കെയ്റോ : 2500 വർഷത്തോളം പഴക്കമുള്ള മമ്മികളടങ്ങിയ 59 ശവപ്പെട്ടികൾ ഈജിപ്തിൽ പുരാവസ്തു ഗവേഷകർ കണ്ടെത്തി. ഈജിപ്തിൻ്റെ തലസ്ഥാനമായ കെയ്റോയിൽ നിന്നും 32 കിലോമീറ്റർ തെക്കുഭാഗത്തായി സ്ഥിതി ചെയ്യുന്ന സഖാറയിലെ പുരാതന ശവക്കല്ലറകളിൽ നിന്നാണ് ഇവ ലഭിച്ചത്. ഈ ഭാഗത്തു നിന്നും ഇനിയും ധാരാളം മമ്മികൾ കണ്ടെത്താനാകും എന്നാണ് ഗവേഷകർ കരുതുന്നത്.
പ്രാചീന ഈജിപ്ഷ്യൻ സമൂഹത്തിലെ ഏതു തരം മനുഷ്യരെയാണ് ഇവിടെ അടക്കിയത് എന്ന അന്വേഷണം ഗവേഷകർ തുടരുകയാണ്. ഉദ്യോഗസ്ഥരെയും പുരോഹിതരെയും അടക്കിയ ഇടമാകാം ഇത് എന്നാണ് നിലവിലെ നിഗമനം. 1970 കളിൽ യുനസ്കോ ലോക പൈതൃക പട്ടികയിൽ ഉൾപ്പെടുത്തിയ സ്ഥലമാണ് സഖാറ .

