തിരുവനന്തപുരം: ഇന്റർനെറ്റ് മൗലിക അവകാശമാക്കുന്നതിന്റെ ഭാഗമായി ദരിദ്രർക്ക് സൗജന്യമായും മറ്റുള്ളവര്‍ക്ക് മിതമായ നിരക്കിലും ഗുണനിലവാരമുള്ള ഇന്റര്‍നെറ്റ് ലഭ്യമാക്കുന്നതിനാണ് കെ-ഫോണ്‍ പദ്ധതി ആരംഭിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.
സംസ്ഥാനത്തെ എല്ലാ വീടുകളിലും ഇന്റര്‍നെറ്റ് സൗകര്യങ്ങള്‍ ലഭ്യമാക്കുന്ന കെ.ഫോണ്‍ പദ്ധതി ഡിസംബര്‍ മാസം കമ്മീഷന്‍ ചെയ്യും.
52,000 km നീളുന്ന അതിവേഗ ഇന്റര്‍നെറ്റ് ശൃoഖല വഴി, 20 ലക്ഷം കുടുംബങ്ങള്‍ക്ക് സൗജന്യമായും, മറ്റുള്ളവര്‍ക്ക് സബ്‌സിഡി നിരക്കിലും, വിദ്യാഭ്യാസ, സര്‍ക്കാര്‍ സ്ഥാപനങ്ങളിലും – സമഗ്രവും, സമ്പൂര്‍ണവുമായ ഇന്റര്‍നെറ്റ് ലഭ്യത സാധ്യമാക്കുമെന്നാണ് സർക്കാർ പറയുന്നത്.
ഇതോടെ ഇന്റര്‍നെറ്റ് പൗരന്റെ മൗലികാവകാശമായി പ്രഖ്യാപിക്കുന്ന ആദ്യത്തെ സംസ്ഥാനമാകുകയാണ് കേരളം. കെ ഫോണിന്റെ വരവോടെ അമ്പരപ്പിക്കുന്ന ഡിജിറ്റല്‍ വിപ്ലവത്തിന് കേരളീയ സമൂഹം സാക്ഷ്യം വഹിക്കും.




