തിരുവനന്തപുരം : ഐക്യജനാധിപത്യ മുന്നണി നേതൃത്വം സമരം ശക്തിപ്പെടുത്തുകയാണ്. നിയമസഭയിലേക്ക് ഏറ്റുമുട്ടൽ കേന്ദ്രീകരിക്കാനുള്ള തന്ത്രങ്ങൾ രൂപീകരിച്ചു കഴിഞ്ഞു. സ്പീക്കർക്കും മുഖ്യമന്ത്രിക്കും എതിരെ അവിശ്വാസപ്രമേയം കൊണ്ടുവരാനാണ് തീരുമാനം. മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറി ആയിരുന്ന എം ശിവശങ്കരന് സ്വർണക്കടത്തിലെ മുഖ്യപ്രതികളായ സ്വപ്ന സുരേഷും സന്ദീപ് നായരുമായുള്ള ബന്ധം തെളിയിക്കുന്ന രേഖകൾ സന്ദീപ് നായരുടെ വീട്ടിൽ നടത്തിയ റെയ്ഡിൽ കസ്റ്റംസ് പിടിച്ചെടുത്തിരുന്നു. ഇത്രയും ഗുരുതരമായ കുറ്റകൃത്യം രാജ്യത്തിൻറെ ചരിത്രത്തിൽ ആദ്യമായി ഒരു മുഖ്യമന്ത്രിയുടെ ഓഫീസ് കേന്ദ്രീകരിച്ച് സംഭവിച്ചിട്ടും അതിൽപെട്ടു നിൽക്കുന്ന പ്രിൻസിപ്പൽ സെക്രട്ടറിക്കെതിരെ നടപടിയെടുക്കാതെ സംരക്ഷിക്കുന്നത് മുഖ്യമന്ത്രിതന്നെ സംഭവത്തിൽ പങ്കുള്ളതുകൊണ്ടാണ് എന്ന ആരോപണമാണ് യുഡിഎഫ് ഉയർത്തുന്നത്. മുഖ്യപ്രതികളിലൊരാളായ സന്ദീപ് നായരുടെ നെടുമങ്ങാടുള്ള കാർബൺ ഡോക്ടർ എന്ന സ്ഥാപനത്തിൻറെ ഉദ്ഘാടനം നിർവഹിച്ചത് സ്പീക്കർ ശ്രീരാമകൃഷ്ണൻ ആയിരുന്നു. വ്യക്തിപരമായ അടുപ്പം ഉള്ളതുകൊണ്ടാണ് സ്വകാര്യവ്യക്തിയുടെ സ്ഥാപനത്തിൻറെ ഉദ്ഘാടനത്തിന് പോയത് എന്ന് ചൂണ്ടിക്കാട്ടിയാണ് യുഡിഎഫ് ആക്രമണം. കള്ളക്കടത്ത് സംഘവുമായി ശിവശങ്കരൻ നേരിട്ട് ബന്ധപ്പെട്ടിരുന്നുവെന്ന് തെളിവുകൾ കസ്റ്റംസ് ശേഖരിച്ചിട്ടുണ്ട്. സംശയത്തിന് കരിനിഴലിൽ മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറി വന്നുപെട്ട സാഹചര്യത്തിൽ പോലും അച്ചടക്ക നടപടിയുമായി സർക്കാർ മുന്നോട്ടു വരാത്തതിൽ ആണ് ഇപ്പോൾ വിമർശനം കേന്ദ്രീകരിച്ചിരിക്കുന്നത്. ബിജെപി സംസ്ഥാന പ്രസിഡണ്ട് കെ. സുരേന്ദ്രനും ഈ വശങ്ങൾ ചൂണ്ടിക്കാട്ടി രംഗത്തുവന്നിട്ടുണ്ട്.
