റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

കോഴിക്കോട് ബാംബു കോര്‍പ്പറേഷന്‍ കൈവരിച്ചത് അഭിമാനാര്‍ഹമായ നേട്ടം

October 31, 2020 - 6:23 pm

ബാംബൂ നീം ടൈല്‍ വിതരണോദ്ഘാടനം നിര്‍വ്വഹിച്ചു

കോഴിക്കോട്: അഭിമാനാര്‍ഹമായ നേട്ടം കൈവരിക്കാന്‍ ബാംബു കോര്‍പ്പറേഷന് സാധിച്ചതായി വ്യവസായ മന്ത്രി ഇ.കെ. ജയരാജന്‍. നല്ലളത്തുള്ള ഹൈടെക് ബാംബു ഫ്‌ളോറിംഗ് ടൈല്‍ ഫാക്ടറിയില്‍ നടന്ന ബാംബൂ നീം ടൈല്‍ വിതരണോദ്ഘാടനം നിര്‍വ്വഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി. വേപ്പിന്‍ തടിയും പനമ്പും ചേര്‍ത്ത് നിര്‍മ്മിച്ചിരിക്കുന്ന ബാംബു നീം ടൈല്‍ കെട്ടിടങ്ങളും വീടുകളും മോടിപിടിപ്പിക്കുന്നതിനൊപ്പം വാതരോഗങ്ങള്‍ക്ക്  പരിഹാരമാകുമെന്നും മന്ത്രി പറഞ്ഞു. നീം ടൈലിന്റെ ആദ്യ വില്‍പന വികെസി മമ്മദ് കോയ എംഎല്‍എ ഫ്രാന്‍സിസ് ജെ പൈനാടത്തിന് നല്‍കി നിര്‍വ്വഹിച്ചു.    

അങ്കമാലിയിലെ ബാംബൂ ബോര്‍ഡ് ഫാക്ടറി നിര്‍മ്മിക്കുന്ന ബാംബു നീം ബോര്‍ഡ് നല്ലളത്തുള്ള ഹൈടെക് ബാംബു ഫ്ളോറിംഗ് ടൈല്‍ ഫാക്ടറിയില്‍ വെച്ച് സ്റ്റാന്‍ഡേര്‍ഡ് അളവിലാക്കി അവിടെ നിന്നാണ് വില്‍പന നടത്തുക. പ്രകൃതിദത്തമായ ഈറ്റയും മുളയും ഉപയോഗിച്ച് ഉണ്ടാക്കിയ പനമ്പുകള്‍ ബാംബൂ പ്ലൈ, ബാംബു ഫ്ളോറിംഗ് ടൈല്‍സ്, ബാംബൂ ഫര്‍ണിച്ചര്‍, ബാംബൂ കര്‍ട്ടന്‍, ചന്ദനത്തിരി നിര്‍മ്മാണം, കരകൗശല വസ്തുക്കള്‍, ഇക്കോ ഫ്രണ്ട്ലി ഓഫീസ് സ്റ്റേഷനറികള്‍ തുടങ്ങിയവ നിര്‍മിക്കാന്‍ ഉപയോഗിക്കുന്നു.  

കൂടുതല്‍ ഉല്പാദനവും തൊഴിലാളികള്‍ക്ക് കൂടുതല്‍ വരുമാനവും ലക്ഷ്യമിട്ട് തുടങ്ങിയ സാമൂഹിക യന്ത്രവല്‍കൃത പനമ്പ് നെയ്ത്ത് കേന്ദ്രങ്ങള്‍ സ്ഫാപിക്കാനും  ബാംബൂ കോര്‍പ്പറേഷന്‍ വെബ്സൈറ്റ് നവീകരിക്കാനും ഓണ്‍ലൈന്‍ മാര്‍ക്കറ്റിംഗ് വഴി അന്താരാഷ്ട്രതലത്തില്‍ മുളയും ഉല്‍പ്പന്നങ്ങളും കയറ്റുമതി ചെയ്യാനും സാധിച്ചെന്ന് മന്ത്രി പറഞ്ഞു. 

ബാംബൂ ചന്ദനത്തിരി സ്റ്റിക്ക് വിപണിയില്‍ 

ബാംബൂ കോര്‍പ്പറേഷന്‍ നാദാപുരം യൂണിറ്റ് സജ്ജമാക്കിയ ബാംബൂ ചന്ദനത്തിരിസ്റ്റിക്കിന്റെ വില്‍പന ഉദ്ഘാടനം വ്യവസായ വകുപ്പ് മന്ത്രി ഇ.പി ജയരാജന്‍ നിര്‍വ്വഹിച്ചു.   പരമ്പരാഗത ഉല്പന്നങ്ങള്‍ക്ക് പുറമെ വൈവിധ്യമാര്‍ന്ന മൂല്യവര്‍ദ്ധിത ഉല്പന്നങ്ങള്‍ വിപണിയിലെത്തിക്കാന്‍ ബാംബൂ കോര്‍പ്പറേഷന്റെ നേതൃത്വത്തില്‍ സാധിച്ചുവെന്ന് മന്ത്രി പറഞ്ഞു. മുളകൊണ്ടുള്ള ടൈല്‍സ്, ഫര്‍ണിച്ചറുകള്‍, പരിസ്ഥിതി സൗഹൃദ ഓഫീസ് സ്റ്റേഷനറി ഉല്പന്നങ്ങള്‍ തുടങ്ങിയവ ഗുണനിലവാരമേറിയതാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.  നിരന്തരം മാറ്റങ്ങള്‍ വരുത്താനും നവീകരിക്കാനുമുള്ള ശ്രമത്തിന്റെ ഭാഗമായി ബാംബു ടൈലിനു പകരം ബാംബു നീം ടൈലുകള്‍ വിപണിയില്‍ എത്തിക്കുകയാണ്. വിനോദ സഞ്ചാരികളെ ലക്ഷ്യമിട്ട് വിപണന പ്രദര്‍ശന ആവശ്യങ്ങള്‍ക്കായി കുമരകത്ത് ബാംബൂ ബസാര്‍ ഈ മാസം പ്രവര്‍ത്തനം തുടങ്ങി. വിനോദ സഞ്ചാര മേഖലയുമായി കൈകോര്‍ത്താല്‍ ബാംബു ഉല്പന്നങ്ങള്‍ക്ക് വിപുലമായ വിപണി കണ്ടെത്താനാവുമെന്നും മന്ത്രി പറഞ്ഞു. ഈ സാദ്ധ്യതകള്‍ പരമാവധി പ്രയോജനപ്പെടുത്തണം. പരിസ്ഥിതിയെ സംരക്ഷിക്കാന്‍ അസംസ്‌കൃത വസ്തുവായ മുളയുടെ ലഭ്യത ഉറപ്പാക്കാന്‍ 1500ല്‍ പരം ഏക്കറോളം സാന്ദ്രത കൂടിയ ബാംബൂ തോട്ടമാണ് ഒരുക്കുന്നത്. അതിനായി വിവിധ കേന്ദ്രങ്ങളില്‍ മുള നട്ടുപിടിപ്പിച്ചു തുടങ്ങി.    ഈറ്റവെട്ട്, പനമ്പ് നെയ്ത്ത് മേഖലയില്‍ പതിനായിരത്തിലധികം കുടുംബങ്ങളാണ് കോര്‍പ്പറേഷനെ ആശ്രയിച്ചു കഴിയുന്നത്. ഈ തൊഴിലാളികള്‍ക്ക് സര്‍ക്കാര്‍ അവരുടെ കൂലിയില്‍ ഇരുപത് ശതമാനം വര്‍ദ്ധനവ് വരുത്തുകയും ബാംബൂ മേഖലയിലെ തൊഴിലാളികള്‍ക്ക് കൂടുതല്‍ ആനുകൂല്യങ്ങള്‍ നല്‍കുകയും ചെയ്തു.  തൊഴിലാളികള്‍ക്ക് കൂടുതല്‍ ജോലിയും വരുമാനവും ലഭ്യമാക്കാന്‍ ലക്ഷ്യമിട്ട് 15 സാമൂഹ്യ യന്ത്രവല്‍കൃത പനമ്പ് നെയ്ത്ത് കേന്ദ്രങ്ങള്‍ തുടങ്ങാന്‍ ഈ സര്‍ക്കാര്‍ തീരുമാനിച്ചു. ഇതില്‍ ഒന്‍പത് കേന്ദ്രങ്ങള്‍ പ്രവര്‍ത്തനം ആരംഭിച്ചു. 

വൈവിധ്യവല്‍കരണത്തിന്റെ ഭാഗമായി ചന്ദനത്തിരി സ്റ്റിക്കുകളുടെ വ്യാവസായിക നിര്‍മ്മാണത്തിലേക്ക് ബാംബൂ കോര്‍പ്പറേഷന്‍ കടന്നിരിക്കുകയാണ്. തുടക്കത്തില്‍ ആറ് സെറ്റ് മെഷീന്‍ ഉപയോഗിച്ച് ഒരു ഷിഫ്റ്റില്‍ മാസം നാലു ടണ്‍ സ്റ്റിക്ക്  ഉല്പാദിപ്പിക്കാനാവുമെന്നാണ് പ്രതീക്ഷിക്കുന്നത്. നിലവില്‍ 10 വനിതാ തൊഴിലാളികളുണ്ട്. സ്റ്റിക്കിന്റെ ആവശ്യകത വര്‍ദ്ധിക്കുന്നതിനനുസരിച്ച് ഉല്പാദനവും  തൊഴിലാളികളുടെ എണ്ണവും ഉയര്‍ത്തുമെന്ന് മന്ത്രി പറഞ്ഞു. ഗുണമേന്മയുള്ള ചന്ദനത്തിരി സ്റ്റിക്കുകള്‍ കുറഞ്ഞവിലയില്‍ ഇവിടെ നിന്ന് ലഭ്യമാകും.

ബന്ധപ്പെട്ട രേഖ: https://keralanews.gov.in/8894/Bamboo-corporation.html

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *