മുംബൈ: വടക്കൻ മഹാരാഷ്ട്രയിലെ ജൽഗാവിൽ സഹോദരങ്ങളായ നാല് കുട്ടികളെ കോടാലി കൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതിയെ പൊലീസ് അറസ്റ്റു ചെയ്തു. മരിച്ച കുട്ടികളുടെ മൂത്ത സഹോദരൻ്റെ സുഹൃത്തായ 20 കാരനാണ് അറസ്റ്റിലായത്. കൊല്ലപ്പെട്ടവരിൽ മൂത്ത കുട്ടിയായ 13 കാരി ബലാൽസംഗത്തിന് ഇരയായതായി ഫോറൻസിക് പരിശോധനയിൽ വ്യക്തമായിരുന്നു. ഈ കുട്ടിയുടെ ശരീരത്തിൽ നിന്നും വസ്ത്രത്തിൽ നിന്നും ശേഖരിച്ച ശുക്ല സാമ്പിളുകൾ ഡി എൻ എ പരിശോധനയ്ക്ക് വിധേയമാക്കിയപ്പോഴാണ് പ്രതിയെ പൊലീസ് തിരിച്ചറിഞ്ഞത്.
ജൽഗാവ് ജില്ലാ ആസ്ഥാനത്തു നിന്നും 66 കിലോമീറ്റർ അകലെയുള്ള രാവെർ താലൂക്കിലെ ഒരു ഗ്രാമത്തിലാണ് ഒക്ടോബർ 15 ന് രാത്രി നിഷ്ഠൂരമായ കൊലപാതകങ്ങൾ നടന്നത്.
സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നത് ഇങ്ങനെയാണ്. ബന്ധുവിൻ്റെ മരണത്തെ തുടർന്ന് കുട്ടികളുടെ മാതാപിതാക്കൾ മൂത്ത മകനോടൊപ്പം മധ്യപ്രദേശിലേക്ക് പോയിരിക്കുകയായിരുന്നു. 13 ഉം 6 ഉം വയസ്സുള്ള രണ്ട് പെൺകുട്ടികളെയും 11 ഉം 8 ഉം വയസ്സുള്ള രണ്ട് ആൺകുട്ടികളെയും വീട്ടിൽ തനിച്ചാക്കിയായിരുന്നു 15 കാരനായ മൂത്ത മകനോടൊപ്പം മാതാപിതാക്കൾ പോയത്. ഈ ദിവസങ്ങളിൽ കുട്ടികളെ ശ്രദ്ധിക്കാനായി മൂത്ത സഹോദരൻ തൻ്റെ സുഹൃത്തിനെയാണ് ഏൽപിച്ചിരുന്നത്. 20 കാരനായ ഈ സുഹൃത്താണ് മൂത്ത കുട്ടിയെ ബലാൽസംഗം ചെയ്ത് എല്ലാവരെയും കൊലപ്പെടുത്തിയത്. ഒക്ടോബർ 15 ന് രാത്രി കുട്ടികളോടൊപ്പം അതേ വീട്ടിൽ ഉറങ്ങിയ ഇയാൾ അർദ്ധരാത്രി പിന്നിട്ടപ്പോൾ ബലാൽസംഗം നടത്തുകയും കോടാലി കൊണ്ട് കുട്ടികളുടെ തലയ്ക്കടിച്ച് കൊല്ലുകയുമായിരുന്നു.



