ന്യൂഡൽഹി: ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിലെ ഭരണവും നടത്തിപ്പും സംബന്ധിച്ച് കേരള ഹൈക്കോടതി പുറപ്പെടുവിച്ച വിധിക്കെതിരെ തിരുവിതാംകൂർ രാജകുടുംബം ഫയൽചെയ്ത അപ്പീൽ ഹർജി സുപ്രീം കോടതി അംഗീകരിച്ചു. പരമ്പരാഗതമായി രാജകുടുംബത്തിൽ ഉള്ള അവകാശങ്ങൾ ക്ഷേത്രത്തിൽ അനുവദിച്ചു കൊണ്ടാണ് അപ്പീലിൽ വിധി. ക്ഷേത്ര ഭരണത്തിന് രാജകുടുംബത്തെ കൂടി ഉൾപ്പെടുത്തി കൊണ്ടുള്ള സ്ഥിരം സമിതിക്കാണ് സുപ്രീംകോടതി വിധിച്ചിരിക്കുന്നത്. സമിതി നിലവിൽ വരുന്നതുവരെ ജില്ലാ ജഡ്ജിയുടെ മേൽനോട്ടത്തിൽ ക്ഷേത്രഭരണം നിർവഹിക്കുവാനാണ് വിധിയിൽ പറയുന്നത്.
ക്ഷേത്രത്തിൻറെ സുഗമമായ നടത്തിപ്പിനായി രണ്ട് സമിതികൾ രൂപീകരിക്കാൻ സുപ്രീം കോടതി ഉത്തരവിട്ടു. ആദ്യത്തേത് ക്ഷേത്രത്തിൻറെ ഭരണസമിതിയാണ്. ഇതിൻറെ അധ്യക്ഷൻ ജില്ലാ ജഡ്ജി ആയിരിക്കും. തിരുവിതാംകൂർ രാജകുടുംബത്തിലെ ഏറ്റവും മുതിർന്ന ട്രസ്റ്റിയുടെ പ്രതിനിധി, ക്ഷേത്രം മുഖ്യ തന്ത്രി, കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ ഓരോ പ്രതിനിധികൾ ഇവർ ഉൾപ്പെട്ടതാണ് ഭരണസമിതി. ഭരണസമിതിയെ സഹായിക്കുവാൻ ഉപദേശക സമിതിയും രൂപീകരിക്കപ്പെടും. ക്ഷേത്രത്തിൻറെ ആസ്തികൾ കണ്ടെടുക്കുക, അവ ക്ഷേത്രത്തിൻറെ ഭാഗമാക്കുക, ക്ഷേത്ര സ്വത്തുക്കൾ സംരക്ഷിക്കുക ഇവയെല്ലാം രൂപീകരിക്കപ്പെടുന്ന സമിതികളുടെ ചുമതല ആയിരിക്കും. സമിതി നിലവിൽ വരുന്നതുവരെ വരെ ജില്ലാ ജഡ്ജിയ്ക്കായിരിക്കും ഈ ചുമതലകൾ.
ക്ഷേത്രത്തിലെ നിലവറകളിൽ കോടിക്കണക്കിന് രൂപ വിലവരുന്ന അപൂർവ രത്നങ്ങളും സ്വത്തുവകകളും സൂക്ഷിച്ചിട്ടുണ്ട്. ഇതിലെ ബി നിലവറ തുറക്കുവാൻ പാടില്ല എന്നും തുറന്നാൽ രാജകുടുംബത്തിനും ജനങ്ങൾക്കും അതും വലിയ ദോഷങ്ങൾ സംഭവിക്കുമെന്നും ആയിരുന്നു ക്ഷേത്ര വിശ്വാസം. പുതിയ ഭരണസമിതിയ്ക്ക് ഇതുസംബന്ധിച്ച തീരുമാനം എടുക്കാം എന്ന് സുപ്രീം കോടതി വിധിച്ചിട്ടുണ്ട്.
1991 ൽ തിരുവിതാംകൂർ രാജാവ് മരണമടഞ്ഞതോടെ ക്ഷേത്രഭരണത്തിൽ ഉള്ള അവകാശം രാജകുടുംബത്തിന് നഷ്ടമായി എന്നായിരുന്നു ഹൈക്കോടതിയുടെ കണ്ടെത്തൽ. സുപ്രീം കോടതി ഇത് തള്ളിക്കളഞ്ഞിരിക്കുകയാണ്. ദേവ കാര്യങ്ങൾ നടത്തുന്നതിനുള്ള കടമ ചുമതലപ്പെട്ട ആളുടെ മരണത്തോടുകൂടി ഇല്ലാതാകുന്നില്ല എന്ന് സുപ്രീം കോടതി നിരീക്ഷിച്ചു. അനന്തര അവകാശയിലേക്ക് ഈ ചുമതലകൾ കൈമാറപ്പെടുന്നു എന്നുള്ളതാണ് ബ്രിട്ടീഷ് കാലഘട്ടം മുതൽ പ്രിവി കൗൺസിലിന്റേയും സുപ്രീംകോടതിയുടെയും നിരവധി വിധികൾ.
ജസ്റ്റിസ് യു യു ലളിത്, ഇന്ദു മൽഹോത്രഎന്നിവരുൾപ്പെട്ട ബഞ്ചാണ് വിധി പറഞ്ഞത്.



