ന്യൂഡല്‍ഹി: കോവിഡിനെതിരെയുള്ള വാക്‌സിന്‍ വിതരണം ഏതാനും ആഴ്ചകള്‍ക്കുള്ളില്‍ തുടങ്ങുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ഗവേഷകരില്‍ നിന്ന് അനുമതി ലഭിച്ചാല്‍ ഉടൻ ഇന്ത്യയില്‍ കോവിഡ് വാക്‌സിനേഷന്‍ ആരംഭിക്കും. വാക്‌സിന്‍ വില സംബന്ധിച്ച് സംസ്ഥാന സര്‍ക്കാരുകളുമായി കേന്ദ്രത്തിന്റെ ചര്‍ച്ച തുടരുകയാണെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി സര്‍വകക്ഷി യോഗത്തില്‍ പറഞ്ഞു.
സംസ്ഥാന സര്‍ക്കാരുകളുടെ സഹായത്തോടെ വാക്‌സിന്‍ സംഭരണത്തിനുള്ള സംവിധാനങ്ങള്‍ പരിശോധിച്ചുവരികയാണ്. ഇതിനായി കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ ചേര്‍ന്നു പ്രവര്‍ത്തിക്കും.
ആദ്യഘട്ടത്തില്‍ ആരോഗ്യപ്രവര്‍ത്തകര്‍, കോവിഡ് പ്രതിരോധപ്രവര്‍ത്തകര്‍, മറ്റ് രോഗങ്ങളാല്‍ പ്രയാസമനുഭവിക്കുന്ന വയോജനങ്ങള്‍ എന്നിവര്‍ക്കാവും വാക്‌സിന്‍ വിതരണം ചെയ്യുന്നത് .
വാക്‌സിനേഷന്‍ സംവിധാനത്തില്‍ ഇന്ത്യയ്ക്കുള്ള കാര്യക്ഷമമായ നെറ്റ്‌വര്‍ക്ക് പൂര്‍ണമായും പ്രയോജനപ്പെടുത്തും. എട്ടോളം വാക്‌സിനുകള്‍ ഇന്ത്യയില്‍ നിര്‍മിക്കുമെന്ന് ഉറപ്പ് ലഭിച്ചിട്ടുണ്ട്. ഇന്ത്യയില്‍ നിന്നുള്ള മൂന്ന് വാക്‌സിനുകള്‍ പരീക്ഷണത്തിന്റെ വിവിധ ഘട്ടങ്ങളിലാണ് എന്നും പ്രധാനമന്ത്രി വ്യക്തമാക്കി. വാക്‌സിന്‍ വിതരണം സംബന്ധിച്ച നിര്‍ദേശങ്ങള്‍ എഴുതി തയ്യാറാക്കി നല്‍കാനും പ്രധാനമന്ത്രി നിര്‍ദേശിച്ചിട്ടുണ്ട്.

