ന്യൂ ഡൽഹി: മുൻ പ്രധാനമന്ത്രി ശ്രീ ഐ കെ ഗുജ്റാളിന്റെ സ്മരണാർഥമുള്ള തപാൽ സ്റ്റാമ്പ് വെർച്വലായി പുറത്തിറക്കി ഉപരാഷ്ട്രപതി ശ്രീ എം വെങ്കയ്യ നായിഡു അദ്ദേഹത്തിന് ആദരമർപ്പിച്ചു.
ശ്രീ ഗുജ്റാൾ വിജ്ഞാനിയും, മൃദുഭാഷിയും, മാന്യനായ രാഷ്ട്രീയക്കാരനുമായിരുന്നുവെന്ന് ശ്രീ നായിഡു പറഞ്ഞു. പ്രതിസന്ധികളും വെല്ലുവിളികളും നേരിട്ടപ്പോഴും മൂല്യങ്ങൾ കൈ വിടാൻ അദ്ദേഹം തയ്യാറായില്ല. നല്ല പെരുമാറ്റം കാഴ്ചവച്ച അദ്ദേഹം എല്ലായ്‌പോഴും മര്യാദ കാണിക്കുകയും രാഷ്ട്രീയത്തിൽ സൗഹൃദം സൃഷ്ടിക്കുകയും ചെയ്തുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
മുൻ പ്രധാനമന്ത്രിയെ ബഹുമുഖ വ്യക്തിത്വമെന്ന് വിശേഷിപ്പിച്ച ശ്രീ നായിഡു, അദ്ദേഹം നിരവധി പുസ്തകങ്ങൾ രചിച്ചിട്ടുണ്ടെന്നും കവിതകൾ വായിക്കുന്നത് ആസ്വദിച്ചുവെന്നും അനുസ്മരിച്ചു. ഇന്ത്യയുടെ വിദേശകാര്യ മന്ത്രിയായിരുന്ന കാലയളവിൽ അദ്ദേഹം അവതരിപ്പിച്ച ‘ഗുജ്‌റാൾ സിദ്ധാന്തം’ എപ്പോഴും സ്‌മരണീയമാണ്.
തങ്ങളുടെ എതിരാളികളെ ശത്രുക്കളായിട്ടല്ല എതിരാളികളായി കണക്കാക്കണമെന്ന് എല്ലാ രാഷ്ട്രീയക്കാരോടും അഭ്യർത്ഥിച്ച ഉപരാഷ്ട്രപതി, എല്ലാവരും നല്ല സാമൂഹ്യ ബന്ധം നിലനിർത്തണമെന്നും ആവശ്യപ്പെട്ടു. ‘‘രാഷ്ട്രം ആദ്യം” എന്ന നയം പിന്തുടരാൻ എല്ലാ കക്ഷികളോടും ആവശ്യപ്പെട്ട അദ്ദേഹം അഭിപ്രായവ്യത്യാസങ്ങൾ മാറ്റിവച്ച് ദേശീയ താൽപ്പര്യമനുസരിച്ച് വിദേശനയത്തെ പിന്തുണയ്ക്കണമെന്നും അഭ്യർഥിച്ചു.
