കൊച്ചി: സ്വര്‍ണക്കടത്തിലെ കസ്റ്റംസ് കേസില്‍ മുഖ്യപ്രതിയായ കെ ടി റമീസിന് ജാമ്യം. കര്‍ശന ഉപാധികളോടെ കൊച്ചിയിലെ സാമ്പത്തിക കുറ്റകൃത്യ കോടതിയാണ് ജാമ്യം അനുവദിച്ചത്. സ്വര്‍ണക്കടത്തില്‍ പ്രധാന ആസൂത്രകനായി
എന്‍.ഐ.എ കണ്ടെത്തിയ റമീസിന്റെ ജാമ്യത്തെ കോടതിയില്‍ കസ്റ്റംസ് എതിര്‍ത്തില്ല. രണ്ട് ലക്ഷം രൂപയുടെയോ സമാനമായ തുകയുടെയോ ജാമ്യം കോടതിയില്‍ കെട്ടിവയ്ക്കണം.
എല്ലാ തിങ്കളാഴ്ചയും രാവിലെ 10 മുതല്‍ 11 മണിയ്ക്കിടയില്‍ അന്വേഷണ ഉദ്യോഗസ്ഥന് മുമ്പാകെ ഹാജരായി ഒപ്പിടണം. ഏഴ് ദിവസത്തിനകം പാസ്‌പോര്‍ട്ട് കോടതിയില്‍ കെട്ടിവയ്ക്കണം. അന്വേഷണവുമായി എല്ലാ തരത്തിലും സഹകരിക്കണം തുടങ്ങിയ കര്‍ശന നിര്‍ദ്ദേശങ്ങളാണ് കോടതി നല്‍കിയത്. അറസ്റ്റിലായി 61 -ാം ദിവസമാണ് ജാമ്യം ലഭിച്ചത്. ആദ്യമായാണ് സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് ഏതെങ്കിലും ഒരു കേസില്‍ ഒരു പ്രതിക്ക് ജാമ്യം കിട്ടുന്നത് . എന്‍.ഐ.എ റജിസ്റ്റര്‍ ചെയ്ത കേസിലും റമീസ് പ്രതിയായതിനാല്‍ പുറത്തിറങ്ങാനാകില്ല.
റമീസിന് ജാമ്യം നല്‍കുന്നത് കേസിനെ ബാധിക്കില്ലെന്ന് കസ്റ്റംസ് അറിയിച്ചു. അറിയേണ്ട കാര്യങ്ങള്‍ റമീസില്‍ നിന്നും ചോദിച്ചറിഞ്ഞിട്ടുണ്ട്. ഇക്കാര്യം ചൂണ്ടിക്കാട്ടിയതിനെ തുടര്‍ന്നാണ് ജാമ്യം. രണ്ടാഴ്ച കഴിഞ്ഞ് മെഡിക്കല്‍ കോളേജ് ആശുപത്രിയിലെത്തി പരിശോധനയ്ക്ക് വിധേയനാകണമെന്ന് മെഡിക്കല്‍ ബോര്‍ഡ് നിര്‍ദ്ദേശിച്ചിട്ടുണ്ട്. വയറുവേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന് റമീസിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. മൂത്രാശയ രോഗങ്ങളും, ഉദര സംബന്ധമായ രോഗങ്ങളുമാണ് റമീസിന് എന്നാണ് മെഡിക്കല്‍ റിപ്പോര്‍ട്ട്. ഇക്കാര്യങ്ങള്‍ ഉള്‍പ്പെടുത്തി ജയില്‍ വകുപ്പ് മേധാവിക്ക് റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ടുണ്ട്. റമീസിനൊപ്പം ആശുപത്രിയില്‍ ചികിത്സയിലായിരുന്ന ഒന്നാംപ്രതി സ്വപ്‌ന സുരേഷിനെ ജയിലിലേക്കു തന്നെ തിരിച്ചയച്ചു.



