കൊല്ലം: കൊലപാതകക്കേസ് ഐപിഎസ് വിദ്യാർഥികൾക്ക് പാഠ്യവിഷയമാകുന്നു . അഞ്ചലിൽ ഉത്രയെ ഭർത്താവ് പാമ്പിനെകൊണ്ട് കടിപ്പിച്ച് കൊലപ്പെടുത്തിയ കേസാണ് ഇത്. കേസ് ഡയറിയിലെ പ്രസക്തഭാഗങ്ങൾ ഡിജിറ്റലൈസ് ചെയ്ത് ഹൈദരാബാദിലെ പൊലീസ് അക്കാഡമിയിൽ സൂക്ഷിക്കാനാണ് തീരുമാനം. കേസ് ഡയറി സംബന്ധിച്ച വിവരങ്ങൾ റൂറൽ എസ്പി ഹരിശങ്കർ ഡി ജി പി ലോക്നാഥ് ബഹ്റയ്ക്ക് കൈമാറിയിരുന്നു. മലയാളത്തിലെ വിവരങ്ങൾ ഇംഗ്ലീഷിലേക്ക് തർജമ ചെയ്ത് പുസ്തക രൂപത്തിന്റെ ഭാഗമാക്കും. കേസ് അന്വേഷിച്ച രീതി, തെളിവുകൾ, കൊലപാതക രീതി , കുറ്റവാളിയുടെ പ്രവണതകൾ തുടങ്ങിയവയാകും പാഠ്യ വിഷയമായി ഐ പി എസ് വിദ്യാർത്ഥികൾക്കു മുന്നിലെത്തുക. ഐ പി എസ് ട്രെയിനികളാണ് കുറ്റപത്രം തർജമ ചെയ്യുന്നത്. 1300 പേജിലധികമുള്ളതാണ് കുറ്റപത്രം. 320 ഓളം സാക്ഷികളും 217 തെളിവുകളും ഉൾപ്പെടുന്നുണ്ട്.
രണ്ടു തവണയാണ് സൂരജ് ഉത്രയെ വിഷപാമ്പിനെക്കൊണ്ട് കടിപ്പിച്ചത്. ആദ്യ തവണ അണലിയുടെ കടിയേറ്റ് ഉത്ര ചികിത്സയിലായിരുന്നു. ആശുപത്രിയിൽ നിന്നെത്തി സ്വന്തം വീട്ടിൽ വിശ്രമിക്കുന്നതിനിടെയാണ് സൂരജ് മെയ് ഏഴിന് വീണ്ടും കരിമൂർഖനുമായി എത്തിയത്. കരിമൂർഖന്റെ കടിയേറ്റ ഉത്രയെ വീട്ടിലെ കിടപ്പു മുറിയിൽ അബോധാവസ്ഥയിൽ കണ്ടെത്തുകയായിരുന്നു. സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. അന്വേഷണത്തിൽ മുറിക്കുള്ളിൽ നിന്ന് പാമ്പിനെ കണ്ടെത്തിയിരുന്നു.
എസിയുള്ള മുറിയുടെ കതകും ജനാലയും അടച്ചിരുന്നിട്ടും പാമ്പ് എങ്ങനെ അകത്ത് കയറി എന്ന സംശയമാണ് കൊലപാതകത്തിന്റെ ചുരുളഴിച്ചത്. പാമ്പിനെ ഉപയോഗിച്ച് കൊലപ്പെടുത്തിയ സംഭവം ഇതിനു മുൻപ് കേരളത്തിൽ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല. രാജ്യത്തു തന്നെ ഇത്തരത്തില്‍ ഒരു കേസ് മാത്രമാണ് ഇതിനു മുൻപ് റിപ്പോർട്ട് ചെയ്തത്.




