തിരുവനന്തപുരം: വെഞ്ഞാറമൂട് ഇരട്ടക്കൊലപാതക കേസിൽ കോൺഗ്രസ് നേതാക്കൾക്ക് പങ്കുണ്ട് എന്ന് ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി എ എ റഹിം തിരുവനന്തപുരത്ത് പത്രസമ്മേളനത്തിൽ ആരോപിച്ചു. കൊല്ലപ്പെട്ടവരെ സാമൂഹ്യ മാധ്യമങ്ങളിലൂടെയും രണ്ട് ചാനലുകളിലൂടെയും അപമാനിക്കുകയാണ് ഇപ്പോൾ. ചാനലുകൾക്ക് അവരുടേതായ രാഷ്ട്രീയ പക്ഷപാതിത്വം ഉണ്ട്. സാമൂഹ്യ മാധ്യമങ്ങളിൽ അപമാനകരമായ പ്രതിപാദ്യങ്ങളുടെ പോസ്റ്റ് ചെയ്യുന്നവരും രാഷ്ട്രീയ പദ്ധതിയുടെ ഭാഗമാണ്. ഇവർക്കെതിരെ നിയമ നടപടികൾ സ്വീകരിക്കും. കൊല്ലപ്പെട്ടവരുടെ കൈവശം ആയുധങ്ങൾ ഉണ്ടായിരുന്നില്ല. ആയുധങ്ങൾ ഉണ്ടായിരുന്നുവെങ്കിൽ ആക്രമിച്ച ആർക്കെങ്കിലും പരിക്ക് ഉണ്ടാകുമായിരുന്നു. ഒരാൾക്കുപോലും പരിക്കേറ്റിട്ടില്ല. ഇരട്ട കൊലപാതകക്കേസിൽ ബിജെപിയും കോൺഗ്രസും കൈകോർത്തിരിക്കുകയാണ്.
കേസിലെ മുഖ്യപ്രതി ഉണ്ണി ഐഎൻടിയുസി മണ്ഡലം പ്രസിഡണ്ടും കോൺഗ്രസിൻറെ വാർഡ് പ്രസിഡൻറുമാണ്. വെഞ്ഞാറമൂട് പോലീസ് സ്റ്റേഷൻ നിന്നും ചാർജ് ചെയ്യപ്പെട്ട ഒരു കൊലപാതകക്കേസിൽ മുഖ്യ പ്രതിയാണ്. ആ കേസിനെ തുടർന്നോ ഇപ്പോഴത്തെ ഇരട്ട കൊലപാതകത്തെ തുടർന്നോ ഇയാളെ പാർട്ടിയിൽ നിന്ന് പുറത്താക്കി നടപടി സ്വീകരിക്കുവാൻ കോൺഗ്രസ് തയ്യാറായിട്ടില്ല. മറിച്ച് പോലീസ് അന്വേഷണം തൃപ്തികരമല്ലെന്നും സിബിഐയെക്കൊണ്ട് അന്വേഷിപ്പിക്കണം എന്നും ആവശ്യപ്പെട്ടു. ഇത് പ്രതികൾക്ക് സംരക്ഷണം ഒരുക്കുന്നതിനു തുല്യമാണ്. കോൺഗ്രസ് നേതൃത്വത്തിന്‍റെ അറിവോടെയാണ് ഇരട്ടക്കൊല ആസൂത്രണം ചെയ്ത് നടപ്പാക്കിയത് എന്ന് ഇതിൽ നിന്നും വ്യക്തമാണ്. എ എ റഹീം പറഞ്ഞു.


