരോപണവും പിന്നാലെയുണ്ടായി. ഡയറക്ടര്‍മാരോടുപോലും കൂടിയാലോചിക്കാതെയുളള പദ്ധതിക്കുപിന്നില്‍ സെക്രട്ടറിയുടെ താല്‍പ്പര്യമാണെന്ന ആക്ഷേപമുണ്ട്‌.

കഴിഞ്ഞ ഒക്ടോബര്‍ 23നാണ്‌ സര്‍ക്കാര്‍ ഭൂമിയില്‍ വ്യാപാര സമുച്ചയത്തിന്‌ തറക്കല്ലിട്ടത്‌. പ്ലാനും എസ്റ്റിമേറ്റുപോലും തയ്യാറാക്കാതെയായരുന്നു ഇത്‌. ബോര്‍ഡ്‌ ചെയര്‍മാനായ വ്യവസായ മന്ത്രി അംഗീകരിച്ചുവെന്ന്‌ കാണിച്ച്‌ എല്ലാ മെമ്പര്‍മാര്‍ക്കും സര്‍ക്കുലര്‍ അയച്ച്‌ ഒപ്പും സംഘടിപ്പിച്ചിരുന്നു. സെക്രട്ടറിയുടെ നിലപാടിനെ ബോര്‍ഡ്‌ അംഗങ്ങള്‍ വിര്‍ശിച്ചിരുന്നു. ഇവിടെ സില്‍ക്ക്‌ യൂണിറ്റിനുവേണ്ടി പണിത കെട്ടിടത്തിലും വന്‍ കൃത്രിമം നടന്നിട്ടുളളതായി ആരോപണമുണ്ട്‌. ചോര്‍ന്നൊലിക്കുന്ന കെട്ടിടത്തിനു മുകളില്‍ ഷീറ്റ്‌ വിരിച്ചാണ്‌ സംരക്ഷിച്ചുപോരുന്നത്‌.

കശുവണ്ടി വികസന കോര്‍പ്പറേഷനില്‍ സിബിഐ അന്വേഷിക്കുന്ന കോടികളുടെ അഴിമതിക്കേസില്‍ പ്രതിയാണ്‌ രതീഷ്‌ . ഈ കേസില്‍ അന്വേഷണം നേരിടുമ്പോള്‍ തന്നെ ഇദ്ദേഹത്തെ ഖാദിബോര്‍ഡ്‌ സെക്രട്ടറിയാക്കിയതിനെതിരെ പ്രതിഷേധം ഉയര്‍ന്നിരുന്നു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *