ബംഗളൂരു: ബംഗളൂരുവില്‍ വന്‍ മയക്കുമരുന്ന് വേട്ട. 90 ലക്ഷത്തിന്റെ മയക്കുമരുന്നാണ് എട്ടിടത്ത് നടത്തിയ തിരച്ചിലില്‍ പോലിസ് പിടിച്ചെടുത്തത്.
ഒരു നൈജീരിയന്‍ പൗരന്‍ ഉള്‍പ്പെടെ 10 പേരെ പോലിസ് അറസ്റ്റ് ചെയ്തു. ബിറ്റ്‌കോയിനുകള്‍ വഴിയാണ് പ്രതികള്‍ മയക്കുമരുന്നിന് പണം നല്‍കിയത്. ഗിഫ്റ്റ് പായ്ക്ക് രൂപത്തിലാണ് മയക്കുമരുന്ന് വിതരണം ചെയ്തതെന്നും പ്രതികള്‍ക്ക് ഇന്ത്യ പോസ്റ്റ് വഴി വിദേശത്ത് നിന്ന് പാഴ്‌സലുകളായി മയക്കുമരുന്ന് ലഭിക്കുകയായിരുന്നെന്നും ബംഗളൂരു പോലീസ് കമ്മീഷണര്‍ പറഞ്ഞു.
ഡാര്‍ക്ക് വെബില്‍ നിന്നാണ് പ്രതികള്‍ മയക്കുമരുന്ന് വാങ്ങിയിരുന്നതെന്ന് കമ്മീഷണര്‍ കമല്‍ പന്ത് പറഞ്ഞു. ടോര്‍ ബൗസര്‍ ഉപയോഗിച്ച് അവര്‍ എംപയര്‍ മാര്‍ക്കറ്റ്, സില്‍ക്ക് റൂട്ട്, ഡ്രഗ് ബോര്‍ഡ് തുടങ്ങിയ നിരോധിത വെബ്സൈറ്റുകളിലേക്ക് പ്രവേശിക്കുകയും ബിറ്റ്‌കോയിന്‍ നല്‍കിക്കൊണ്ട് മയക്കുമരുന്ന് ഇറക്കുമതി ചെയ്യുകയുമായിരുന്നു. സംഘടിത സംവിധാനത്തിലാണ് കോളേജ് വിദ്യാര്‍ത്ഥികള്‍ക്കും യുവാക്കള്‍ക്കും ഇവര്‍ മയക്കുമരുന്ന് വിതരണം ചെയ്തിരുന്നത്. കസ്റ്റംസ് ഉദ്യോഗസ്ഥരുടെ സഹായത്തോടെയാണ് പ്രതികളെ അറസ്റ്റ് ചെയ്തതെന്നും അദ്ദേഹം വ്യക്തമാക്കി.
