ന്യൂ ഡൽഹി : ആത്മഹത്യാ പ്രേരണക്കേസില്‍ അറസ്റ്റിലായ റിപ്പബ്ലിക് ടി.വി എഡിറ്റര്‍ അര്‍ണബ് ഗോസ്വാമിയ്ക്ക് സുപ്രീം കോടതി ജാമ്യം അനുവദിച്ചു. 50000 രൂപയുടെ ബോണ്ടില്‍ അര്‍ണബിനേയും കൂടെ അറസ്റ്റിലായ രണ്ട് പേരെയും വിട്ടയക്കണമെന്നാണ് സുപ്രീം കോടതി ഉത്തരവിട്ടത്.
ജാമ്യം നല്‍കരുതെന്ന് വാദിഭാഗം അഭിഭാഷകനായ കപില്‍ സിബല്‍ വാദിച്ചെങ്കിലും സുപ്രീം കോടതി തള്ളി. ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡും ഇന്ദിര ബാനര്‍ജിയുമാണ് ഹർജി പരിഗണിച്ചത്.
ഇടക്കാല ജാമ്യം നിഷേധിച്ച ബോംബെ ഹൈക്കോടതി വിധിക്കെതിരെ അര്‍ണബ് നല്‍കിയ ഹര്‍ജിയിലാണ് സുപ്രീം കോടതിയുടെ വിധി.
വ്യക്തി സ്വാതന്ത്ര്യം സംരക്ഷിക്കാന്‍ ഹൈക്കോടതികള്‍ക്ക് കഴിയണം. ടെലിവിഷനിലൂടെ അര്‍ണബ് നടത്തുന്ന പരാമര്‍ശങ്ങളെ അവഗണിക്കുകയാണ് വേണ്ടതെന്നും ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡ്, ജസ്റ്റിസ് ഇന്ദിര ബാനര്‍ജി എന്നിവരടങ്ങിയ ബെഞ്ച് അഭിപ്രായപ്പെട്ടു.
‘ എന്നോട് ചോദിക്കുകയാണെങ്കില്‍ ഞാന്‍ ആ ചാനല്‍ കാണാറില്ല, പ്രത്യയ ശാസ്ത്രപരമായി നിങ്ങള്‍ക്ക് അഭിപ്രായ വ്യത്യാസമുണ്ടാകും. പക്ഷെ ഇന്ന് ഇക്കാര്യത്തില്‍ കോടതി ഇടപെടാതിരുന്നാല്‍ നാം നാശത്തിന്റെ പാതയിലാണെന്നതില്‍ തര്‍ക്കമില്ല,’ ജസ്റ്റിസ് ചന്ദ്രചൂഡ് അഭിപ്രായപ്പെട്ടു.
ആരോപണത്തിന്റെ പേരില്‍ വ്യക്തിസ്വാതന്ത്ര്യം ഹനിക്കാനാവുമോ എന്നതാണ് ചോദ്യമെന്ന് കോടതി ചോദിച്ചു.
താലിബാഗിലെ ഇന്റീരിയര്‍ ഡിസൈനര്‍ അന്‍വെ നായിക്കിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട കേസിലാണ് കഴിഞ്ഞ ബുധനാഴ്ച അര്‍ണബിനെ അറസ്റ്റ് ചെയ്തത്. പോലീസ് തന്നെ കയ്യേറ്റം ചെയ്തതായും ബലമായാണ് കസ്റ്റഡിയില്‍ എടുത്തതെന്നും അര്‍ണബ് പരാതി ഉന്നയിച്ചിരുന്നു.



