കൊച്ചി: ലൈഫ് മിഷൻ ഇടപാടിൽ നിന്നും പിൻമാറുകയാണെന്ന യുണീടാക് എം ഡി യുടെ പ്രസ്താവനയിലൂടെ വെളിപ്പെടുന്നത് സംസ്ഥാന സർക്കാരിന്റെ ഏറെ കൊട്ടിഘോഷിക്കപ്പെട്ട പദ്ധതിയിലെ അഴിമതി കഥകൾ.
ലൈഫ് മിഷൻ ഇടപാട് തന്റെ ബിസിനസ് ആകെ തകർത്തുവെന്നും എട്ട് കോടി രൂപ ഇനിയും കിട്ടാനുണ്ടെന്നും പദ്ധതിയിൽ നിന്നും പിന്മാറുകയാണെന്നും യുണീടാക് എം ഡി സന്തോഷ് ഈപ്പൻ ഒരു സ്വകാര്യ ചാനലിനോട് വെളിപ്പെടുത്തിയിരുന്നു.
സന്ദീപ് നായരാണ് ലൈഫ് മിഷൻ ചർച്ചകൾ തുടങ്ങി വച്ചതെന്നും, ശിവശങ്കറാണ് ലൈഫ് മിഷൻ അധികൃതരെ പരിചയപ്പെടുത്തിയതെന്നും കോഴയുമായി ബന്ധപ്പെട്ട ചർച്ചകളിൽ കോൺസുലേറ്റ് ജനറൽ സംബന്ധിച്ചിരുന്നുവെന്നും സന്തോഷ് ഈപ്പൻ പറഞ്ഞിരുന്നു.
ടെന്ററില്ലാതെയാണ് വടക്കാഞ്ചേരി ലൈഫ്മിഷൻ ഇടപാട് നടന്നതെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. തുടക്കം മുതൽ നടന്ന അനൗദ്യോഗിക ചർച്ചകളും കമ്മീഷനുമെല്ലാം യുണീടാക് എം. ഡി. തന്നെ വെളിപ്പെടുത്തുമ്പോൾ പദ്ധതിയുടെ പിന്നിലെ ദുരൂഹതകളാണ് കൂടുതൽ തെളിഞ്ഞു വരുന്നത്.



