ന്യൂഡല്‍ഹി: കൊവിഡ് 19 നേക്കാള്‍ മാരകമായ അജ്ഞാത ന്യുമോണിയ കസാക്കിസ്ഥാനില്‍ പടര്‍ന്നുപിടിക്കുന്നുണ്ടെന്ന മുന്നറിയിപ്പുമായി ചൈന. ഈ വര്‍ഷത്തെ ആദ്യ ആറ് മാസത്തിനുള്ളില്‍ 1,772 പേരാണ് ഇവിടെ ഈ രോഗം ബാധിച്ച് മരിച്ചത്. ജൂണില്‍ മാത്രം മരണത്തിന് കീഴടങ്ങിയത് 628പേരാണ്.
കൊവിഡിനേക്കാള്‍ വളരെ ഉയര്‍ന്ന മരണനിരക്ക് രേഖപ്പെടുത്തുന്ന മാരക രോഗമാണ് ഇവിടെ വ്യാപിക്കുന്നതെന്ന് ചൈന വ്യക്തമാക്കി.
ചൈനീസ് പൗരന്മാര്‍ക്ക് കസാക്കിസ്ഥാനിലെ ചൈനീസ് എംബസി ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്. കസാക്കിസ്ഥാന്‍ ആരോഗ്യവകുപ്പ് ഉള്‍പ്പെടെ പല സംഘടനകളും ന്യൂമോണിയ വൈറസിനെ കണ്ടെത്താന്‍ പഠനം തുടങ്ങിയിട്ടുണ്ടെന്നും എംബസി വെളിപ്പെടുത്തി. ഈ രോഗത്തിന് കൊവിഡുമായി എന്തെങ്കിലും ബന്ധമുണ്ടോ എന്ന് വ്യക്തമല്ല. ന്യൂമോണിയ ചൈനയിലേക്ക് പടരാതിരിക്കാന്‍ വേണ്ട നടപടികള്‍ സ്വീകരിക്കണമെന്ന് ചൈനീസ് വിദഗ്ധര്‍ പറഞ്ഞു. ചൈനയുടെ വടക്കുപടിഞ്ഞാറന്‍ സിന്‍ജിയാംഗ് ഉയ്ഗൂര്‍ സ്വയംഭരണപ്രദേശത്തിന്റെ അതിര്‍ത്തിയാണ് കസാക്കിസ്ഥാന്‍.
അതേസമയം, രാജ്യത്ത് അജ്ഞാത ന്യുമോണിയ പടര്‍ന്നുപിടിക്കുന്നെന്ന് ചൂണ്ടിക്കാട്ടി ചൈനീസ് മാധ്യമങ്ങള്‍ നല്‍കിയ വാര്‍ത്ത അടിസ്ഥാനരഹിതമാണെന്ന് കസാക്കിസ്ഥാന്‍ ആരോഗ്യമന്ത്രാലയം അറിയിച്ചു.



