ബർലിൻ: ഗ്രീൻലാന്റിലെ ഹിമപാളികളുടെ ഉരുകലുമായി ബന്ധപ്പെട്ട് അങ്ങേയറ്റം ആശങ്കാ ജനകമായ റിപ്പോർടുകൾ പുറത്തുവിടുകയാണ് ജർമനിയിലെ ഗവേഷകർ.
2019 ൽ മാത്രം 532 ബില്യൺ ടൺ ഹിമമാണ് ഗ്രീൻലാന്റിൽ നിന്നും ഉരുകി നഷ്ടമായെന്നാണ് റിപ്പോര്‍ട്ട്. അതായത് ഓരോ മിനുട്ടിലും ഒരു ദശലക്ഷം ടൺ ഹിമം വെള്ളമായി മാറി. ജർമനിയിലെ ആൽഫ്രഡ് വേഗനർ ഇൻസ്റ്റിറ്റ്യൂട്ടിലെ ഗവേഷകരാണ് ആഗോള താപനത്തിന്റെ ഭീതിജനകമായ മുഖം അനാവരണം ചെയ്യുന്ന ഈ പഠനം നടത്തിയത്.
സാറ്റലൈറ്റ് രേഖകളെ ആശ്രയിച്ച് പൂർത്തിയാക്കിയ ഈ പഠനമനുസരിച്ച് കഴിഞ്ഞ 17 വർഷത്തെ മഞ്ഞുരുകൽ ശരാശരിയുടെ ഇരട്ടിയിലേറെയാണ് 2019 ൽ ഉണ്ടായത്. ഉരുകുന്ന മഞ്ഞിന്റെ 2003 മുതലുള്ള വാർഷിക ശരാശരി 255 ബില്യൺ ടൺ മാത്രമായിരുന്നു എന്നും ഗവേഷകർ പറയുന്നു.
1992 നും 2015 നും ഇടയിൽ 3600 ഗിഗാടൺ ഹിമം ഗ്രീൻലാന്റിൽ ഉരുകി വെള്ളമായി എന്നാണ് ശാസ്ത്രജ്ഞർ കണക്കാക്കുന്നത്. ഇതു കൊണ്ടു മാത്രം 10 മില്ലീമീറ്ററെങ്കിലും ആഗോള സമുദ്ര വിതാനം ഉയർന്നിട്ടുണ്ടത്രേ.
ഗ്രീൻലാന്റിലെ മഞ്ഞുരുകുമ്പോൾ ഇങ്ങ് കൊച്ചിയിലുള്ളവർ പോലും ആശങ്കപ്പെടണം എന്നാണ് റിപ്പോർട് നൽകുന്ന സൂചന.