ശബരിമല: തുലാമാസ പൂജാ കാലത്ത് ദര്‍ശനം ആരംഭിച്ചിട്ടും തീര്‍ത്ഥാടകര്‍ കുറഞ്ഞത് മൂലം ദേവസ്വം ബോര്‍ഡിന് നഷ്ടമെന്ന് ക്ഷേത്രം ഭാരവാഹികള്‍. കോവിഡ് പശ്ചാത്തലത്തില്‍ പ്രതിദിനം 250 പേര്‍ക്ക് മാത്രം ദര്‍ശനം അനുവദിച്ച തീരുമാനം തെറ്റായിപ്പോയെന്നാണ് വിലയിരുത്തല്‍. ഇതിനു പരിഹാരമായി മണ്ഡല മകരവിളക്ക് തീര്‍ത്ഥാടന കാലത്ത് തിങ്കള്‍ മുതല്‍ വെള്ളിവരെ ആയിരം പേരെ വീതവും ശനി, ഞായര്‍ ദിവസങ്ങളില്‍ രണ്ടായിരം പേരെയും പ്രവേശിപ്പിക്കാനാണ് ഇപ്പോഴത്തെ ആലോചന. മറ്റ് ദിവസങ്ങളില്‍ കുറഞ്ഞത് അയ്യായിരം പേരെ പ്രവേശിപ്പിക്കാനും തീരുമാനിക്കും.
ലാഭവും നഷ്ടവും നോക്കിയല്ല ദര്‍ശനത്തിന് അനുമതി നല്‍കിയതെന്നും ഏഴുമാസമായി മുടങ്ങിയ തീര്‍ത്ഥാടനം പുനരാരംഭിക്കുന്നതിനുള്ള ട്രയല്‍ മാത്രമാണെന്നുമാണ് ക്ഷേത്രം ഭാരവാഹികള്‍ പറയുന്നത്. മണ്ഡല മകരവിളക്ക് കാലത്ത് കൂടുതല്‍ തീര്‍ത്ഥാടകരെ പ്രവേശിപ്പിക്കാനാകുമോ എന്നത് പരിശോധിക്കുമെന്ന് തിരുവിതംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് അഡ്വ. എന്‍. വാസു പ്രതികരിച്ചു.
ഡ്യൂട്ടിയിലുള്ള നൂറില്‍പ്പരം ദേവസ്വം ജീവനക്കാര്‍ക്കും 120 ആരോഗ്യ പ്രവര്‍ത്തകര്‍ക്കും സ്പെഷ്യല്‍ ഡ്യൂട്ടിയിലുള്ള നൂറ്റി അന്‍പതോളം പൊലീസുകാര്‍ക്കും മൂന്ന് നേരത്തെ ഭക്ഷണം നല്കുന്നതിനു തന്നെ ബോര്‍ഡിന് വലിയൊരു തുകയാണ് ചെലവാകുന്നത്. ദൈനംദിന ചെലവിനു പോലും ഇപ്പോഴത്തെ വരുമാനം തികയുന്നില്ല. വെര്‍ച്വല്‍ ക്യൂവിലൂടെ കുറഞ്ഞത് ആയിരം പേര്‍ക്കെങ്കിലും ദര്‍ശനത്തിന് അനുമതി നല്‍കേണ്ടതായിരുന്നു. എങ്കില്‍ നഷ്ടം പരിഹരിക്കാന്‍ കഴിയുമായിരുന്നു എന്നാണ് വ്യക്തമാക്കുന്നത്. 250 പേര്‍ക്ക് അനുമതി നല്‍കിയിട്ടുണ്ടെങ്കിലും ഇരുനൂറില്‍ താഴെയേ എത്തുന്നുള്ളു. ദര്‍ശനത്തിന് സോപാനത്ത് പലപ്പോഴും ആരുമില്ല.
കാണിക്ക ഇനത്തില്‍ ലഭിക്കുന്ന തുക നാമമാത്രമായി. ഉദയാസ്തമന പൂജ, പടിപൂജ എന്നിവ വഴി കിട്ടുന്ന വരുമാനം മാത്രമാണ് പ്രതീക്ഷിക്കാനുള്ളത്. അരവണ പ്രസാദവും വേണ്ടത്ര വില്‍പ്പനയില്ല. ഏഴ് മാസത്തെ ഇടവേളയ്ക്ക് ശേഷമാണ് പരീക്ഷണാടിസ്ഥാനത്തില്‍ തീര്‍ത്ഥാടകരെ പ്രവേശിപ്പിക്കാന്‍ സര്‍ക്കാരും ദേവസ്വം ബോര്‍ഡും തീരുമാനിച്ചത്. കുറഞ്ഞത് ആയിരം തീര്‍ത്ഥാടകര്‍ എത്തിയാലും കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് പ്രവേശനം നല്‍കാമായിരുന്നെന്നാണ് ഇപ്പോഴത്തെ വിലയിരുത്തല്‍.


